2026 സെപ്റ്റംബര്‍ 20 | ഞായര്‍
1202 കന്നി 4 | പൂരാടം
1448 റ:ആഖിർ 08
◾ കേരളത്തിന്റെ നിയന്ത്രണത്തിലുള്ള റേഷന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് പബ്ളിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം നടപ്പാക്കിയാണ് കേന്ദ്രത്തിന്റെ ഏറ്റെടുക്കല്‍. ഇതിനുള്ള ധാരണാപത്രത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2024 ല്‍ ഒപ്പിട്ടിരുന്നു. കാര്‍ഡ് വിതരണം, മുന്‍ഗണന നിശ്ചയിക്കല്‍ എന്നിവയ്‌ക്കൊക്കെ കേന്ദ്രാനുമതി വേണ്ടിവരും. അനര്‍ഹര്‍ ഒഴിവാകുമെന്നും വിതരണം കാര്യക്ഷമമാകുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ തീരുമാനമെടുക്കും. എന്‍ഫോഴ്സ്മെന്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നു സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാകും പ്രാഥമിക അന്വേഷണം. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ തിരിച്ചെത്തിയാല്‍ അദ്ദേഹവുമായി കൂടിയാലോചിച്ചു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
◾ കോഴിക്കോട് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം. കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചെന്നും അഴിമതി നടന്നെന്നും കാണിച്ച് കെ ജയന്ത് എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത റോഡില്‍ ഇപ്പോഴും പണികള്‍ പൂര്‍ത്തിയായിട്ടില്ല.
◾ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ തല്‍സമയ വിപണിയല്‍നിന്ന് ഉയര്‍ന്ന വിലക്ക് കെ എസ് ഇ ബി കൂടുതല്‍ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയത്തില്‍നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിനടുത്തായിരുന്നു ഉപയോഗം.
◾ കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരേ വിമര്‍ശനം. പിണറായി സര്‍ക്കാര്‍ കര്‍ഷകരെ തഴഞ്ഞെന്നും കര്‍ഷകസംഘം ഭരണവിലാസം സംഘടനായി മാറിയെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്. നെല്‍കര്‍ഷകരെ സഹായിച്ചില്ല. സര്‍ക്കാര്‍ വന്‍കിട പദ്ധതികളില്‍ അഭിരമിച്ചു. അടിസ്ഥാനവിഭാഗങ്ങളെ തഴഞ്ഞു. സാധാരണക്കാരെ മറന്നു. ഇതിനാലാണ് ജനം തിരിച്ചടി നല്‍കിയത്. ഇനിയെങ്കിലും പഠിക്കണമെന്നും ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
◾ പരീക്ഷാ ഫലങ്ങളിലെ ഗുരുതരമായ അപാകതകള്‍മൂലം കേരള സര്‍വകലാശാല ഒന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങള്‍ പിന്‍വലിച്ചു. സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. ഇതിനുപുറമെ, പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന 'കെ-റീപ്പ്' സോഫ്‌റ്റ്വെയര്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.
◾ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ തിരുവനന്തപുരം ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി 23 ന് പരിഗണിക്കും. ആന്റോ അഗസ്റ്റിനെതിരെ സൈബര്‍ പൊലീസാണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
◾ അനുവദനീയമായതിലും കൂടുതല്‍ മദ്യം കൈവശം വച്ച കേസില്‍ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു. വയനാട്ടിലെ വീട്ടില്‍ തെളിവെടുപ്പു നടത്തി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി സമയം. വീട് തന്റെ പേരിലല്ലെന്ന് ആന്റോ അഗസ്റ്റിന്‍.
◾ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍. തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളും പ്രചാരണങ്ങളും നടത്തുന്നുവെന്ന് ആരോപിച്ച് എറണാകുളം മുന്‍സിഫ് കോടതിയിലാണ് മഞ്ജു വാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
◾ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്പെന്‍ഡ് ചെയ്തു. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ കൂടിയായ കെ ശ്രീലാലിനെ ആണ് സസ്പെന്‍ഡ് ചെയ്തത്.
◾ വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് നല്‍കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ കോലിയക്കോട് കാപ്പിച്ചിറ സ്വദേശി ജി ബി ബിജുവിനെയാണ് (53) വിജിലന്‍സ് സംഘം പിടികൂടിയത്. പരിക്കേറ്റയാളെ ബിജു ഫോണില്‍ പല തവണ വിളിച്ച് താന്‍ പറയുന്ന വക്കീലിന് കേസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എന്‍ ബാലഗോപാലിന്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയില്‍ ഇടത് അനുകൂലികളായ നാല് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ ജില്ലയിലെ ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ പരാതിയിലാണ് നടപടി.
◾ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുന്‍ സര്‍ക്കാരുകള്‍ക്കെല്ലാം വൈദ്യുതി പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയ ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള മര്യാദ കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണമെന്നാണ് വിമര്‍ശനം.
◾ സോഷ്യല്‍ മീഡിയയിലൂടെ തൃശൂര്‍ സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ യൂട്യൂബറും ഇന്‍ഫ്ലുവന്‍സറുമായ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്ന ധന്യ ഹര്‍ഷിദിനെ തൃശ്ശൂര്‍ സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
◾ എറണാകുളം പാലാരിവട്ടത്ത് സ്ത്രീകളെ ആക്രമിച്ചും വിവസ്ത്രരാക്കിയും കവര്‍ച്ച. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാനക്കാരുള്‍പ്പടെ ആറു പേര്‍ പിടിയില്‍.
◾ തൃശൂര്‍ ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പുല്ലഴി സ്വദേശി റോസ് ഗാര്‍ഡന്‍ സ്ട്രീറ്റ് നമ്പര്‍ മൂന്നിലെ മാങ്കുഴിയില്‍ പരേതനായ സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്.
◾ തമിഴ്നാട് കോര്‍പ്പറേഷന്റെ ബസ് ഇടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മണ്ണഞ്ചേരി സ്വദേശിയായ ഗൗരിനന്ദ (24) അപകടത്തില്‍പ്പെട്ട കേസിലാണ് ആലപ്പുഴ എം എ സി ട്രിബ്യൂണലിന്റെ വിധി. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
◾ ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാരിനു ഭയമാണെന്നും അതുകൊണ്ടാണ് അവരെ നോട്ടപ്പുള്ളികളാക്കുന്നതെന്നും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പകരം അന്ധ ഭക്തരെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
◾ വൈദ്യുതി, വിമാന ഇന്ധനം എന്നിവ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിശോധിക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ സിങ്ങ് സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ നേരിട്ട് നികുതി ചുമത്തുന്ന വിഭാഗങ്ങളാണിവ. കേരളം അടക്കം പല സംസ്ഥാനങ്ങളും ഈക്കാര്യത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചു. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു. രാവിലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. പ്രവാസി മലയാളികളുടെ ക്ഷേമ വിഷയങ്ങള്‍ ചര്‍ച്ചയായി . ഹൈക്കമാന്‍ഡ് നേതൃത്വവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
◾ ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേഖ ഗുപ്തയ്ക്കും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് എസ്ഐആര്‍ കുരുക്ക്. കരട് വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിതിനാല്‍ ഇവരടക്കം 33.1 ലക്ഷം വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് നല്‍കി. മാതാപിതാക്കളുടെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നോട്ടീസ് നല്‍കിയത്.
◾ കര്‍ണാടക സന്ദര്‍ശനത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛര്‍ദിയും തളര്‍ച്ചയും. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. വൈകിട്ടോടെ അമിത് ഷാ ഡല്‍ഹിയിലേക്കു മടങ്ങി.
◾ ഡല്‍ഹി സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ബി വി പിക്ക് വന്‍ വിജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എ ബി വി പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍ എസ് യു ഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാന്‍ഷു ഷോക്കിന്‍ തെരഞ്ഞെടുക്കപ്പെട്ടു.
◾ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഭരണകൂടത്തിന് വിരുദ്ധരാണെങ്കിലും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയം പ്രതിപക്ഷ ഭിന്നിപ്പുമൂലമാണെന്നു കോക്റോച്ച് ജനത പാര്‍ട്ടി നേതാവ്. അവര്‍ ഭിന്നിച്ചു നില്‍ക്കുകയാണെന്ന് സിജെപി കോ കണ്‍വീനര്‍ സൗരവ് ദാസ് പറഞ്ഞു.
◾ 1965ലെ യുദ്ധനായകനും വീര്‍ചക്ര പുരസ്‌കാര ജേതാവുമായ ആല്‍ഫ്രഡ് ടൈറോണ്‍ കുക്ക് അന്തരിച്ചു.
◾ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ സാമ്പത്തിക ഉപരോധ ഭീഷണി ഉയര്‍ത്തി റഷ്യന്‍ എണ്ണ വ്യാപാരം തടയുന്ന അമേരിക്ക സ്വന്തം ആഭ്യന്തര ഊര്‍ജ മേഖലയ്ക്കും ആണവനിലയങ്ങള്‍ക്കും ആവശ്യമായ കുറഞ്ഞ സാന്ദ്രതയുള്ള യുറേനിയം റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യും. അമേരിക്ക പാസാക്കിയ നിയമത്തിലാണ് വൈരുദ്ധ്യ നിലപാട്.
◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ അന്താരാഷ്ട്ര വേദികളില്‍ ശക്തമായ എതിര്‍പ്പറിയിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തുന്ന പ്രസംഗത്തിലും ഏകപക്ഷീയ തീരുവകള്‍ക്കെതിരായ നിലപാട് വ്യക്തമാക്കും.
◾ സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് വന്‍തോതില്‍ തീയും കറുത്ത പുകപടലങ്ങളും ഉയര്‍ന്നു. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, പ്രവേശന ടെര്‍മിനല്‍ കെട്ടിടങ്ങള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്ക് പശ്ചാത്തലത്തില്‍ പുക ഉയര്‍ന്നുവരുന്നത് വ്യക്തമാണ്.
◾ അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാന്‍ ശ്രമങ്ങളുണ്ടെന്ന് ഇറാന്‍ ആഭ്യന്തര വകുപ്പ് വക്താവ്. പാക് ആഭ്യന്തര മന്ത്രി മുഹ്സിന്‍ നഖ്വി ചര്‍ച്ചകള്‍ക്കായി അടുത്ത ദിവസം ഇറാനിലെത്തും. ഹൂതികള്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് പാക് ആഭ്യന്തര മന്ത്രി ഇറാനില്‍ എത്തുന്നത്.
◾ ഏഷ്യന്‍ ഗെയിംസിനു ജപ്പാനിലെ അയ്ചി നഗോയയില്‍ തിരിതെളിഞ്ഞു. പ്രധാന വേദിയായ പാലോമോ മിസുഹോ സ്റ്റേഡിയത്തില്‍ ജാപ്പനീസ് പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും കൈകോര്‍ത്ത വിസ്മയകരമായ ഉദ്ഘാടനച്ചടങ്ങുകളോടെയാണ് ഗെയിംസിനു തുടക്കമായത്. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് 760 പേരടങ്ങുന്ന സംഘമാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്.
◾ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ റെക്കോര്‍ഡ് വാര്‍ഷിക നഷ്ടം നേരിട്ടതിന് പിന്നാലെ, അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും തമ്മില്‍ ലയിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി കമ്പനിയുടെ നിയുക്ത സിഇഒ ടെവോള്‍ഡെ. ഒരൊറ്റ വിമാനക്കമ്പനി ഗ്രൂപ്പായി മാറുന്നത് റെഗുലേറ്ററി ആവശ്യകതകള്‍ കുറയ്ക്കുമെന്നും മാനേജര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ എന്നിവരുടെ ഇരട്ടിപ്പ് ഒഴിവാക്കി സാമ്പത്തിക ബാധ്യത ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുമെന്നും 61-കാരനായ ടെവോള്‍ഡെ ചൂണ്ടിക്കാണിക്കുന്നു. ലയനം നടപ്പിലായാലും എയര്‍ ഇന്ത്യ എക്സ്പ്രസ് അതിന്റെ ബ്രാന്‍ഡ് നാമം നിലനിര്‍ത്തും. എന്നാല്‍ ഈ പദ്ധതി നിലവില്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഇത് നടപ്പിലാക്കാന്‍ സൂപ്പര്‍വൈസറി ബോര്‍ഡിന്റെ അംഗീകാരം ആവശ്യമാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
◾ സാംസങ് ഗാലക്സി എസ് 26 സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യയിലെ വിലയില്‍ വന്‍ വര്‍ദ്ധനവ് വരുത്തി കമ്പനി. അടിസ്ഥാന മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകള്‍ക്കും കമ്പനി 20,000 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 18 പ്രോ സീരീസ് വില്‍പ്പനക്കെത്തിയ അതേ ദിവസം തന്നെയാണ് സാംസങ്ങും വില വര്‍ദ്ധിപ്പിച്ചത്. 1ടിബി സ്റ്റോറേജുള്ള ഏറ്റവും ഉയര്‍ന്ന മോഡലായ ഗാലക്സി എസ് 26 അള്‍ട്രാ ഉള്‍പ്പെടെ എല്ലാ ഫോണുകള്‍ക്കും പുതിയ വില വര്‍ധനവ് ബാധകമാണ്. ഗാലക്സി എസ് 26ന് ഇപ്പോള്‍ 1,07,999 രൂപയാണ് വില. ലോഞ്ച് വിലയായ 87,999 രൂപയില്‍ നിന്ന് 20,000 രൂപ അധികം നല്‍കേണ്ടി വരും. ഗാലക്സി എസ് 26 പ്ലസിന്റെ വേരിയെന്റിന് ഇപ്പോള്‍ 1,39,999 രൂപയാണ് വില. ഗാലക്സി എസ് 26 അള്‍ട്രക്ക് ഇനി മുതല്‍ 2 ലക്ഷത്തിലധികം രൂപ നല്‍കണം. 1,89,999 രൂപക്ക് അവതരിപ്പിച്ച ഈ ഫോണ്‍ നിലവില്‍ 2,09,999 രൂപക്കാണ് വില്‍ക്കുന്നത്.
◾ ആരാധകര്‍ കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടി D'EUX ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. വന്‍ താരനിര അണിനിരക്കുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ചിത്രത്തിലെ മറ്റൊരു താരമായ ടൊവിനോ തോമസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. നവംബര്‍ 19 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. 2012-ല്‍ പുറത്തിറങ്ങിയ 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം. ഡുഎക്‌സ് എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. രണ്ട് എന്നും 'അവരുടെ' അല്ലെങ്കില്‍ 'അവരെ കുറിച്ച്' എന്നുമാണ് ഇത് അര്‍ത്ഥമാക്കുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
◾ പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വേട്ടുവം'. 'വേള്‍ഡ് ഓഫ് വേട്ടുവം' എന്ന പേരില്‍ ചിത്രത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ പുറത്തുവിട്ടു. ഹിന്ദി പതിപ്പിന് പങ്കജ് ത്രിപാഠി, തെലുങ്ക് പതിപ്പിന് റാണ ദഗ്ഗുബാട്ടി, മലയാളം പതിപ്പിന് സൗബിന്‍ ഷാഹിര്‍, കന്നഡ പതിപ്പിന് കിച്ച സുദീപ് എന്നിവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്. തമിഴ് പതിപ്പിന് സംവിധായകന്‍ പാ. രഞ്ജിത്ത് തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. അപോകാലിപ്സ് പശ്ചാത്തലത്തില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെ ഒരുക്കുന്ന 'വേട്ടുവം', വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ ആധിപത്യത്തിനായുള്ള പോരാട്ടവും സംഘര്‍ഷങ്ങളും അതില്‍ നിന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ആര്യ, ദിനേഷ്, ഷബീര്‍, ശോഭിത ധൂലിപാല, കലൈയരസന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിന്റെയും ബലേനോയുടെയും ഡിസൈറിന്റെയും സിഎന്‍ജി എഎംടി വേരിയന്റുകള്‍ പുറത്തിറക്കി. സ്വിഫ്റ്റ് സിഎന്‍ജി എഎംടി വേരിയന്റിന് 7.92 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബലേനോ സിഎന്‍ജി എഎംടി വേരിയന്റിന് 8.32 ലക്ഷം രൂപയും ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റിന് 8.53 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. 69 ബിഎച്ച്പി കരുത്തും 101.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഇസഡ് സീരീസ് പെട്രോള്‍ എന്‍ജിനാണ് ബലേനോ സിഎന്‍ജിയിലുള്ളത്. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ (ഒ), ഇസഡ്എക്‌സ്‌ഐ വേരിയന്റുകളില്‍ മാത്രമാണ് സ്വിഫ്റ്റ് സിഎന്‍ജി എഎംടി ലഭ്യമാകുക. 68.74 ബിഎച്ച്പി കരുത്തും 101.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ മോട്ടോര്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ ട്രിമ്മുകളിലാണ് ഡിസൈര്‍ സിഎന്‍ജി എഎംടി വിണിയില്‍ ലഭ്യമാകുക. 68.7 ബിഎച്ച്പി കരുത്തും 101 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ ഇസഡ് സീരീസ് പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
◾ കാലത്തെ അടയാളപ്പെടുത്തുക എന്ന ചരിത്രദൗത്യം നിറവേറ്റുന്ന നോവലാണ് 'അനോലഖി'. ഈ മറാത്തി വാക്കിന്റെ അര്‍ത്ഥം അറിയപ്പെടാത്തവര്‍ എന്നോ അപ്രസക്തരായവര്‍ എന്നോ ആണ്. അത്തരത്തില്‍ പൊതുവിടങ്ങളില്‍നിന്നോ മുഖ്യധാരാ സാമൂഹിക പരിസ്ഥിതികളില്‍നിന്നോ തിരസ്‌കരിക്കപ്പെട്ടുപോയ ഒരുകൂട്ടം ജനതയെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നോവല്‍. ജീവനുള്ള ഒരു മൃഗമായിപ്പോലും ഒരുകൂട്ടം മനുഷ്യരെ പരിഗണിക്കാത്ത ഫ്യൂഡല്‍ സമൂഹത്തിന്റെ ഹിംസാത്മകമായ സമീപനം എല്ലാ വൈകാരികതകളോടുംകൂടി ഈ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നു കാലത്തിന്റെ സാക്ഷ്യം എന്ന നിലയില്‍ വര്‍ത്തമാന മലയാള നോവല്‍സാഹിത്യത്തില്‍ അനോലഖി ഒരു ശ്രദ്ധേയ രചനയായി മാറുന്നു. 'അനോലഖി'. അശ്വതി കെ.എസ്. ഡിസി ബുക്സ്. വില 284 രൂപ.
◾ തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് (തൊണ്ടി വീക്കം) റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കുന്ന രോഗം, ഗ്രന്ഥികളില്‍ വീക്കം കാണുന്നതിന് രണ്ടു ദിവസം മുന്‍പും വീക്കം വന്ന ശേഷം നാലുമുതല്‍ ആറുവരെ ദിവസവുമാണ് പ്രധാനമായും മറ്റുള്ളവരിലേക്ക് പകരുന്നത്. അഞ്ചുമുതല്‍ 15വരെ വയസ്സുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും രോഗബാധ കാണാറുണ്ട്. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശിവേദന എന്നിവയാണ് മറ്റുലക്ഷണങ്ങള്‍. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി ഇവയ്ക്ക് അണുബാധയുണ്ടാകും. കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ക്കും സാധ്യത. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥയുണ്ടാകും. രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കമൊഴിവാക്കുക, രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്, രോഗിയുപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. ധാരാളം വെള്ളംകുടിക്കുക. പുളിപ്പുള്ള പഴച്ചാറുകള്‍പോലെയുള്ള പാനീയങ്ങള്‍ കുടിക്കരുത്. ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളംചൂടുള്ള ഉപ്പുവെള്ളം കവിളില്‍ കൊള്ളുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണിയുപയോഗിച്ച് ചൂടുവെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നല്‍കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഭൂകമ്പത്തിന് ശേഷം സന്നദ്ധപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുകയാണ്. തകര്‍ന്നു കിടക്കുന്ന വീട്ടില്‍ പരിശോധന നടത്തുന്നതിനിടയില്‍ ഒരു സ്ത്രീയെ മുട്ടും കൈകളും നിലത്തുകുത്തി കമിഴ്ന്ന് നില്‍ക്കുന്ന രീതിയില്‍ കണ്ടെത്തി. അവര്‍ ആ സ്ത്രീയുടെ ദേഹത്ത് തൊട്ടുനോക്കിയെങ്കിലും ശരീരം മരിവിച്ചിരുന്നതിനാല്‍ ജീവനില്ലെന്ന് മനസ്സിലാക്കി മറ്റൊരിടത്തേക്ക് പോയി. തിരിച്ചുവരുന്നതിനിടയില്‍ അയാള്‍ സ്ത്രീയുടെ ശരീരം തള്ളിമാറ്റിയപ്പോള്‍ അതിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ ഒരു കുഞ്ഞ് ജീവനോടെ ഉറങ്ങുന്നുണ്ടായിരുന്നു. ഒപ്പം ഒരു കുറിപ്പും. നീ രക്ഷപ്പെട്ടെങ്കില്‍ മനസ്സിലാക്കുക, ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. സമ്മാനങ്ങളല്ല, സഹനങ്ങളാണ് സ്നേഹത്തിന്റെ യഥാര്‍ത്ഥ അടയാളം. എല്ലാം ശുഭകരമായിരിക്കുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കാന്‍ എല്ലാവരുമുണ്ടാകും.. എന്നാല്‍ അപകടത്തില്‍ പെടുമ്പോള്‍ അവരില്‍ ഭൂരിഭാഗം പേരും ഉണ്ടാകണമെന്നില്ല. വാക്കുകള്‍കൊണ്ടും ആഘോഷസമയങ്ങളിലെ ആലിംഗനം കൊണ്ടും ഇഷ്ടം പ്രകടിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും.. അവശ്യനേരങ്ങളില്‍ ഒപ്പം നിന്ന് സ്വയം സമര്‍പ്പിക്കാന്‍ സ്നേഹം ഉളളിലുളളവര്‍ക്കേ സാധിക്കു. സംരക്ഷണമാണ് സ്നേഹത്തിന്റെ പ്രായോഗിക സ്വഭാവം. കൂടെ നില്‍ക്കാന്‍ ഒരാളുണ്ടെങ്കില്‍ പിന്നെ അപകടത്തിന്റെ ആഘാതം നമ്മെ അത്രകണ്ട് ബാധിക്കില്ല. എനിക്കെന്ത് കിട്ടും എന്ന ചിന്ത സ്നേഹത്തിന്റെതല്ല, സ്വാര്‍ത്ഥതയുടേതാണ്. എനിക്കെന്തു നല്‍കാന്‍ കഴിയും എന്ന ചിന്തയുളളവര്‍ക്കേ സംരക്ഷണവലയമൊരുക്കാന്‍ സാധിക്കൂ. വേറൊരാളുടെ ജീവിതത്തിന് കാവലാകുന്നതില്‍ പരം ശ്രേഷ്ഠത വേറെന്താണുളളത് - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ