പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...



2026  സെപ്റ്റംബര്‍ 13 | ഞായര്‍ 
1202  ചിങ്ങം 28 | അത്തം
1448  റ: ആഖിർ 01

◾  രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ച് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ബ്രിക്സ് ഉച്ചകോടിയില്‍ ആഹ്വാനം. പിറകേ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന് സ്വന്തം രാജ്യങ്ങളിലെ കറന്‍സികള്‍ ഉപയോഗിക്കാന്‍ ധാരണയായി. എന്നാല്‍ പൊതുവായ ഒറ്റ കറന്‍സി പുറത്തിറക്കില്ല. യുഎന്‍ സുരക്ഷ സമിതി സമയബന്ധിതമായി പുനസംഘടിപ്പിക്കണമെന്നും ഇന്ത്യക്ക് അംഗത്വം വേണമെന്നും ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.  നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.

◾  തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍നിന്നു പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും ഉണര്‍ത്താന്‍ സി.പി.എമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയോഗം ഇന്നു കോഴിക്കോട്ട് ആരംഭിക്കും. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരടക്കമുള്ള നേതൃത്വത്തെ സംരക്ഷിച്ച് പ്രവര്‍ത്തകരെ കര്‍മനിരതരാക്കാനുള്ള സമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കു പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അടക്കം 307 പ്രതിനിധികളാണു പങ്കെടുക്കുന്നത്. രാവിലെ പത്തിന് ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും.

◾  എന്‍ഫോഴ്സ്മെന്റ് ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന്റെ പേരില്‍ കേസ് നിലനിന്നേക്കില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇ.ഡി. റിപ്പോര്‍ട്ടിന്റെ മറ്റൊരുഭാഗമായ ഹവാലയില്‍ കേസ് വരും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ വഴി വിദേശത്തേക്ക് ഹവാലയായി പണം പോയിട്ടുണ്ടെന്ന ഇ.ഡി. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കേസ് നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

◾  മുഖ്യമന്ത്രി വി.ഡി. സതീശനും സിപിഎം നേതാവ് എ.കെ. ബാലനും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഗൗരവമുള്ളതാണെന്ന് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ആരോപിച്ചു. മാസപ്പടി കേസ് നിര്‍ണായകമായ ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ച. പിണറായിയുടെ ദൂതനായിട്ടാണോ ബാലന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഈ ചര്‍ച്ചയ്ക്ക് പിന്നിലെന്നും ഗോപകുമാര്‍ ആരോപിച്ചു.

◾  സംസ്ഥാനത്തെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്, പ്രത്യേകിച്ച് സൗരോര്‍ജത്തിന്, മുഖ്യസ്ഥാനം നല്‍കുന്ന പുതിയ വൈദ്യുതി നയം ഉടന്‍ വരുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. ചില കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.



◾  നാളെ മുതല്‍ മൂന്നു ദിവസം മഴ പെയ്യുമെന്നു മുന്നറിയിപ്പ്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

◾  ട്രെയിനുകളിലേയും റെയില്‍വേ ക്യാന്റീനുകളിലേയും ഭക്ഷണവില അഞ്ച് മുതല്‍ 15 വരെ രൂപ കൂട്ടി. ചപ്പാത്തി (5 രൂപ), പൊറോട്ട (10) പഴംപൊരി (20) എന്നിവയുടെ വിലയില്‍ മാറ്റമില്ല. പുതിയ ഇനങ്ങള്‍: ചിക്കന്‍ കറി (95രൂപ), വെജിറ്റബിള്‍ ഫ്രൈഡ് റൈസ് (65), എഗ് ഫ്രൈഡ് റൈസ് (80), ചിക്കന്‍ ഫ്രൈഡ് റൈസ് (105) .

◾  പത്തുവര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണത്തിനിടെ വിവിധ കേസുകളുടെ നടത്തിപ്പിന് വക്കീല്‍ഫീസായി ചെലവഴിച്ചത് 245.62 കോടി രൂപ. വിവരാവകാശ നിയമമനുസരിച്ച് കാസര്‍കോട് ഉര്‍ദൂര്‍ സ്വദേശി എ. എസ്. മുഹമ്മദ് അഷ്റഫിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുപ്രീംകോടതിയിലെ കേസുകള്‍ക്കായി 38.91 കോടി രൂപ ഫീസിനത്തില്‍ നല്‍കി.  

◾  പത്തനംതിട്ട കോന്നിയിലെ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കൊന്നപ്പാറ, പയ്യനാമണ്‍ സ്വദേശികളായ ഡെനീഷ് ഷിബു, സെബിന്‍ ബിനോയ് എന്നിവരാണ് മരിച്ചത്. കോന്നി പിഎസ്.വിപിഎം എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ്.

◾  കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. സുകുമാരന്‍ നായര്‍ക്ക് പകരം എന്‍എസ്എസ് രജിസ്ട്രാറാണ് പത്തനാപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച പത്മാകഫേ ഉദ്ഘാടനം ചെയ്തത്.



◾  പിണറായിക്കെതിരേയുള്ള അന്വേഷണം തടയാന്‍ പാര്‍ട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പിണറായി പറഞ്ഞതെല്ലാം കളവാണെന്നും ഈ വിഷയവുമായി ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും സിപിഎമ്മിനെ തകര്‍ക്കാന്‍ അന്വേഷണം എന്ന രീതിയില്‍ വ്യാഖ്യാനിച്ചു രക്ഷപ്പെടാനാണു ശ്രമമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

◾  സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ അനില്‍ വി. നാഗേന്ദ്രന്‍. ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് എഫ്ബി പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. വസന്തത്തിന്റെ കനല്‍ വഴികളില്‍' ,'വീരവണക്കം' തുടങ്ങിയ സിനിമകളും മുപ്പതുവര്‍ഷത്തിലധികം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പ്രോഗ്രാമുകളും പുറത്തിറക്കിയ കലാകാരനാണ് അനില്‍.

◾  പാര്‍ട്ടിക്കുണ്ടായ പ്രശ്നങ്ങള്‍ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കര്‍മ്മ പദ്ധതികള്‍ എന്തൊക്കെയാണെന്ന് ചര്‍ച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സീതാറാം യെച്ചുരി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  സിപിഎം വിപുലീകൃത സംസ്ഥാന സമിതി സമ്മേളനം പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണെന്ന് മുന്‍ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. സംയുക്ത യോഗമെന്ന് വിളിക്കുന്നതാണ് കൂടുതല്‍ ശരിയെന്ന് പരിഹസിക്കുകയും ചെയ്തു.

◾  മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഇന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് 5 മുതലാണ് നിയന്ത്രണം.

◾  തന്റെ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് തുല്യനീതിയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍. ഇന്നു വൈകുന്നേരം കോഴിക്കോടെത്തി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.


◾  പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ. സര്‍ക്കാര്‍ വന്നിട്ട് അധികം നാളായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും അവര്‍ പറഞ്ഞു.

◾  12 വയസുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയൊന്നരവര്‍ഷം കഠിന തടവ്. പത്തനംതിട്ട കവിയൂര്‍ സ്വദേശി രഞ്ജിത്ത് വി. രാജനെ (38) ആണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

◾  കല്ലടയാറ്റില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈലിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കല്ലടയാറ്റിലെ തര്യന്‍തോപ്പ് കടവിലുണ്ടായ അപകടത്തിലാണ് സുഹൈലിന് ജീവന്‍ നഷ്ടമായത്. മൂന്ന് വിദ്യാര്‍ത്ഥികളാണ് കുളിക്കാനായി ആറ്റിലെത്തിയത്. ഇതിനിടെ സുഹൈല്‍ ഒഴുക്കില്‍പ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

◾  108 ആംബുലന്‍സ് സമരം തടയാന്‍ അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍. എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ആവശ്യപ്പെട്ടു. അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി.

◾  വ്യാജ അപകടസന്ദേശം നല്‍കി വിളിച്ചുവരുത്തിയ ശേഷം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ സൈനികന്‍ അറസ്റ്റില്‍. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാറിനെ (35) യാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


◾  പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ മരിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്.

◾  മരണത്തിലും മാതൃകയായ് യുവസൈനികന്‍. അവയവദാനത്തിലൂടെ 7 പേര്‍ക്ക് പുതുജീവന്‍ പകര്‍ന്നാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) യാത്രയായത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

◾  അടിമാലിയില്‍ ഒരു വയസ്സുമാത്രമുള്ള ഇരട്ടക്കുട്ടികളുടെ ജീവനെടുത്തത് കാലപ്പഴക്കംമൂലം ടിന്‍ പൊട്ടി തറയിലേക്ക് ഒഴുകിയ കീടനാശിനി. കീടനാശിനി ഉള്ളില്‍ച്ചെന്നതാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. ഒഴുവത്തടം വലിയകാട്ടില്‍ അഫ്‌സല്‍-സാന്ദ്ര ദമ്പതിമാരുടെ പിഞ്ചുമക്കളായ റിഹാനും ഇഹാനുമാണ് മരിച്ചത്.  

◾  അരുവിക്കരയില്‍ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടക്കുളം സ്വദേശിയായ സഞ്ജുവിനെയാണ് അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.

◾  അര്‍ദ്ധരാത്രി വീടുകളില്‍ എത്തി വാതിലില്‍ ഉറക്കെ തട്ടി ശബ്ദമുണ്ടാക്കി കടന്നുകളയുന്ന അജ്ഞാതന്‍ കാരണം ഉറക്കം നഷ്ടപ്പെട്ട് ഒരു നാട്. കോഴിക്കോട് പേരാമ്പ്രയില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടിയിലാണ് അജ്ഞാതന്റെ പ്രവൃത്തി കാരണം ഒരു നാടിന്റെ ഉറക്കം നഷ്ടമായത്. രണ്ടാഴ്ചയായി ഇവിടെ വീടുകള്‍ മാറി മാറി കയറി അജ്ഞാതന്‍ വാതിലില്‍ മുട്ടല്‍ തുടരുകയാണ്.

◾  ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനും കൈ കൊടുക്കുന്ന ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനെയും ഷിയെയും ഇടതും വലതും നിര്‍ത്തിയായിരുന്നു മോദിയുടെ ഫോട്ടോ. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇതുവരെ കുരുക്കഴിയാതെയിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ നടപടി.



◾  അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ന്യായവും യുക്തിസഹവുമായ നടപടികള്‍ക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും. പരസ്പരം യോജിക്കുന്ന പരിഹാരം അതിര്‍ത്തി വിഷയത്തില്‍ കണ്ടെത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി.

◾  പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ബ്രിക്സ് ഉച്ചകോടി, ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ആഹ്വാനം ചെയ്തു. ഗാസയില്‍ മാനുഷിക സഹായം ഉറപ്പാക്കണമെന്നും ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്നും ന്യൂഡല്‍ഹി പ്രഖ്യാപനത്തില്‍ പറയുന്നു.

◾  ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സണ്‍സ്, തങ്ങളുടെ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി രജിസ്ട്രേഷന്‍ സ്വമേധയാ തിരികെ നല്‍കാന്‍ സമര്‍പ്പിച്ച അപേക്ഷ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. ആര്‍.ബി.ഐയുടെ ഈ തീരുമാനത്തോടെ കമ്പനിക്ക് ഓഹരി വിപണിയില്‍ നിര്‍ബന്ധമായും ലിസ്റ്റ് ചെയ്യേണ്ടി വരും. ലിസ്റ്റ് ചെയ്താല്‍ ടാറ്റാ സണ്‍സ് പബ്ലിക് കമ്പനിയായി മാറും.

◾  ഡല്‍ഹി വസന്ത് കുഞ്ചിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയായ എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ സണ്ണി അസല്‍ദേകറിനെയാണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾  ഇറാഖില്‍ നിന്ന് സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഈ ഭീകരാക്രമണത്തെ തുടര്‍ന്ന് പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.


◾  കാനഡയിലെ സറെയില്‍ ഇന്ത്യന്‍ വംശജയായ വീട്ടുടമ രാജ് തിവാന എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം പാചകം ചെയ്തിരുന്ന വാടകക്കാരനെ ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്.

◾  കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ ശാലിനി താക്കൂറിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്ന യുവാവ് വെടിവച്ചുകൊന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പൊലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ സ്വയം വെടിവെച്ച് മരിച്ചു.

◾  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലിവര്‍പൂളിനും സമനില. ക്രിസ്റ്റല്‍ പാലസിന് തോല്‍വി. ഫുള്‍ഹാം ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ഹള്‍ സിറ്റിക്കെതിരെയാണ് ചെല്‍സി സമനില വഴങ്ങിയത്. ഇപ്‌സ്വിച്ച് ടൗണിനോട് രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ക്രിസ്റ്റല്‍ പാലസിന്റെ തോല്‍വി.

◾  പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ 130 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ സെഷനില്‍ തന്നെ വിജയതീരത്തെത്തി.

◾  ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ, ക്യാഷ് ഓണ്‍ ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് അധികമായി 5 രൂപ ഈടാക്കാന്‍ ആരംഭിച്ചു. 'പേ ഓണ്‍ ഡെലിവറി ഫീ' എന്ന പേരില്‍ ബില്‍ സമ്മറിയില്‍ പ്രത്യേക തുകയായാണ് ഇത് ചേര്‍ത്തിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഈ നിരക്ക് 7 രൂപ മുതല്‍ 20 രൂപ വരെയായി വ്യത്യാസപ്പെടാറുണ്ട്. ഓണ്‍ലൈന്‍ വഴി പണം അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ അധിക ഫീസ് ബാധകമല്ല. പ്ലാറ്റ്‌ഫോം ഫീസിന് പുറമെയാണ് ഈ പുതിയ നിരക്ക്. എതിരാളികളായ സ്വിഗ്ഗി നിലവില്‍ ക്യാഷ് ഓണ്‍ ഡെലിവറിക്ക് ഇത്തരം പ്രത്യേക ഫീസുകളൊന്നും ഈടാക്കുന്നില്ല. വിപണിയില്‍ റാപ്പിഡോയുടെ 'ഓണ്‍ലി', ഫ്ലിപ്കാര്‍ട്ടിന്റെ 'ഈറ്റ് ഇന്‍', സ്വിഷ് തുടങ്ങിയ പുതിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് സൊമാറ്റോയുടെ ഈ വരുമാന വര്‍ദ്ധനവ് നീക്കം.

◾  മെമ്മറി ചിപ്പുകളുടെ നിര്‍മാണം തടസപ്പെടാതിരിക്കാന്‍ ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന ബോണസ് പ്രഖ്യാപിച്ച് യുഎസിലെ ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്‌നോളജി. തങ്ങളുടെ തായ്വാനിലെ ജീവനക്കാര്‍ക്ക് 35 മുതല്‍ 68 മാസം വരെയുള്ള ശമ്പളത്തിന് തുല്യമായ ബോണസ് നല്‍കുമെന്നാണ് പ്രഖ്യാപനം. 2025 ഓഗസ്റ്റ് 29-ന് മുമ്പ് ചേര്‍ന്ന തായ്വാനിലെ ജീവനക്കാര്‍ക്ക് 2026 സാമ്പത്തിക വര്‍ഷത്തേക്ക് 10 ലക്ഷം തായ്വാന്‍ ഡോളറിന്റെ (ഏകദേശം 30 ലക്ഷത്തിലധികം) ക്യാഷ് ബോണസ് ലഭിക്കും. ഓരോ ജീവനക്കാരനും വാര്‍ഷിക ഇക്വിറ്റി ഗ്രാന്റും ലഭിക്കും. ഇവയെല്ലാമടക്കം കുറഞ്ഞത് 17 ലക്ഷം തായ്വാന്‍ ഡോളര്‍ (ഏകദേശം 51 ലക്ഷത്തിലധികം) ആനുകൂല്യം ഒരു ജീവനക്കാരന് ലഭിക്കും. ഒരു വിഭാഗം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ പണിമുടക്കിന് ആഹ്വാനംചെയ്ത പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രഖ്യാപനം. 8.54 ബില്യണ്‍ (854 കോടി) ഡോളറായിരുന്നു 2025 വര്‍ഷത്തെ മൈക്രോണിന്റെ വരുമാനം.

◾  ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'ഓട്ടംതുള്ളല്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വിജയരാഘവന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഹരിശ്രീ അശോകന്‍, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍, ജെറോം, ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീപത് യാന്‍, അനിയപ്പന്‍, ശ്രീരാജ്, പൗളി വത്സന്‍, സേതു ലഷ്മി, ജസ്ന്യ. കെ. ജയദീഷ്, ചിത്ര നായര്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിനു ശശിറാമിന്റേതാണു തിരക്കഥ.

◾  രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ആരം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. 'നറുതിങ്കള്‍ നീ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണന്‍ ആണ്. ജിസ് ജോയ് എഴുതിയ വരികള്‍ ഹരിചരണ്‍, ആര്‍ത്തി എം എന്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകര്‍ത്തുന്ന രീതിയിലാണ് നറുതിങ്കള്‍ നീ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ യു, ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയയുടെ പുതിയ എംപിവിയായ കിയ കാര്‍ണിവല്‍ ഹൈബ്രിഡിനായുള്ള ബുക്കിങ് ആരംഭിച്ചു. അടുത്ത മാസം ഉത്സവ സീസണിനോടനുബന്ധിച്ച് ഈ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലിമോസിന്‍+ എന്ന ഒറ്റ ട്രിമ്മിലായിരിക്കും ഇത് വിപണിയില്‍ എത്തുക. 1.6 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോര്‍ 72ബിഎച്ച്പി കരുത്തും 304 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുക. ഈ എന്‍ജിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹൈബ്രിഡ് മോഡലിന് ഏകദേശം 56 ലക്ഷം രൂപയോളമാണ് (എക്‌സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

◾  ചന്ദ്രകാന്ത് എന്ന യുവനോവലിസ്റ്റ് അയാളുടെ നോവലുമായി തന്റെ കുഗ്രാമം വിട്ട് മലയാളത്തിലെ പ്രസാധകരെയും എഴുത്തുകാരെയും തേടിയലയുന്ന സ്ഫോടനാത്മകമായ ഇതിവൃത്തത്തോടെ മലയാള സാഹിത്യലോകത്തെക്കുറിച്ച് പച്ചയായ യാഥാര്‍ത്ഥ്യം തുറന്നടിക്കുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക് കൃതി. എഴുത്തുകാരിലൂടെ സമ്പന്നരാകുന്ന പ്രസാധകരും അവരിലൂടെ ദരിദ്രരാകുന്ന എഴുത്തുകാരുടെയും കഥ പറയുന്ന നോവല്‍. എഴുത്തുകാരന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള നോവല്‍. പ്രസാധകരെ തേടിയലയുന്ന ഒരു കൂട്ടം നവാഗതരും ഹതഭാഗ്യരുമായ യുവ എഴുത്തുകാരുടെ പരിച്ഛേദമാണ് ഈ നോവലിലെ കഥാപാത്രം. ശക്തമായ ഭൂമികയും ആംഗലേയന്‍ ക്ലാസിക് ശൈലിയുമായി ഭാവതീവ്രതയാര്‍ന്ന നോവല്‍. 'രണ്ട് പതിറ്റാണ്ട്'. 17-ാം പതിപ്പ്. നിസ്സാമുദ്ദീന്‍ റാവുത്തര്‍. ബുള്‍ മാക്സ്. വില 437 രൂപ.

◾  ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തലപൊക്കുമ്പോഴാണ് പലര്‍ക്കും കൊളസ്ട്രോള്‍ കൂടുതലായിരുന്നുവെന്ന് തിരിച്ചറിയുക. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ പരിശോധന നടത്താന്‍ നാല്‍പതാം വയസ്സ് വരെ കാത്തുനില്‍ക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ ഹൃദയാഘാത-പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല ഇത്. പ്ലാക്ക് കാലക്രമേണ രക്തധമനികളില്‍ അടിഞ്ഞുകൂടുകയും ഇത് ഹൃദയസംബന്ധമായ ആരോഗ്യഅപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരും കൊളസ്‌ട്രോള്‍ അളവു ഉയരാന്‍ സാധ്യതയുള്ളവരും ഡയറ്റില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും ചേര്‍ക്കാന്‍ ശ്രമിക്കുക. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്‌സ്, മത്സ്യം, ഒലിവ് ഓയില്‍ പോലുള്ളവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ ബട്ടര്‍, നെയ്യ്, കൊഴുപ്പടങ്ങിയ മാംസം, പായ്ക്ക് ചെയ്ത സ്‌നാക്‌സ്, പഞ്ചസാര പാനീയങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവ പരിമിതിപ്പെടുത്താനും ശ്രദ്ധിക്കുക. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ മുന്നിലുള്ള വാതില്‍ തുറന്നുകിട്ടാന്‍ അയാള്‍ ദിവസവും പ്രാര്‍ത്ഥിക്കും.  എന്നിട്ട് പലതവണ അത് തള്ളിനോക്കും.  അടഞ്ഞുകിടക്കുന്ന ആ വാതിലാണ് തന്റെ യാത്രയ്ക്ക് തടസ്സമെന്ന് അയാള്‍ എപ്പോഴും പഴിചാരും.  അടുത്തദിവസം മറ്റൊരാള്‍ ആ വഴി വന്നു.  ആ വാതില്‍ തള്ളിക്കൊണ്ടിരുന്ന അയാളെ, ആ യാത്രക്കാരന്‍ ചെറിയ ഒരു ബോര്‍ഡ് കാണിച്ചുകൊടുത്തു.  വാതില്‍ തുറക്കാനായി വലിക്കുക എന്നാണ്  ചെറിയ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.  ആ ചെറിയ ബോര്‍ഡ് പോലും വായിക്കാന്‍ മെനക്കെടാതെ ദിവസങ്ങളോളമാണ് അയാള്‍ ആ വാതില്‍ തള്ളി സമയം കളഞ്ഞത്.  പലപ്പോഴും, അടഞ്ഞ വാതിലുകളല്ല, തുറക്കുന്നതിലെ അജ്ഞതയാണ് പ്രശ്നം.  എല്ലാ വാതിലുകളും എല്ലാവരുടേയും മുമ്പില്‍ അടഞ്ഞു കിടക്കാറില്ല.  തുറക്കാനറിയുന്നവര്‍ക്ക് മുമ്പില്‍ ഏത് വാതിലും തുറക്കപ്പെടും.  എല്ലാ വാതിലിനും അതിന് വേണ്ടി നിര്‍മ്മിക്കപ്പെട്ട സുരക്ഷാസംവിധാനമായിരിക്കും ഉണ്ടാവുക.  അതനുസരിച്ച് തുറക്കാന്‍ ശ്രമിക്കുക എന്നതാണ് നാം കാണിക്കേണ്ട മര്യാദ - ശുഭദിനം.