പൊലീസ് സംഘടനകളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവും അഡ്‌ഹോക്ക് കമ്മറ്റിയുടെ പ്രവത്തനവും ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് പൊലീസ് സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടാക്കാന്‍ ആയിരുന്നു ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്.
ഇതോടെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ പി ഒ എ ) ഇല്ലാതാകും. ഇതിനെതിരെയാണ് ഇപ്പോൾ കേരള പോലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചത്.
അധികാരം ഏറ്റെടുത്ത് വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ സർക്കാരിന് വലിയൊരു രാഷ്ട്രീയ പ്രഹരമാണ് കോടതിയിൽ നിന്ന് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിൽ കേരള പോലീസിൽ മൂന്ന് സംഘടനകളാണ് പ്രവർത്തിക്കുന്നത്: കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ. ഇതിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനെ ഇല്ലാതാക്കി, സംഘടനകളുടെ എണ്ണം രണ്ടായി ചുരുക്കാനായിരുന്നു ആഭ്യന്തര വകുപ്പിന്റെ നീക്കം. ഇത്തരത്തിൽ സംഘടനകളെ വെട്ടിച്ചുരുക്കി പോലീസ് സേനയ്ക്കുള്ളിൽ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ആരോപണമുണ്ട്. നിലവിൽ സംഘടനകളുടെ നേതൃത്വത്തിലുള്ള ഇടത് ആഭിമുഖ്യമുള്ളവരെ മാറ്റി, അസോസിയേഷനുകളെ സ്വന്തം നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു യുഡിഎഫ് ലക്ഷ്യമിട്ടത്.
സംഘടനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടി കേരള പോലീസ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും നൽകിയ ഹർജികളിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ