നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 332 ആയി, കാണാതായ 288 ഇന്ത്യക്കാരിൽ 33 പേർ മലയാളികൾ



കാഠ്‌മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ അറിയിച്ചു. ഇതിൽ 33 പേർ മലയാളികളാണ്. പശ്ചിമബംഗാളിൽ നിന്നുള്ള 32 പേരെയും കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള 85 പേരെ കുറിച്ചും വിവരമില്ല.

 കാണാതായവരിൽ ഒരുസംഘം ത്രിശൂലി -1 വൈദ്യുത പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരാണ്. മറ്റൊരു സംഘം കൈലാസ് മാനസരോവർ തീർത്ഥാടനത്തിനെത്തിയ തമിഴ്‌നാട്ടുകാരാണ്. ഇതുകൂടാതെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരെയും കേരളത്തിൽ നിന്നുള്ള 33 പേരെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താക്കി.

നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോർഖ ജില്ലകളിലാണ് പ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ 8.30ഓടെ ഭോട്ടേകോശി, ത്രിശൂലി നദികളിലാണ് വെള്ളപ്പൊക്കമുണ്ടായത്.

ആശയവിനിമയത്തിനായുള്ള സംവിധാനങ്ങളെല്ലാം പൂർണമായും തകർന്ന നിലയിലാണ്. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 332ആയി ഉയർന്നു.

അതേസമയം 178 ഇന്ത്യക്കാർ ഉൾപ്പെടെ 644 വിനോദസഞ്ചാരികളെ കാണാതായതായാണ് നേപ്പാൾ ടൂറിസം ബോർഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്ന വിവരം. ട്രക്കിങ്- ട്രാവൽ കമ്പനികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും 650ഓളം പേരെ കാണാതായെന്ന പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 

ട്രാവൽ ഏജൻസികൾ, ഗൈഡുകൾ, പ്രാദേശിക അധികൃതർ, സുരക്ഷാ ഏജൻസികൾ എന്നിവയുമായി ചേർന്ന് ഈ വിവരം പരിശോധിച്ച് വരികയാണ്. നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുപ്രകാരം കാണാതായവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. നേപ്പാൾ-127, യുഎസ്-65, യുക്രെയ്ൻ - 53, മലേഷ്യ -51, ഓസ്ട്രേലിയ- 35, യുകെ- 33, കാനഡ-25, ജർമനി-8, റഷ്യ-8, സൗത്ത് ആഫ്രിക്ക- 6, ലാത്വിയ-6, ജപ്പാൻ-5, ഫ്രാൻസ്-4 എന്നിങ്ങനെയാണ് ഓരോ രാജ്യങ്ങളിൽ നിന്നും കാണാതായവരുടെ കണക്കുകൾ. കുടുങ്ങി കിടക്കുന്നവരെ അടക്കം രക്ഷപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.