‘എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത്.



മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്.

18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ് കൈയില്‍ പിടിച്ചുവെങ്കിലും രണ്ടുപേരുടെയും കാല് തെറ്റി താഴ്ചയിലേക്ക് വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഈ ആഘാതത്തില്‍ മനംനൊന്ത് അമ്മ സംഗീതയും താഴേക്ക് ചാടി മരിച്ചു.

ഒരു ഐഫോണ്‍ വാങ്ങിയ കുനാലിന് അതിന്റെ ഇന്‍സ്റ്റാള്‍മെന്റ് (ഇ.എം.ഐ) അടയ്ക്കാന്‍ സാധിച്ചിരുന്നില്ലെന്നും സംഭവ ദിവസം രാവിലെ ഇതേച്ചൊല്ലി അച്ഛനുമായി തര്‍ക്കമുണ്ടായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ ഒരു വര്‍ഷം മുമ്പും ഇതേ സ്ഥലത്തുവെച്ച് കുനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും, ദമ്പതികളുടെ മൂത്ത മകന്റെ മരണത്തിന് ശേഷം കുടുംബത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ കേസില്‍ പൊലീസിന്റെ ശ്രദ്ധ തിരിച്ചത് സംഗീതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്. കുടുംബവഴക്കിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ഇത്:

‘സ്വത്തിന്റെ പേരില്‍ നിങ്ങളെന്നെയും എന്റെ മകനെയും അവകാശങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. സഹോദരങ്ങളെയും മാതാപിതാക്കളെയും ഒരുമിച്ച് കഴിയാന്‍ നിങ്ങള്‍ അനുവദിച്ചില്ല. സന്തോഷകരമായ എന്റെ കുടുംബത്തെ നിങ്ങള്‍ തകര്‍ത്തു… എന്റെ കുടുംബത്തില്‍ വിഷം കലര്‍ത്തി… മകനെ മാതാപിതാക്കളില്‍ നിന്ന് അകറ്റി. നിങ്ങളുടെ അടുത്ത ഏഴ് തലമുറകള്‍ ഇതിന്റെ ദുരിതം അനുഭവിക്കും. ഇത് എന്റെ ശാപമാണ്.’

എന്നാല്‍ തന്റെ പോസ്റ്റില്‍ സംഗീത ആരുടെയും പേര് പരാമര്‍ശിക്കുകയോ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഈ പോസ്റ്റ് ആരെ ഉദ്ദേശിച്ചുള്ളതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ആറ് വര്‍ഷം മുമ്പ് രോഗബാധയെ തുടര്‍ന്നാണ് ദമ്പതികളുടെ മൂത്ത മകന്‍ മരിച്ചത്. ഇതിനുശേഷം കുടുംബത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. വീട്ടിലെ തര്‍ക്കങ്ങള്‍ കാരണം മുരളിധര്‍ ജോലിയില്‍ മുഴുകുകയും മാസങ്ങളോളം വീട്ടില്‍ വരാതിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ ദുരന്തം നടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മുരളിധര്‍ വീണ്ടുമെത്തിയത്. ഇത് വീട്ടില്‍ സംഘര്‍ഷാവസ്ഥ കൂട്ടിയെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ആത്മഹ്യാ ഭീഷണിയും മരണവും സംഭവിച്ചതും.