കുടിവെള്ളം മുതൽ ഡിജിറ്റൽ പാർക്കിങ് സംവിധാനം വരെ; ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി


എരുമേലിയിലെ അയ്യപ്പക്ഷേത്രം
ഉൾപ്പെടെ ശബരിമല തീർഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി. തീർഥാടകരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

 ശബരിമലയിൽ ഭസ്‌മം, സിന്ദൂരം, ചന്ദനം എന്നിവ പ്രയോഗിക്കുന്നതിന് തീർഥാടകരിൽ നിന്ന് 10 രൂപ ഫീസ് ഈടാക്കാനുള്ള അവകാശം സംബന്ധിച്ച് അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ്. നായർ നൽകിയ ഹർജി പരിഗണിക്കവൈയാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. വി. സജിത്ത്‌കുമാർ ഹാജരായി. ശബരിമലയിൽ ഫീസ് ഈടാക്കുന്ന പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യത്തിന് പുറമെ സുരക്ഷിതമായ കുടിവെള്ളം, മൂത്രപ്പുരകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉയർന്ന നിരക്ക് ഈടാക്കുന്ന പാർക്കിങ് കേന്ദ്രങ്ങളിൽ അതിനനുസരിച്ചുള്ള അധിക സൗകര്യങ്ങളും ഒരുക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥയെന്നും കോടതി വ്യക്തമാക്കി.

പാർക്കിങ് കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണം, റേഡിയോ ഫ്രീക്വൻസി ടാഗുകൾ, ഓട്ടോമേറ്റഡ് ബൂം ബാരിയറുകൾ, ഡിജിറ്റൽ പാസ് കോഡുകൾ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ ക്യാമറകൾ എന്നിവ ഉപയോഗിച്ചുള്ള വാഹന പ്രവേശന സംവിധാനം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കായി ലെവൽ 2 അല്ലെങ്കിൽ ലെവൽ 3 ഡിസി ഫാസ്റ്റ് ചാർജിങ് പോയിൻ്റുകളും സജ്ജീകരിക്കണം. ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ തത്സമയം അറിയിക്കുന്ന ഡിജിറ്റൽ ബോർഡുകളും ഓരോ പാർക്കിങ് സ്ഥലത്തും പ്രത്യേകം ലൈറ്റുകളും വേണമെന്നും കോടതി നിർദേശിച്ചു.

കഠിനമായ വെയിലിലും മഴയിലും വാഹനങ്ങളെ സംരക്ഷിക്കുന്നതിനായി മേൽക്കൂരയുള്ള കാർ പോർച്ചുകളോ ഭൂഗർഭബേസ്മെന്റ് പാർക്കിങ്ങോ ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 1995ലെ ചട്ടങ്ങളിലെ ചട്ടം 9 പ്രകാരമുള്ള പുതുക്കിയ ഫീസ് നിരക്കുകളും നിർദേശിച്ചിരിക്കുന്ന മറ്റ് സൗകര്യങ്ങളും ബന്ധപ്പെട്ട അധികാരികൾ കർശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.