വാട്ട്‌സ്ആപ്പ് യൂസര്‍ നെയിം സെറ്റ് ചെയ്‌തോ? ഒരു ട്വിസ്റ്റുണ്ട്; ഫീച്ചറിന്റെ അപകടങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

 


വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിക്കാനിരിക്കുന്ന യൂസര്‍ ഐഡി ഫീച്ചര്‍ പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഫീച്ചര്‍ വരുന്നതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചേക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധനകള്‍ക്ക് തയ്യാറെടുക്കുന്നത്. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മെറ്റയ്ക്ക് നോട്ടീസ് നല്‍കും എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ഫോണ്‍ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് രൂപകല്‍പ്പന ചെയ്തത്.


ഫോണ്‍നമ്പര്‍ കൈമാറുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാതെ തന്നെ യൂസര്‍ ഐഡി ഉപയോഗിച്ചുകൊണ്ട് ചാറ്റ് ചെയ്യാനാകുന്ന ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. ഇത് സ്വകാര്യത സംരക്ഷിക്കാനാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നതെങ്കിലും ഇത് തട്ടിപ്പുകാര്‍ക്ക് വളംവച്ചുകൊടുക്കുന്ന ഫീച്ചറുമായേക്കാമെന്നാണ് ആശങ്ക ഉയരുന്നത്. ടെലിഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ സ്‌കാമുകള്‍ പെരുകുന്നുവെന്നും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ഐഡന്റിറ്റി തെളിയിക്കുന്ന യാതൊന്നുമില്ലാതെ ചാറ്റ് ചെയ്യാന്‍ അവസരമൊരുക്കിയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടായേക്കുമെന്നുമാണ് ഉയരുന്ന ആശങ്കകള്‍.


നിങ്ങള്‍ക്ക് താത്പര്യമുള്ള യൂസര്‍ നെയിംസ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്നാണ് വാട്ട്സആപ്പ് കമ്പനി വ്യക്തമാക്കിയിരുന്നത്. നാട്ടിലെ ക്ലബുകളിലെ അംഗങ്ങള്‍, അയല്‍ക്കാരുടെ ഗ്രൂപ്പുകള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടി വരുന്നവര്‍ തുടങ്ങി നമ്മുക്ക് നമ്പര്‍ കൈമാറാന്‍ താത്പര്യമില്ലാത്ത, എന്നാല്‍ സംസാരിക്കേണ്ടി വരുന്നവരുമായി സുരക്ഷിതമായി ചാറ്റ് ചെയ്യാന്‍ അവസരം ഉണ്ടാകുമെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചതോടെ പല ഉപയോക്താക്കളും തങ്ങളുടെ യൂസര്‍ നെയിം സെറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്.