തിരുവനന്തപുരം: വൈദ്യുതി ക്ഷാമത്തിനിടെ തിരിച്ചടിയായി റേഷൻ മണ്ണെണ്ണയുടെ വില വർധന. ഒറ്റയടിക്ക് ആറു രൂപ വർധിപ്പിച്ചതോടെ ഈ മാസം പകുതി മുതൽ വില 71 രൂപയിൽനിന്ന് 77 ആയി. ഇ-പോസ് മെഷീനിലും പുതിയ വില നിലവിൽ വന്നു. സെപ്റ്റംബറിലെ സ്റ്റോക്കാണ് ഇപ്പോൾ പുതിയ വിലക്ക് വിൽക്കുന്നത്. ഒക്ടോബർ-ഡിസംബർ പാദത്തിലെ സ്േറക്ക് റേഷൻ കടകളിലെത്തിയിട്ടില്ല.
പവർകട്ട് വന്നതോടെ മെഴുകുതിരികൾക്കും ഇൻവെർട്ടറുകൾക്കും എമർജൻസി ലാമ്പുകൾക്കും വിപണിയിൽ ആവശ്യക്കാരേറി. അഞ്ച് രൂപ മുതൽ കിലോഗ്രാമിന് 240 രൂപ വരെ വിലയുള്ള മെഴുകുതിരികളുടെ നിർമ്മാണത്തിൽ കുടുംബശ്രീ യൂണിറ്റുകളും സജീവമാണ്. എമർജൻസി ലാമ്പുകൾക്കും ഇൻവെർട്ടറുകൾക്കും വൻതോതിൽ ആവശ്യക്കാരുള്ളതിനാൽ വ്യാപാരികൾക്ക് നല്ല കച്ചവടമാണ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അവസാനമായി റേഷൻ മണ്ണെണ്ണ വില വർധിപ്പിച്ചത്. അന്ന് 68 രൂപ ആയിരുന്ന വില മൂന്നു രൂപ കൂട്ടി 71 രൂപയാക്കുകയായിരുന്നു. എണ്ണക്കമ്പനികൾ അടിസ്ഥാന വില നിശ്ചയിക്കുന്നതിനനുസരിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് വില തീരുമാനിക്കുന്നത്. സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതിനാൽ വൈദ്യുതിയുമില്ല, മണ്ണെണ്ണയുമില്ല എന്നതാണ് മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥ.
കൂടിയ വിലക്കുപോലും എല്ലാ റേഷൻ കാർഡുകാർക്കും കൊടുക്കാൻ മണ്ണെണ്ണ ലഭ്യമല്ല. 56.76 ലക്ഷം ലിറ്റർ ആയിരുന്നു ഒരു പാദത്തിൽ കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിച്ചിരുന്ന വിഹിതം. നാലു പാദത്തിലായി മൂന്നുമാസത്തിലൊരിക്കലാണ് കേന്ദ്രം മണ്ണെണ്ണ നൽകുന്നത്. ഇത് 40.68 ലക്ഷം ലിറ്റററായി കഴിഞ്ഞ ഏപ്രിലിലാണ് കുറച്ചത്. 16.08 ലക്ഷം ലിറ്റർ വെട്ടിക്കുറച്ചു. ഇതോടെ എല്ലാവർക്കും മണ്ണെണ്ണ ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് 5.94 ലക്ഷം വരുന്ന മഞ്ഞകാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്ററും വൈദ്യുതിയില്ലാത്ത വീടുകൾക്ക് ആറു ലിറ്ററും ആണ് മണ്ണെണ്ണ വിഹിതം. മത്സ്യബന്ധനബോട്ടുകൾക്കും വിഹിതം നൽകണം.
നിലവിൽ മഞ്ഞകാർഡുകാർക്കെല്ലാം മണ്ണെണ്ണ നൽകുന്നുണ്ട്. മറ്റ് കാർഡുകാർക്ക് സ്റ്റോക്ക് അനുസരിച്ച് വിതരണം ചെയ്യും. ലൈസൻസുമായും കമീഷനുമായും ബന്ധപ്പെട്ട തർക്കങ്ങൾ മൂലം രണ്ടുവർഷത്തോളം റേഷൻ ഡീലർമാർ മണ്ണെണ്ണ എടുത്തിരുന്നില്ല. നീണ്ട ഇടവേളക്കുശേഷം കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് സിവിൽ സപ്ലൈസ് വകുപ്പ് മുൻകൈയെടുത്ത് ചർച്ച നടത്തി തർക്കം പരിഹരിച്ച ശേഷം 2025 ജൂണിലാണ് വിഹിതം പുനസ്ഥാപിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ