പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ....



2026  സെപ്റ്റംബര്‍ 23 | ബുധന്‍ 
1202  കന്നി 7 | തിരുവോണം
1448  റ:ആഖിർ 11


◾  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. പോലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുന്‍കൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിര്‍ണായക നിര്‍ദേശം.

◾  യുഎന്നില്‍ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീഴുമെന്നും ക്യൂബയിലെ ഭരണമാറ്റം അനിവാര്യമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ്. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.   തന്റെ ഇടപെടല്‍ കാരണം 3 കോടി ആളുകളുടെ ജീവന്‍ രക്ഷിച്ചെന്ന് പാക് പ്രധാനമന്ത്രി നന്ദിക്കത്തില്‍ അറിയിച്ചെന്നുമാണ് അവകാശവാദം. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വൈകാരികമായ വിടവാങ്ങല്‍ പ്രസംഗത്തോടെയാണ് 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലിക്ക് തുടക്കമായത്.

◾  മോദിയും ഇഡിയും വി.ഡി. സതീശനും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇ ഡി യുടെ രാഷ്ട്രീയ വേട്ടയ്ക്കാണ് യു ഡി എഫ് കുടപിടിക്കുന്നത്. കൊ ലി ബി സഖ്യകാലം മുതല്‍ പ്രകടമായ ബി ജെ പി - യു ഡി എഫ് കൂട്ടുകെട്ടാണ് സംസ്ഥാനത്തുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾  ഇഡി ശുപാര്‍ശയനുരിച്ച് പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി പറഞ്ഞു.

◾  ചിറയിന്‍കീഴില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് താക്കീതു ചെയ്തു. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിര്‍ദേശം നല്‍കി. മണ്ഡലം കമ്മിറ്റിയും എംഎല്‍എയും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ഇനി ഒരു പ്രതികരണവും പാടില്ലെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും കെപിസിസി നിര്‍ദേശിച്ചു.

◾  ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. നടന്‍ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് ഏറ്റുവാങ്ങി. ഭ്രമയുഗത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാര ജേതാവാക്കിയത്. കാര്‍ത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന നടന്‍ അനന്ത് നാഗ് ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിയാണ് ഏറ്റുവാങ്ങിയത്. പുരസ്‌കാരം വാങ്ങാനെത്തിയ വിജയലക്ഷ്മിയെ സദസ് എഴുന്നേറ്റ് നിന്ന് ആദരിച്ചു.



◾  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിന് ഉടന്‍ വൈദ്യുതി കിട്ടില്ല. കെ.എസ്.ഇ.ബി. ഡയറക്ടര്‍മാര്‍ ഡല്‍ഹി, യു.പി., ഒഡിഷ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ ഫലമുണ്ടായില്ല. ഉത്തരേന്ത്യന്‍ പര്യടനത്തിലുള്ള ഡയറക്ടര്‍മാര്‍ 25-ന് തിരിച്ചെത്തും. 26-ന് കേന്ദ്ര ഊര്‍ജ സെക്രട്ടറി പങ്കെടുക്കുന്ന അവലോകനയോഗം നടക്കും.

◾  ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂന മര്‍ദ്ദം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇന്നു രാത്രി വടക്കന്‍ ആന്ധ്രാപ്രദേശ് തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്കിടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദമായി കരതൊടും. കേരളത്തില്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.

◾  അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷ താല്‍കാലികമായി മരവിപ്പിക്കണമെന്ന മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ രണ്ടു ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശം.

◾  തൃശൂര്‍ പുതുക്കാട് പൊലീസ് യുവാക്കളെ ജീപ്പിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്റെ അമ്മ പ്രസന്ന. ജീപ്പിടിച്ച പൊലീസുകാര്‍ അക്കാര്യം സംസാരിക്കുന്ന ഓഡിയോ സന്ദേശവും ഇവര്‍ പുറത്തുവിട്ടു. സംഭവത്തില്‍ നാലു പൊലീസുകാരെ സസ്പന്റ് ചെയ്തെങ്കിലും കേസെടുത്തിരുന്നില്ല. കഴിഞ്ഞ ജൂലൈ പത്തൊമ്പതിന് ലോകകപ്പ് ഫൈനല്‍ ദിനത്തിലാണ് മൂന്നു യുവാക്കളെ ജീപ്പിടിപ്പിച്ചത്.

◾  വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രതികള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.


◾  പൊതുഭരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് തദ്ദേശ മന്ത്രി കെ എം ഷാജി റെഞ്ച് റോവര്‍ കാര്‍ ഔദ്യോഗിക കാറായി ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കാന്‍ കെ എം ഷാജിക്ക് അനുമതി നല്‍കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.

◾  തലശ്ശേരിയില്‍ 185 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടര്‍ച്ചയായി പിടിയിലായ 2 വിദേശയുവതികള്‍ എംഡിഎംഎ നിര്‍മാതാക്കളാണെന്നു പോലീസ്. ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്ത നൈജീരിയ സ്വദേശിനി ചിനെലോ ലിലിയന്‍ (36), കാമറൂണ്‍ സ്വദേശിനി ഫിലോമെനെ ചിനെലോ ലിലിയന്‍ (36), കാമറൂണ്‍ സ്വദേശിനി ഫിലോമെനെ ചാന്‍സെലിന്‍ (30) എന്നിവരെ കണ്ണൂരിലെത്തിച്ചു.

◾  തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 87.68 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 30 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26 നാണ് നടക്കുന്നത്. സര്‍ക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഇത്തവണത്തെ ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്.

◾  കാലാവര്‍ഷക്കെടുതി, ഇഎസ്എ വിഷയങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾  ബ്രസീലിലെ ചൂര മീനില്‍ വിരകളെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്കിടെ ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്ന് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. ഇന്ത്യയില്‍ പിടിക്കപ്പെടുന്ന മത്സ്യങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന വിരകളുടെ ഭീഷണിയില്ല. ശരിയായ രീതിയില്‍ വൃത്തിയാക്കി വേവിച്ച് ഇവ സുരക്ഷിതമായി കഴിക്കാമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.


◾  ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകള്‍ക്ക് ഇന്നു പ്രാദേശിക അവധി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകള്‍ക്കാണ്  അവധി.

◾  തിരുവനന്തപുരം വെങ്ങാനൂര്‍ എസ് ബി ഐ ബാങ്കിന് മുന്നില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന പണം റോഡില്‍ ചിതറി വീണു. അപകടത്തില്‍ റിട്ടയേര്‍ഡ് എ.എസ്.ഐ  പ്രഭാകരന്‍ നായര്‍ക്ക് (72), വാഴിച്ചല്‍ സ്വദേശി ശരത്ത് (35) എന്നിവര്‍ക്കു പരിക്കേറ്റു. വ്യാപാരിയായ പ്രഭാകരന്‍ നായര്‍ ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുപോയ ഒന്നര ലക്ഷത്തോളം രൂപയാണ് അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണത്. ഓടിക്കൂടിയ നാട്ടുകാര്‍ പണം ശേഖരിച്ച് പോലീസിനെ ഏല്‍പ്പിച്ചു.

◾  വിനോദയാത്രക്കിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയില്‍ ഇറങ്ങിയ വിനോദയാത്രക്കെത്തിയവരെയാണ് ആന ആക്രമിച്ചത്.

◾  2029 ഡിസംബര്‍ 31 നകം രാജ്യത്തെ മയക്കുമരുന്ന് വ്യാപാരം വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലഹരിമരുന്ന് പിടിച്ചെടുക്കുന്നതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയില്‍ നിന്ന് മാറി, കടത്ത് ശൃംഖലകളെയാകെ തകര്‍ക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

◾  വന്ദേമാതരം രണ്ടു ചരണം മാത്രം ആലപിക്കുന്നതു പാര്‍ലമെന്റ് പാസാക്കിയ നിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് കത്തയച്ചു. സെപ്തംബര്‍ എട്ടിനു സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

◾  ആന്ധ്രാപ്രദേശില്‍ ഗണേശോത്സവത്തോടനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറില്‍ വീണ് സ്ത്രീ മരിച്ചു. വിജയവാഡയില്‍ സുജാത (46)യാണ് മരിച്ചത്.

◾  ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ 4 മുതല്‍ ഒക്ടോബര്‍ 10 വരെ ഏഴ് ദിവസത്തേക്കാണു ജാമ്യം.

◾  ബിഹാറിലെ ജാമുയി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ആളുകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാനപ്രതിയായ നന്ദന്‍ യാദവ് കസ്റ്റഡിയില്‍.  ഏറ്റുമുട്ടലിലൂടെ വെടിവച്ചു വീഴ്ത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്.

◾  സദാചാര പൊലീസിംഗ് കുറച്ചുകൂടി മര്യാദയോടും മാന്യമായും ചെയ്യാമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും മുന്‍ ഷൂട്ടിംഗ് താരവും ബിഹാര്‍ മന്ത്രിയുമായ ശ്രേയസി സിംഗ്. തിങ്കളാഴ്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും സുഹൃത്തിനേയും റോഡരികില്‍ വച്ച് ഒരു സംഘം ആക്രമിച്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വനിതാ മന്ത്രിയുടെ വിവാദ പരാമര്‍ശം.

◾  ജപ്പാനില്‍ ഡുജുആന്‍ ചുഴലിക്കാറ്റില്‍ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേര്‍ കൊല്ലപ്പെട്ടു. 22 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മുന്നൂറോളം വിമാനങ്ങള്‍ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 50,000 വീടുകളില്‍ വൈദ്യുതി മുടങ്ങി.

◾  അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകി. ആക്രമണമുണ്ടായാല്‍ എവിടെയും എത്തിച്ചേരാന്‍ ശേഷിയുള്ള മിസൈലുകള്‍ കൈവശമുണ്ടെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കി.

◾  കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ലെജന്‍ഡ്സും തമ്മിലുള്ള ഫുട്ബോള്‍ മത്സരം. കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം. വാഹനം പാര്‍ക്കിംഗിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

◾  ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ഒന്നാം ഏകദിനത്തിനായി ഇരു ടീമുകളും ഇന്നു തിരുവനന്തപുരത്തെത്തും.  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. ഇന്ത്യന്‍ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും, വെസ്റ്റ് ഇന്‍ഡീസ് ടീമിനായി ഹയാത്ത് റീജന്‍സിയിലുമാണ് താമസസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

◾  ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഗോള്‍ മഴയുമായി ഇന്ത്യ. പൂള്‍ എ മത്സരത്തില്‍ ഒന്നിനെതിരേ 16 ഗോളുകള്‍ക്ക് ശ്രീലങ്കയെയയാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ജുഗ്രാജ് സിങ് നാല് ഗോള്‍ നേടിയപ്പോള്‍ അഭിഷേകും ദില്‍പ്രീതും ഹാട്രിക് നേടി. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.

◾  യുഎഇയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ. രണ്ട് പേയ്മെന്റ് ലൈസന്‍സുകള്‍ക്കായി യുഎഇ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് കമ്പനിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റീറ്റെയില്‍ പേയ്മെന്റ് സര്‍വീസസ് ആന്‍ഡ് കാര്‍ഡ് സ്‌കീംസ്, സ്റ്റോര്‍ഡ് വാല്യു ഫെസിലിറ്റീസ് എന്നീ ലൈസന്‍സുകള്‍ക്കാണ് അനുമതി ലഭിച്ചത്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഫോണ്‍പേ അന്തിമ നിയന്ത്രണാനുമതി നേടേണ്ടതുണ്ട്. അന്തിമ അനുമതി ലഭിച്ചശേഷം യുഎഇയിലെ ബാങ്കുകള്‍, ലൈസന്‍സുള്ള പേയ്മെന്റ് സേവനദാതാക്കള്‍, പ്രാദേശിക സാങ്കേതികവിദ്യാ കമ്പനികള്‍ എന്നിവയുമായി സഹകരിക്കുമെന്ന് ഫോണ്‍പേ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 70 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും അഞ്ച് കോടി വ്യാപാരികളുമാണ് ഫോണ്‍പേയ്ക്കുള്ളത്.

◾  വോയ്‌സ്, എസ്എംഎസ് സൗകര്യം മാത്രമുള്ള സ്‌പെഷ്യല്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ നിര്‍ദേശം. ഡാറ്റാ സേവനം ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വോയ്‌സ്, എസ്എംഎസ് സൗകര്യം ലഭിക്കാന്‍ സഹായിക്കുന്ന വിധം പ്ലാനുകള്‍ അവതരിപ്പിക്കാനാണ് ട്രായി നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തില്‍ ട്രായി ഭേദഗതി വരുത്തി. പുതിയ വ്യവസ്ഥ അനുസരിച്ച് 30 ദിവസവും അതില്‍ കുറവുമുള്ള വാലിഡിറ്റി കാലയളവുകളിലേക്ക് ഈ പ്ലാനുകള്‍ നിര്‍ബന്ധമാണ്. കൂടാതെ എല്ലാ മാസവും ഒരേ തീയതിയില്‍ വൗച്ചര്‍ പുതുക്കാനുള്ള ഓപ്ഷനും ടെലികോം കമ്പനികള്‍ നല്‍കേണ്ടതുണ്ട്. ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 20 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.

◾  വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയാര്‍ദ്ര ഗാനം 'ഏന്‍തയ്യ സാമി...' പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16-നാണ് 'രണബാലി'യുടെ വേള്‍ഡ് വൈഡ് റിലീസ്. ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഓരോ ഭാഷയിലും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാര്‍ത്തിക്കും ചേര്‍ന്നാണ്. ഹിന്ദിയില്‍ ശ്വേത മോഹനും ജാവേദ് അലിയും ചേര്‍ന്നാണ്.

◾  രമേഷ് വര്‍മ്മ ഒരുക്കുന്ന 'മഹാവീര്‍ കര്‍ണ്ണ' യില്‍ കര്‍ണ്ണന്‍ ആയി എത്തുന്നത് രാഘവ ലോറന്‍സ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ 'രാക്ഷസുഡു', 'ഖിലാഡി' തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏകദേശം 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന 'മഹാവീര്‍ കര്‍ണ്ണ' തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വലിയ കാന്‍വാസില്‍ പ്രത്യേകം നിര്‍മ്മിച്ച സെറ്റുകള്‍, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍, വിശാലമായ ആക്ഷന്‍ രംഗങ്ങള്‍, യുദ്ധരംഗങ്ങള്‍, വിഷ്വല്‍ എഫക്റ്റ്സ് എന്നിവയെല്ലാം ചിത്രത്തിന്റെ ഭാഗമാകും. മഹാഭാരതത്തിലെ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മാനുഷിക വശങ്ങള്‍ക്കും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടാകും. 2027 ലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350യുടെ പുതിയ സിഗ്നേച്ചര്‍ വൈറ്റ് എഡിഷന്‍ പുറത്തിറക്കി. 2.24 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന വേരിയന്റുകളില്‍ ഒന്നായാണ് ഇത് അവതരിപ്പിച്ചത്. ഇതിന്റെ ഫ്യുവല്‍ ടാങ്കും സൈഡ് പാനലുകളും വെള്ള നിറത്തിലാണ് നല്‍കിയിരിക്കുന്നത്. ഇതിന് മാറ്റ് കൂട്ടാനായി കറുത്ത വരകളും നല്‍കിയിട്ടുണ്ട്. ഫെന്‍ഡറുകള്‍ കറുപ്പ് നിറത്തിലാണ് തിളങ്ങുന്നത്. പ്രീമിയം ബ്രൗണ്‍ ടൂറിങ് സീറ്റുകളും സൈഡ് പാനലില്‍ പുതിയ ക്ലാസിക് ലോഗോയും ഫ്യുവല്‍ ടാങ്കില്‍ സ്റ്റെന്‍സില്‍ ശൈലിയിലുള്ള ഡെക്കാലുമാണ് മറ്റു ഫീച്ചറുകള്‍. ഇരുവശങ്ങളിലും റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജുകളും കൊടുത്തിട്ടുണ്ട്. അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ച്, അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ടും ട്രിപ്പര്‍ പോഡും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

◾  കൂട്ടംകൂടിയുള്ള യാത്രകളില്‍നിന്ന് ഏകാന്തപഥികനായുള്ള ഒരു ബാക്ക്പാക്ക് ട്രിപ്പിലേക്കുള്ള കൂടുമാറ്റത്തിന്റെ ഹൃദയസ്പര്‍ശിയായ രേഖപ്പെടുത്തല്‍. മൊറോക്കോയിലെ ഇബ്‌നു ബത്തൂത്തയുടെ അന്ത്യവിശ്രമഭൂമിയില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്കും ബെര്‍ലിന്‍ മതിലിലെ വിഭജനമുറിവിലേക്കും പാരീസിലെ തെരുവുകളിലേക്കും റൂമിയുടെ വെളിപാടുകളിലേക്കും നിലാവുദിച്ചുനില്‍ക്കുന്ന ഈജിപ്തിലെ പിരമിഡുകളുടെ കാഴ്ചയിലേക്കും ഈ വിവരണങ്ങള്‍ സഞ്ചരിക്കുന്നു. യാത്രയെന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലെന്നും, വഴിയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരും അവരുടെ സ്‌നേഹവും സംസ്‌കാരവും കൂടിയാണെന്നും ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു. 'സിനമണ്‍ തെരുവ്'. മന്‍സൂര്‍ അഹമ്മദ്. മാതൃഭൂമി. വില 178 രൂപ.

◾  ചൂടു ചായയ്ക്കൊപ്പം സിഗരറ്റും ഉപയോഗിക്കുന്നത് അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ചൂടു തട്ടുമ്പോള്‍ അന്നനാളത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കള്‍ കൂടി ചേരുമ്പോള്‍ കോശങ്ങള്‍ നശിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. സിഗരറ്റ് ശ്വാസകോശ അര്‍ബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളില്‍ വീക്കം ഉണ്ടാക്കും. സിഗരറ്റ് വലിക്കുന്നതിലൂടെ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ അപകടകരമായ രാസവസ്തുക്കള്‍ തൊണ്ടയില്‍ എത്തും. ഇതിനൊപ്പം ചൂടുള്ള ചായ കൂടി കുടിക്കുമ്പോള്‍, തൊണ്ടയിലെ കോശങ്ങള്‍ വേഗത്തില്‍ നശിക്കുന്നു. ഇത് തൊണ്ടയില്‍ സ്ഥിരമായ നീര്‍ക്കെട്ടിനും ശബ്ദ മാറ്റങ്ങള്‍ക്കും കാലക്രമേണ കാന്‍സറിനും കാരണമാകും. പുകയിലയിലെ നിക്കോട്ടിനും ചായയിലെ കഫീനും ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂട്ടും. ഇത് ധമനികളിലെ രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും. പുകവലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും അത് ഓര്‍മശക്തിയെയും ബുദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ വിചാരം താന്‍ വലിയ പണ്ഡിതനാണെന്നാണ്. തന്റെ അറിവിനും ബുദ്ധിക്കും മുന്നില്‍ മറ്റുള്ളവരെല്ലാം നിസ്സാരന്മാരാണെന്ന് അയാള്‍ കരുതി. ഒരിക്കല്‍ കത്തിച്ച തിരിയുമായി വന്ന ഒരു കുട്ടിയോട് അയാള്‍ ചോദിച്ചു:''ഈ വെളിച്ചം എവിടെ നിന്നാണ് വരുന്നതെന്ന് നിനക്കറിയാമോ?''കുട്ടി ഒന്നും പറയാതെ ആ തിരി ഊതിക്കെടുത്തി. എന്നിട്ട് അയാളോട് ചോദിച്ചു:''ഈ വെളിച്ചം ഇപ്പോള്‍ എങ്ങോട്ടാണ് പോയതെന്ന് പറയാമോ? അതിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞാല്‍ അങ്ങ് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഞാനും പറയാം.''അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. തല കുനിച്ച് അവിടെനിന്ന് നടന്നുപോയി. ഒരാളുടെ ഈഗോ തകര്‍ന്നുവീഴുന്ന നിമിഷങ്ങളിലാണ് അയാള്‍ യഥാര്‍ത്ഥത്തില്‍ തന്നെത്തന്നെ തിരിച്ചറിയാന്‍ തുടങ്ങുന്നത്. സ്വയം ബഹുമാനിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ ആ ബഹുമാനം പതിയെ സ്വയം പുകഴ്ത്തലായി മാറുമ്പോള്‍, അത് മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നും.സ്വന്തം ശ്രേഷ്ഠതയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ചില  തെറ്റിദ്ധാരണകളുണ്ട്. എല്ലാവരും തന്നെ ബഹുമാനിക്കണം. തനിക്ക് താഴെയുള്ളവരെ എളുപ്പത്തില്‍ തോല്‍പ്പിക്കാം. തന്നെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടില്ല. ഇത്തരം മിഥ്യാധാരണകള്‍ കൊണ്ട് അവര്‍ തങ്ങള്‍ക്കുചുറ്റും ആത്മപ്രേമത്തിന്റെ ഒരു ചീട്ടുകൊട്ടാരം പണിയും. പക്ഷേ, ആ കൊട്ടാരം തകര്‍ക്കാന്‍ ചിലപ്പോള്‍ അവര്‍ നിസ്സാരരെന്ന് കരുതിയ ഒരാള്‍ മാത്രം മതിയാകും. ആനയെ തളര്‍ത്താന്‍ ചിലപ്പോള്‍ ഒരു ഉറുമ്പിന്റെ ശക്തി മതി. ചില പരാജയങ്ങളിലൂടെ കടന്നുപോകുന്നത് നല്ലതാണ്. കാരണം, താന്‍ വലിയ ശക്തിയെന്ന് കരുതിയിരുന്ന പലതും കണ്‍മുന്നില്‍ തകര്‍ന്നുവീഴുന്നത് കാണുമ്പോഴാണ്, താന്‍ നിസ്സാരമെന്ന് വിലയിരുത്തിയ ചിലതിന്റെ യഥാര്‍ത്ഥ മഹത്വം തിരിച്ചറിയുന്നത്. സ്വന്തം പേരും പെരുമയും മാത്രം നിലനിര്‍ത്താന്‍ കത്തുന്ന നാളങ്ങള്‍ ഒരു ചെറുകാറ്റില്‍ പോലും അണഞ്ഞുപോകും. പക്ഷേ, മറ്റാര്‍ക്കെങ്കിലും വെളിച്ചം പകര്‍ന്നിട്ടുള്ള നാളങ്ങള്‍ അണയാതിരിക്കാന്‍ ആരെങ്കിലുമൊക്കെ ശ്രമിച്ചുകൊണ്ടേയിരിക്കും. കാരണം, സ്വന്തം പ്രകാശത്തില്‍ മാത്രം അഭിമാനിച്ചവരെക്കാള്‍, മറ്റുള്ളവരുടെ ഇരുട്ടകറ്റിയവരുടെ വെളിച്ചത്തിനാണ് ആയുസ്സ് കൂടുതല്‍. - ശുഭദിനം.