വയനാട്ടിൽ തുലാവർഷത്തിൻ്റെ വരവോടെ ആശ്വാസം, താപനിലയിൽ കുറവ്, ബത്തേരിയിൽ 92 മി.മീ മഴ


വയനാട്ടിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിച്ചതോടെ ജില്ലയിലെ പകൽ താപനിലയിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയതായി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയുടെ കാലാവസ്ഥാ നിരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നു. 

ഒക്ടോബർ 17 വരെ ജില്ലയിലെ ശരാശരി പരമാവധി താപനില 29.8°C ആയിരുന്നെങ്കിൽ, തുലാവർഷത്തിന്റെ വരവോടെ അടുത്ത ദിവസം ഇത് 28.3°C ആയി താഴ്ന്നു. ഒക്ടോബർ ആദ്യ 17 ദിവസങ്ങളിൽ 8 ദിവസവും ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചതിനാൽ താപനിലയിൽ ആശ്വാസകരമായ മാറ്റമാണ് അനുഭവപ്പെട്ടത്.

തുറസ്സായ സ്ഥലങ്ങളിലെ മണ്ണിൻ്റെ താപനിലയിലും (Soil temperature) കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഹ്യൂം സെന്റർ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. മുൻപ് ശരാശരി 30°C ആയിരുന്ന മൺ താപനില 4 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ് 26°C ലേക്ക് എത്തി.

ഒക്ടോബർ 15 രാത്രിയിൽ സുൽത്താൻ ബത്തേരി, നൂൽപ്പുഴ, നെൻമേനി, മാനന്തവാടി, കോട്ടത്തറ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കുറഞ്ഞ സമയത്തിനുള്ളിൽ ശരാശരി 70 മില്ലീമീറ്ററിലധികം മഴയാണ് ഈയിടങ്ങളിൽ ലഭിച്ചത്. ഇതിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ബത്തേരി പൊകലമാളം പ്രദേശത്താണ് (92 മി.മീ).

എങ്കിലും, കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഇത്തരം മഴ ഭൂഗർഭ ജലക്ഷാമം പരിഹരിക്കാൻ കാര്യമായി സഹായിക്കില്ല. ഇത്തരം ശക്തമായ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് പകരം ഉപരിതലത്തിലൂടെ വേഗത്തിൽ ഒഴുകിപ്പോവുകയാണ് ചെയ്യുന്നത്. വടക്കുകിഴക്കൻ മൺസൂണിന്റെ ഭാഗമായി വയനാട്ടിൽ അടുത്ത 10 ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ തുടരാൻ സാധ്യതയുണ്ടെന്നും ഹ്യൂം സെന്ററിന്റെ വിലയിരുത്തലുകൾ വ്യക്തമാക്കുന്നു.