ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത.



സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്.‌ മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവിൽ നിൽക്കുമ്പോഴും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് വന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ ദീർഘകാല കരാർ വഴി ലഭ്യമാകേണ്ടിയിരുന്ന 270 MW വൈദ്യുതിയും, മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമല്ല. എന്നാൽ നിരന്തരവും ഊർജ്ജിതവുമായ ശ്രമത്തെത്തുടർന്ന് GRIDCO നിന്നും 50 MW വൈദ്യുതി ഇന്ന് അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറയുകയുണ്ടായി.