മുത്തങ്ങാ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; എം ഗീതാനന്ദന് ഉള്‍പ്പെടെ ആശ്വാസം; ശിക്ഷാവിധി മരവിപ്പിച്ചു.



മുത്തങ്ങാ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

കല്‍പ്പറ്റ കോടതി 19 വര്‍ഷമാണ് ഗീതാനന്ദന്‍ അടക്കമുള്ളവര്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. പിന്നീട് ഇത് എല്ലാംകൂടി അഞ്ച് വര്‍ഷം കഠിന തടവും 10000 രൂപ പിഴ ശിക്ഷയുമാക്കി വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നാലുപേരുടേയും ശിക്ഷ മരവിപ്പിച്ച കോടതി 46,000 കെട്ടിവയ്ക്കണമെന്ന് പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പിന്നീാട് കോടതി വിശദമായ വാദം കേള്‍ക്കും.

2003 ഫെബ്രുവരി 19നാണ് മുത്തങ്ങ സമരത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. 2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘര്‍ഷം രൂക്ഷമായി. ഇതിനിടെ സമരക്കാര്‍ കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സമരനായിക സി കെ ജാനു ഉള്‍പ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയില്‍.

കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് എറണാകുളം സിബിഐ കോടതിയില്‍നിന്ന് കേസ് കല്‍പ്പറ്റയിലേക്ക് മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്‌സാക്ഷികള്‍ ആരുമില്ല. 2003 ഫെബ്രുവരി 19-ന് സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജോഗി കൊല്ലപ്പെട്ടതില്‍ കൃത്യമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ ഇപ്പോഴുമുണ്ട്.