ദില്ലിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനും ഭാവനയും. ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, മറിച്ച് സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് ദുൽഖർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചപ്പോൾ രാജ്യതലസ്ഥാനത്തെ കാഴ്ചകൾ ഹൃദയം തകർക്കുന്നതായി ഭാവനയും കുറിച്ചു.
ചില വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോള്‍, മറ്റു ചിലര്‍ എല്ലാം അവസാനിപ്പിക്കാനടക്കം തീരുമാനിക്കുന്നു എന്നറിയുമ്പോള്‍ എന്റെ ഹൃദയം കൂടുതല്‍ വേദനിക്കുന്നു, വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നതാണ്, ദുല്‍ഖര്‍ കുറിച്ചു. ഈ രാജ്യത്ത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാവന ചോദിച്ചു. അനീതിക്കെതിരായ പോരാട്ടത്തിനൊപ്പമാണ് താനെന്നും ഭാവന പ്രഖ്യാപിച്ചു.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് സിനിമാരംഗത്തെ നിരവധിപ്പേർ ഐക്യദാർഢ്യം അർപ്പിച്ച് രംഗത്തെത്തിയിരുന്നു. ആസിഫ് അലി, ടൊവിനോ തോമസ്, നസ്ലെൻ, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിഖില വിമല്‍, ജോജു ജോര്‍ജ്, ഗൗരി കിഷന്‍, പ്രിയ വാര്യര്‍, ശാന്തി ബി, രഞ്ജിനി ഹരിദാസ്, ദിവ്യ പ്രഭ, വിസ്മയ മോഹന്‍ലാല്‍, ചന്തു സലിംകുമാര്‍, ഹാഷിര്‍, സംവിധായകരായ ആഷിഖ് അബു, മഹേഷ് നാരായണന്‍ എന്നിവർ തെരുവിൽ പൊരുതുന്ന വിദ്യാർഥികൾക്ക് ഇതിനോടകം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ