പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്‍റെ പേരില്‍ വ്യാജ കോള്‍; രണ്ടുപേര്‍ അറസ്റ്റിൽ.



പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്‍റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള വ്യാജ ഫോണ്‍ കോളില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കല്‍ തന്നെയായിരുന്നു ലക്ഷ്യമെന്ന് കോഴിക്കോട് സൈബര്‍ പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്ത േശഷം മാത്രമേ മറ്റുവിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു. 

കേരളത്തില്‍ ഉടന്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഓഫിസില്‍ നിന്നെന്ന് അവകാശപ്പെട്ട് എലത്തൂര്‍ എംഎല്‍എ വിദ്യ ബാലകൃഷ്ണന് വാട്സാപ്പ് ഫോണ്‍ കോള്‍ എത്തിയത്. ഇംഗ്ലിഷിലായിരുന്നു തട്ടിപ്പുകാരുടെ സംസാരം. പണം നല്‍കി എങ്ങനെയാണ് മന്ത്രിയാകുന്നത് എന്ന് വിദ്യ തിരിച്ച ്ചോദ്യം ചെയ്തപ്പോള്‍ തട്ടിപ്പുസംഘം പദ്ധതി വിശദീകരിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഓഫിസില്‍ വിവരമറിയിച്ചതോടെ അങ്ങനെയൊരു ഫോണ്‍ സന്ദേശമില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.