താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു: വലിയ വാഹനങ്ങളും അനാവശ്യ ഓവർടേക്കിംഗും സ്ഥിതി സങ്കീർണ്ണമാക്കുന്നു.


കോഴിക്കോട്/വയനാട്: താമരശ്ശേരി ചുരത്തിൽ മണിക്കൂറുകൾ പിന്നിട്ടിട്ടും ഗതാഗതക്കുരുക്കിന് അയവില്ലാതെ തുടരുന്നു. രാവിലെ നേരിട്ട യാത്രാതടസ്സത്തിന് പിന്നാലെ, ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ വലിയ ട്രെയിലർ, മൾട്ടി-ആക്‌സിൽ വാഹനങ്ങൾ തിരിയുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നിലവിൽ കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നത്. വലിയ വാഹനങ്ങൾക്ക് വളവുകൾ തിരിയാൻ കൂടുതൽ സമയമെടുക്കുന്നതും എതിർദിശയിൽ നിന്നുള്ള ഗതാഗതത്തെ പൂർണ്ണമായി ബാധിക്കുന്നുണ്ട്.

ഇതിനുപുറമേ, കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ക്ഷമയില്ലാതെ വരിതെറ്റിച്ച് ഓവർടേക്ക് ചെയ്ത് കയറാൻ ശ്രമിക്കുന്നത് ചുരത്തിലെ ഗതാഗതം പൂർണ്ണമായും നിശ്ചലമാക്കുന്ന അവസ്ഥ ഉണ്ടാക്കുന്നുണ്ട്. നിരതെറ്റിച്ചുള്ള ഇത്തരക്കാരുടെ ഡ്രൈവിംഗ് കാരണം ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ റോഡ് ബ്ലോക്കാവുകയാണ്. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ച് സ്വന്തം വരിയിൽ മാത്രം വാഹനങ്ങൾ നിർത്തിയിടാനും ഓവർടേക്കിംഗ് പൂർണ്ണമായും ഒഴിവാക്കാനും യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.