കോട്ടയം എം ജി യൂണിവേഴ്സിറ്റിയിലെ പാറ്റയുടെ ചിത്രമുള്ള ഫ്ലക്സിനെ ചൊല്ലി തർക്കം. എംജി യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലക്സ് ആണ് വിവാദമായത്. സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. ഫ്ലക്സ് എത്രയും വേഗം എടുത്തു മാറ്റണമെന്ന് വി സി പറഞ്ഞു.
എന്നാൽ ഫ്ലക്സിൽ രാഷ്ട്രീയമില്ലെന്നും ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളോടുള്ള ഐക്യദാർഢ്യമെന്നുമാണ് യൂണിയൻ നിലപാട്. ഒരു കാരണവശാലും ബോർഡ് മാറ്റില്ലെന്ന നിലപാടിലാണ് യൂണിയൻ. കേന്ദ്രസർക്കാരിന് പിന്നാലെ എം ജിയിലെ വി സിയ്ക്കും പാറ്റയെ പേടിയാണെന്നും യൂണിവേഴ്സിറ്റി ചെയർമാൻ അഭിനവ് എം ട്വന്റിഫോറിനോട് പ്രതികരിച്ചു. വിസിയുടെ നിർദേശം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കൂടുതൽ ഫ്ലക്സുകൾ സ്ഥാപിക്കുമെന്നും നേതൃത്വം നൽകുന്ന യൂണിവേഴ്സിറ്റി യൂണിയൻ വ്യക്തമാക്കി.
അതേസമയം, പാറ്റയുടെ ചിത്രമുള്ള ഫ്ലക്സുകൾക്ക് വിലക്കേർപ്പെടുത്തിയതിൽ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസിൽ കൂടുതൽ പാറ്റ ബോർഡുകൾ സ്ഥാപിച്ച് കൊണ്ടായിരിക്കും എസ്എഫ്ഐയുടെ പ്രതിഷേധം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ