കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ മഴക്കും അതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരുംമണിക്കൂറിൽ മുന്നറിയിപ്പിൽ മാറ്റം വരാമെന്നും കൂടുതൽ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടത്തരം മഴക്കും ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ പാത്തി കേരളത്തോട് അടുത്തതാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ കാറ്റും അനുകൂലമായി ഉയർന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ