പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  ജൂലൈ 29, ബുധന്‍ 
1201  കര്‍ക്കടകം 13,  ഉത്രാടം
1448  സ്വഫർ 14

◾  മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കൊല്ലാമെന്ന് ഉത്തരവ്. ഇതിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണിത്. നായകളെ എങ്ങനെ, എപ്പോള്‍ കൊല്ലാമെന്നതിന് വിശദമായ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും.

◾  കണ്‍സ്യൂമര്‍ കേരളത്തെ മാനുഫാക്ചറിങ് കേരളമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കെഎസ്എസ്‌ഐഎ എംഎസ്എംഇ പുരസ്‌കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നുതെന്നും എന്നാല്‍ നികുതി വര്‍ധിപ്പിച്ച് പ്രതിസന്ധി ഇല്ലാതാക്കുകയല്ല സര്‍ക്കാര്‍ നയമെന്നും ഖജനാവിന്റെ ചോര്‍ച്ച അടയ്ക്കാനുള്ള കാര്‍ക്കശ്യം നിറഞ്ഞ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള ചട്ടക്കൂടുകള്‍ ഉണ്ടാകുമെന്നും കേരളത്തെ മുഴുവന്‍ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്കെ. നിലവില്‍ കേസുകളിലും എഫ്ഐആറുകളിലും അന്വേഷണം തുടരാം എന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും അഭിജിത് ദിപ്കെ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാനുള്ള സമയപരിധി അവസാനിക്കുകയാണെന്നും, നല്‍കിയ വാക്ക് സര്‍ക്കാര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി.


◾  തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനം. 100 സീറ്റുകളില്‍ പ്രവേശനം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആരോഗ്യമന്ത്രി കെ മുരളീധരനും ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്. നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. കേസില്‍ റിമാന്‍ഡിലുള്ള പി. എസ്. പ്രശാന്തിനെയും ബോര്‍ഡ് അംഗം എ. അജികുമാറിനെയും എസ്ഐടി കസ്റ്റഡിയില്‍ വാങ്ങി.

◾  ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന്, അനധികൃത മദ്യവ്യാപാരം എന്നിവ തടയാന്‍ എക്സൈസ് വകുപ്പ് ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് ശക്തമാക്കുന്നു. സേനയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍ കിറ്റുകള്‍, വാഹനങ്ങള്‍ എന്നിവ നല്‍കാനും 'വിമുക്തി' പദ്ധതി വ്യാപിപ്പിക്കാനും തീരുമാനമായി.

◾  നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

◾  രാജ്യത്തെ വിദ്യാര്‍ഥികളുടെ ആത്മഹത്യ കണക്ക് ഒരു അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍ എംപി. ഈ നിയമനിര്‍മ്മാണത്തിലേക്ക് എത്താന്‍ എത്ര വിദ്യാര്‍ഥികളുടെ ചോരവീണു എന്നും അദ്ദേഹം ചോദിച്ചു. കുറ്റബോധം കൊണ്ടാണ് മോദിയും അമിത് ഷായും ചര്‍ച്ചക്കെത്താത്തതെന്നും കേന്ദ്രം വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു.



◾  എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. ഈ നടപടിയെ ജനാധിപത്യ ധ്വംസനമെന്ന് വിശേഷിപ്പിച്ച പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. ഭരണകൂട വേട്ടയാടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

◾  ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ആര്‍എസ്എസ് മുഖപത്രമായ 'ഓര്‍ഗനൈസര്‍' തയാറാക്കിയ ഹിറ്റ്‌ലിസ്റ്റില്‍ തന്റെ പേരുമുണ്ടെന്ന് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. ഇതിനെ ഒരു അംഗീകാരവും ബഹുമതിയുമായി കാണുന്നുവെന്നും ഇത്തരം ഭീഷണികള്‍ കൊണ്ട് സമരരംഗത്ത് നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

◾  രക്ഷാപ്രവര്‍ത്തന അട്ടിമറി കേസില്‍ സസ്പെന്‍ഷനിലായ എഡിജിപി എംആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെന്‍ഷന് സ്റ്റേ ഇല്ല. ഇടക്കാല ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി. സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.

◾  രാജ്യത്തെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും രാജ്യം എങ്ങനെയും മാറ്റിയെടുക്കാമെന്നതിന്റെ തെളിവാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ വിജയമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. . സിയാദിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹം, ടിജി മോഹന്‍ദാസിനെതിരെ കേസെടുക്കാത്തതിനെയും വിലക്കയറ്റം, വൈദ്യുതി പ്രതിസന്ധി എന്നിവയെയും ചോദ്യം ചെയ്തു.

◾  ഓണത്തിന് ബെംഗളൂരുവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ആഗസ്റ്റ് 25, 29 തീയതികളില്‍ ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്കും 26, 30 തീയതികളില്‍ കോട്ടയത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും സര്‍വീസ് നടത്തും.

◾  അഖില്‍ മാരാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20. അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. തൃക്കാക്കരയില്‍ മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നെങ്കില്‍ മത്സരിക്കേണ്ടായിരുന്നുവെന്നും പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ടു വരുന്നവര്‍ക്ക് പറ്റിയ പ്രസ്ഥാനം അല്ല ട്വന്റി 20 എന്നും വിശദീകരണത്തില്‍ പറയുന്നു.



◾  മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിന്‍ രാജിന് ജാമ്യമില്ല. നിധിന്‍ രാജിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്.

◾  തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഒരു ഗഡു കൂടി അനുവദിച്ചു. ജൂണിലേക്കുള്ള 265.55 കോടിയാണ് അനുവദിച്ചത്. ഇത് മൂന്നാം ഗഡുവാണ് അനുവദിച്ചത്. 21 നാണ് രണ്ടാം ഗഡു അനുവദിച്ച് ഉത്തരവിറക്കിയത്.

◾  ആലുവയില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. ശനിയാഴ്ച രാത്രിയോടെ കാണാതായ പെണ്‍കുട്ടിയെ പൂനെയില്‍ നിസാമുദ്ദീന്‍ എക്സ്പ്രസില്‍ നിന്നാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം പോയ കുട്ടിയെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെയാണ് ട്രെയിനില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

◾  ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചത് പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനം കാരണമെന്ന പരാതി കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്, ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

◾  വാഗമണ്ണിന് അടുത്ത് തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വില്‍ക്കുന്ന മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു എന്ന് അസം സ്വദേശിയായ 22കാരിയുടെ പരാതി.  പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.

◾  കോഴിക്കോട് പേരാമ്പ്ര ബി.ആര്‍.സിയിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള ലഹരികച്ചവടത്തിലെ ഒരു കണ്ണി കൂടി പൊലീസ് പിടിയില്‍. ചെങ്ങരോത്ത് ഓട്ടിസം സെന്ററിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായ പേരാമ്പ്ര ആവള കുട്ടോത്ത് വലിയ പറമ്പില്‍ നീഷ്മയാണു അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പേരാമ്പ്ര ബി.ആര്‍.സിയിലെ താത്കാലിക അധ്യാപികമാരായ മൂവരും ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി.



◾  ജൂലൈ 24-ന് നടന്ന പരിപാടിയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം നടത്തുകയും ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോളവാരം ജില്ലയിലെ രമ്പചോഡവരം സ്വദേശിനിയായ മുര്‍റം ശിവാനി (15) ആണ് മരിച്ചത്. സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

◾  സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്ന 'ഡല്‍ഹി ലക്ഷ്മി യോജന' പദ്ധതിക്ക് ഡല്‍ഹി സര്‍ക്കാര്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

◾  ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബിജെപി ഒബിസി മോര്‍ച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയുമായ നാനക് റാം ഭുര്‍ജി (68) കെട്ടിടത്തില്‍നിന്നും വീണു മരിച്ചു. ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ യുപി എംഎല്‍എമാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയില്‍ നിന്നും നാനക് റാം വീണത്.

◾  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ഉപഭോക്തൃ സംതൃപ്തി സൂചികയില്‍ ഖജുരാഹോ വിമാനത്താവളം ഇന്ത്യയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ജൂലൈ 1 മുതല്‍ ഇവിടെ നിന്നുള്ള എല്ലാ കൊമേഴ്ഷ്യല്‍ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

◾  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി 11 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. ഈ നയരൂപീകരണത്തില്‍ തനിക്ക് പങ്കില്ലെന്നും വ്യാജ ഉള്ളടക്കങ്ങള്‍ പ്രതിച്ഛായക്ക് ഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഗൂഗിള്‍, മെറ്റാ എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. ബോംബെ ഹൈക്കോടതി കേസ് ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കും.

◾  കസ്റ്റഡിയിലുള്ളതും കല്ലുകള്‍ നിറഞ്ഞതുമായ വാഹനം സമാധാനപരമായി ആളുകള്‍ തടിച്ചുകൂടിയ ഡല്‍ഹിയിലെ പ്രതിഷേധ സ്ഥലത്തേക്ക് മാറ്റാന്‍ ഉത്തരവിട്ടത് ആരാണെന്ന് ഡല്‍ഹി പൊലീസ് ഉടന്‍ വ്യക്തമാക്കണമെന്ന് സിജെപി നേതാക്കള്‍. സമാധാനപരമായി പ്രതിഷേധിക്കുന്ന വന്‍ ജനക്കൂട്ടത്തിനിടയിലേക്ക് കല്ലുകള്‍ എത്തിക്കാന്‍ തീരുമാനമെടുത്ത പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ദുരൂഹ ലോറി ജൂലൈ 20-ന് നാല് ദിവസം മുമ്പ് തന്നെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണെന്ന വെളിപ്പെടുത്തലും സിജെപി നടത്തി.

◾  പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. പുതിയ വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി ബില്‍കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികള അനുകൂലിച്ചുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതാണ് ബഹളത്തിന് കാരണം. ഇതിന്റെ രേഖ സഭയില്‍ വച്ച ശേഷമേ തുടര്‍ പ്രസംഗം അനുവദിക്കൂവെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പത്രത്തില്‍ വന്ന റിപ്പോര്‍ട്ടെന്ന് പ്രിയങ്ക മറുപടി നല്‍കി.

◾  കോക്ക്റോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കമുള്ള പൊലീസ് നടപടികള്‍ നേരിടുന്ന സമരക്കാര്‍ക്ക് നിയമസഹായം എത്തിക്കുന്നതിനായാണ് സംഭാവന.

◾  ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് മറുപടിയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. കങ്കണയെ ബിജെപിക്കാര്‍ പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേള്‍ക്കുന്നില്ലെന്നുമായിരുന്നു മറുപടി. എംപിയുടെ ജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്തവരാണ് സിജെപിയെ വിമര്‍ശിക്കുന്നത്. കങ്കണയ്ക്ക് കുറച്ചൊക്കെ രാഷ്ട്രീയ മര്യാദയാകാമെന്നും സിജെപി വക്താവ് സൗരവ് ദാസ് വിമര്‍ശിച്ചു.

◾  ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി കോളേജ് അധ്യാപകന്റെ പരാതി. ഉത്തര്‍പ്രദേശിലെ ബരേയ്ലി ഗാന്ന ഉത്പഡക് പിജി കോളേജിലെ കൊമേഴ്സ് വിഭാ?ഗം അസി. പ്രൊഫസറായ ഡോ. മോഹിത് ഭരദ്വാജ്(32) ആണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

◾  ജന്തര്‍ മന്തറിലെ സമരക്കാര്‍ക്ക് നേരെയുള്ള നടപടിയില്‍ ദില്ലി പൊലീസിനെതിരെ ഇടത് വിദ്യാര്‍ഥി സംഘടനയായ ഐസ. ടി.ജി. മോഹന്‍ദാസിന്റെ പരാമര്‍ശം കേട്ടാണോ പൊലീസ് സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിയതെന്ന് തോന്നുന്നുവെന്ന് ഐസ അധ്യക്ഷ നേഹ ബോറ പറഞ്ഞു.എല്ലാവരെയും വിട്ടയക്കും വരെ സമരം അവസാനിക്കില്ലെന്നും നേഹ ബോറ മുന്നറിയിപ്പ് നല്‍കി.

◾  കോക്രോച്ച് ജനതാ പാര്‍ട്ടി' തങ്ങളുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ഫണ്ട് പ്രഖ്യാപിച്ച പ്രസ്ഥാനം, നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി.

◾  നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ 13 പ്രതികള്‍ക്കെതിരെ സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ദില്ലി റൗസ് അവന്യൂ കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ 13 പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും.

◾  ഡാര്‍ക്ക് വെബില്‍ കൂടുതല്‍ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശവാദം. ഡിആര്‍ഡിഒ അടക്കം പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 1.5 ടിബി രേഖകള്‍ ലഭ്യമെന്നാണ് പരസ്യം. പുറത്തുവന്ന ഡേറ്റ ചോര്‍ച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി.

◾  പാക് അധീന കശ്മീരില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരേ പാകിസ്ഥാന്‍ പൊലീസും സുരക്ഷാസേനയും നടത്തിയ വെടിവെപ്പില്‍ 24 മണിക്കൂറിനിടെ 20 പേര്‍ കൊല്ലപ്പെട്ടതായും 50-ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലെ റവാല്‍ക്കോട്ട് മേഖലയിലാണ് പാകിസ്ഥാന്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്.

◾  ഹോര്‍മൂസ് കടലിടുക്കിലെ തര്‍ക്കം പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത നിയന്ത്രണ പദ്ധതി ഒമാന്‍ ഇറാന് മുന്നില്‍ വെച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം സമാന്തര പാതയെന്ന മറ്റൊരു നിര്‍ദേശം ഇറാന്‍ തള്ളിയിട്ടുണ്ട്

◾  കനത്ത ആക്രമണത്തിലൂടെയാണ് ഇറാനെ ഇപ്പോഴത്തെ ചര്‍ച്ചകളിലേക്കെത്തിച്ചതെന്ന അവകാശവാദവുമായി ഡോണള്‍ഡ് ട്രംപ്. 13 രാത്രികള്‍ നീണ്ട ആക്രമണം ഇല്ലായിരുന്നുവെങ്കില്‍ ഇറാന്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് സമ്മതിക്കില്ലായിരുന്നു എന്നാണ് ട്രംപ് പറഞ്ഞുവച്ചത്.

◾  ജപ്പാനില്‍ അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സമുദ്രോപരിതലത്തില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

◾  റിയാദിലെയും കിഴക്കന്‍ പ്രവിശ്യയിലെയും എണ്ണകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാഖില്‍നിന്ന് എത്തിയ ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഭീകര മിലിഷ്യകളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഇറാഖ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

◾  2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 വിഭാഗത്തില്‍ 9.81 മീറ്റര്‍ ദൂരം എറിഞ്ഞ് 40-കാരിയായ ഷര്‍മിള ധന്‍കര്‍ സ്വര്‍ണം കരസ്ഥമാക്കി. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടം ഷര്‍മിള സ്വന്തമാക്കി. വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഹര്‍ജീന്ദര്‍ കൗറിന് വെള്ളി. ഹര്‍ജീന്ദറിന്റെ നേട്ടത്തോടെ ഈ വര്‍ഷത്തെ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ മാത്രം ഇന്ത്യയുടെ മെഡല്‍എണ്ണം ഏഴായി. പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങ്വെള്ളി മെഡല്‍ നേടി ഈ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി.

◾  ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ഇതിഹാസതാരം സിനദിന്‍ സിദാനെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ നിയമിച്ചു. പരിശീലകനായിരുന്ന ദിദിയര്‍ ദെഷാംസ് പടിയിറങ്ങിയതിന് പിന്നാലെയാണ് സിദാന്റെ വരവ്.

◾  ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യുപിഐ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി യുപിഐ ആപ്പുകളിലും ബാങ്കുകളിലും ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ മറയ്ക്കണമെന്ന് എന്‍പിസിഐ നിര്‍ദ്ദേശിച്ചു. ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സെപ്റ്റംബര്‍ 4 വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രമേ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കൂ. യുപിഐ ഐഡികള്‍, അക്കൗണ്ട് നമ്പറുകള്‍ എന്നിവയും ഇത്തരത്തില്‍ മറയ്ക്കേണ്ടതുണ്ട്. ക്യുആര്‍ കോഡ് വഴി പണമടച്ചു കഴിഞ്ഞാല്‍ പിന്നീട് മൊബൈല്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. യുപിഐ ആപ്പുകളും ബാങ്കുകളും പുതിയ നിയമത്തിന് അനുസൃതമായി തങ്ങളുടെ സിസ്റ്റങ്ങള്‍ സജ്ജമാക്കണമെന്ന് എന്‍പിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

◾  പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ പുതിയ വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. വൊഡഫോണ്‍ ഐഡിയയുടെ കണ്ടന്റ് അഗ്രഗേഷന്‍ സര്‍വീസ് ആയ വി മൂവീസ് ആന്റ് ടിവിക്ക് കീഴിലാണ് പുതിയ പ്ലാന്‍. 28 ദിവസത്തെ വാലിഡിറ്റിയില്‍ 200 രൂപ വിലയുള്ള ഈ പ്ലാന്‍, 20 ഓവര്‍ ദി ടോപ്പ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്കും 200ലധികം ലൈവ് ടിവി ചാനലുകളിലേക്കും ഗണ്യമായ ഡാറ്റ ആനുകൂല്യങ്ങളിലേക്കും ഒരൊറ്റ സബ്‌സ്‌ക്രിപ്ഷന്‍ വഴി ആക്‌സസ് നല്‍കുന്നു. നിരവധി സേവനങ്ങള്‍ ഒരൊറ്റ പ്രതിമാസ റീച്ചാര്‍ജിലേക്ക് ഏകീകരിക്കുന്നതിലൂടെ, പ്ലാന്‍ സ്റ്റാന്‍ഡേര്‍ഡ് പ്രതിമാസ കേബിള്‍ അല്ലെങ്കില്‍ ഡിടിഎച്ച് കണക്ഷനുകളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സമഗ്രമായ ഡിജിറ്റല്‍ വിനോദം സാധ്യമാക്കുന്നു. ഒടിടി സബ്‌സ്‌ക്രിപ്ഷനുകളില്‍ ജിയോ ഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, മനോരമ മാക്‌സ്, ഫാന്‍കോഡ്, പ്ലേഫിക്‌സ് എന്നിവ അടക്കം 20 സ്ര്ടീങ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഈ പ്ലാന്‍ വഴി പ്രവേശനം നല്‍കുന്നു.

◾  ദുല്‍ഖറിനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യഗാനം പുറത്ത്. 'ചിട്ടി ചിട്ടി ചീമാ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനത്തിന്റെ തെലുങ്കു പതിപ്പിനു പുറമേ മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളും പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനൊപ്പം നായികയായി എത്തുന്നത് പുതുമുഖമായ സാത്വിക വീരവല്ലിയാണ്. ജി.വി പ്രകാശാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'കുട്ടി കുട്ടി പൂവേ' എന്നു തുടങ്ങുന്ന മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് നിത്യ മാമ്മന്‍ ആണ്. അരുണ്‍ ആലാട്ട് മലയാളം വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'കൃഷ്ണ' എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഒരു ഫീല്‍ഗുഡ് ചിത്രമായാണ് സിനിമ എത്തുകയെന്നാണ് ക്യാരക്റ്റര്‍ പോസ്റ്ററും ആദ്യ ഗാനവും നല്‍കുന്ന സൂചനകള്‍.

◾  തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയ്യുടെ ചിത്രം 'ജന നായകന്‍' ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക്. വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 250 കോടിയില്‍പരം രൂപയിലേക്കു കുതിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കോടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷന്‍ ആണ്. പ്രവര്‍ത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. ഇന്ത്യയില്‍ ഇതുവരെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ കൂടി 5.8 മില്യണ്‍ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജ ഹെഡ്ഗെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

◾  മെറിഡിയന്റെ ഏറ്റവും പുതിയ 85-ാമത് ആനിവേഴ്സറി എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ്, 36.05 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഏഴ് സീറ്റര്‍ എസ്യുവി വില്‍പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ വെറും 85 യൂണിറ്റുകള്‍ മാത്രം പ്രൊഡക്ഷനുള്ള വളരെ ലിമിറ്റഡ് മോഡലായിരിക്കും ഇത്. അംഗീകൃത ജീപ്പ് ഡീലര്‍ഷിപ്പുകളിലും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യല്‍ എഡിഷന്‍, ടോപ്പ്-സ്പെക്ക് ഓവര്‍ലാന്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ ആനിവേഴ്സറി സ്പെസിഫിക്ക് അഡീഷനുകളാല്‍ നോര്‍മല്‍ മോഡലില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. പേള്‍ വൈറ്റ്, ടെക്നോ മെറ്റാലിക് ഗ്രീന്‍, വെല്‍വെറ്റ് റെഡ്, ഗ്രിജിയോ മഗ്നീഷ്യോ, ബ്രില്യന്റ് ബ്ലാക്ക് തുടങ്ങിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് മെറിഡിയന്റെ വില ഇപ്പോള്‍ 30.45 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്, മുന്‍ വിലയേക്കാള്‍ 45,000 രൂപ കൂടുതലാണിത്.

◾  പെരിയാറിന്റെ വന്യതയില്‍ നായാട്ടിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞുകൊണ്ട് മനുഷ്യനും ദൈവങ്ങള്‍ക്കും ഇടയിലുള്ള നിഗൂഢമായ ഉടമ്പടികളെയും അമാനുഷിക ഘടകങ്ങളെയും വിശ്വസനീയമാംവിധം കോര്‍ത്തിണക്കിയ നോവലാണ് മനു കെ. സാജന്‍ എഴുതിയ 'ഗാനിമീഡ് ശാസ്ത്രത്തെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ച് മലയാളത്തിന് തികച്ചും പുതുമയാര്‍ന്ന പ്രമേയപരിസരം ഈ നോവല്‍ കാഴ്ചവയ്ക്കുന്നു. ലളിതവും എന്നാല്‍ ദൃഢവുമായ ഭാഷയിലൂടെ കാടിന്റെ നിഗൂഢതകളെയും വൈകാരികലോകങ്ങളെയും തനിമയോടെ ആവിഷ്‌കരിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. പുരാവൃത്തത്തെ ശാസ്ത്രാവബോധത്തോടെ പ്രതിഷ്ഠിച്ചുകൊണ്ട് സമകാലിക മലയാള നോവല്‍സാഹിത്യത്തില്‍ 'ഗാനിമീഡ്' ശ്രദ്ധേയ സ്ഥാനം ഉറപ്പിക്കുന്നു. 'ഗാനിമീഡ്'. മനു കെ. സാജന്‍. ഡിസി ബുക്സ്. വില 216 രൂപ.

◾  ശരീരത്തിന് ആവശ്യമുള്ള നിരവധി വൈറ്റമിനുകളും ധാതുക്കളും പുതിനയിലുണ്ട്. നിരവധി ദഹനപ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമേകുന്നു. അസിഡിറ്റി അകറ്റാനും വായുകോപം മാറ്റാനും മഞ്ഞപ്പിത്തത്തിനും എല്ലാം പുതിന ഉപയോഗിക്കുന്നു. ചില ചര്‍മരോഗങ്ങള്‍ അകറ്റാനും വായ്നാറ്റം അകറ്റാനും പുതിന സഹായിക്കും. വിവിധ തരത്തില്‍ പുതിന ഉപയോഗിക്കാം. ഫ്രഷ് ജ്യൂസ് ആയും ചട്നികളില്‍ ചേര്‍ത്തും, സോസ് ആക്കിയും വിവിധ വിഭവങ്ങളില്‍ ചേര്‍ത്തും പുതിന ഉപയോഗിക്കാം. പുതിനയിലച്ചാറ് രണ്ട് ടേബിള്‍സ്പൂണ്‍ കുടിച്ചാല്‍ അസിഡിറ്റിയില്‍ നിന്ന് ആശ്വാസം ലഭിക്കും. വാപ്പുണ്ണ് അകറ്റാന്‍ പുതിന സഹായിക്കും. പുതിനയിട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നത് വാപ്പുണ്ണിന് ആശ്വാസമേകും. പുതിനയില ചതച്ചു പുരട്ടുന്നത് മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കും. തേള് കുത്തിയാല്‍ വേദനയും അസ്വസ്ഥതയും മാറാന്‍ പുതിനയില ഉണക്കിപ്പൊടിച്ചത് പുരട്ടുന്നത് ഗുണം ചെയ്യും. പാരമ്പര്യവൈദ്യത്തില്‍ ഇത് പ്രയോഗിച്ചു വരുന്നു. കാഴ്ചയില്‍ ചെറുതെങ്കിലും നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒന്നാണ് പുതിന.

*ശുഭദിനം*
*കവിത കണ്ണന്‍*
അവള്‍ വളരെ സുന്ദരിയായിരുന്നു. ഒരു അപകടത്തില്‍ അവളുടെ കവിളിന് പരിക്കേറ്റു.  അതവിടെ കറുത്തപാടുണ്ടാക്കി. അവള്‍ ഒരു കോസ്മറ്റോളജി ഡോക്ടറുടെ സഹായം തേടി. ഒരു ചെറിയ സര്‍ജ്ജറിയിലൂടെ പാട് മായ്ക്കാം എന്ന് ഡോക്ടര്‍ വാക്ക് കൊടുത്തു.  ശസ്ത്രക്രിയ കഴിഞ്ഞ് പാട് മാറിയത് കാണിക്കുവാന്‍ ഡോക്ടര്‍ അവള്‍ക്കൊരു കണ്ണാടി കൊടുത്തു.  കണ്ണാടിയില്‍ നോക്കിയിട്ട് അവള്‍ പറഞ്ഞു:  എനിക്കൊരുമാറ്റവും കാണാന്‍ സാധിക്കുന്നില്ല.  ഡോക്ടര്‍ക്ക് അത്ഭുതമായി.  അദ്ദേഹം ശസ്ത്രക്രിയക്ക് മുമ്പുളള ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു:  ഇതിലെ മുഖവും ഇപ്പോഴുളള മുഖവും ഒരുപോലെയാണോ? അവള്‍ പറഞ്ഞു:  കാഴ്ചയില്‍ വ്യത്യാസമുണ്ട്.  പക്ഷേ, എനിക്കങ്ങനെയൊരു വ്യത്യാസം തോന്നുന്നതേയില്ല! ഉത്തരമില്ലാതെ ഡോക്ടര്‍ നിശ്ശബ്ദനായി നിന്നു. പൊരുത്തപ്പെട്ടവയ്ക്ക് ഉള്ളില്‍ നിന്നും പുറത്ത് ചാടുക എന്നതാണ് ഒരാള്‍ നേരിടുന്ന വെല്ലുവിളി.  നമ്മെ ബന്ധിച്ചിടുന്നത് പലപ്പോഴും സാഹചര്യങ്ങളല്ല, അവയോട് പൊരുത്തപ്പെട്ട നമ്മുടെ മനസ്സാണ്. ശരീരം മാറുന്നത് എളുപ്പമാണ്... മനസ്സ് മാറുകയാണ് ഏറ്റവും വലിയ ചികിത്സ.  പഴകിയ ശീലങ്ങളും, തെറ്റായ ധാരണകളും, പഴയ മുറിവുകളും വിട്ടുപോകുമ്പോള്‍ ആദ്യപടികള്‍ അസ്വസ്ഥമാകാം. പക്ഷേ, ആ അസ്വസ്ഥതയെ അതിജീവിക്കുന്നവര്‍ക്കാണ് പുതിയ ജീവിതം ആരംഭിക്കുന്നത്.  തിരുത്താന്‍ കഴിയുന്നതെല്ലാം തിരുത്തുക...  മാറ്റാന്‍ കഴിയുന്നതെല്ലാം മാറ്റുക...കാരണം, ഓരോ പുരോഗതിയും ഒരു മാറ്റത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. -   - ശുഭദിനം.