കീര്‍ത്തനയ്ക്ക് പിന്നാലെ കാവ്യയും കുടുങ്ങി;ലഹരി ഡോണും മണിമ്യൂളും ലഹരിശൃംഖലയില്‍ അധ്യാപികമാരും;ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.


കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകര്‍ തന്നെ ലഹരി മാഫിയയുടെ പ്രധാന കണ്ണികളാകുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് വടകരയില്‍ നിന്നും പുറത്തുവരുന്നത്. ലഹരിക്കടത്ത് തടയാനായി വടകര പോലീസും സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' അന്വേഷണത്തിനിടെ പേരാമ്പ്ര ബി.ആര്‍.സിയിലെ മറ്റൊരു അധ്യാപിക കൂടി പിടിയിലായി. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടില്‍ കാവ്യയാണ് പോലീസിന്റെ വലയിലായത്.

നേരത്തെ ഇതേ സംഭവത്തില്‍ പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ അധ്യാപികയും മുന്‍ കായികതാരവുമായ മരുതോങ്കര സ്വദേശി കെ.സി. കീര്‍ത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് കാവ്യയിലേക്കും അന്വേഷണസംഘം എത്തിച്ചേര്‍ന്നത്. ഇതോടെ ലഹരി മാഫിയ അധ്യാപികമാരെ സാമ്പത്തിക ഇടനിലക്കാരാക്കി മാറ്റി പ്രവര്‍ത്തിക്കുന്നതിന്റെ ആഴം വെളിപ്പെടുകയാണ്.

സാമ്പത്തിക തട്ടിപ്പിന് 'മണി മ്യൂള്‍' തന്ത്രം
ലഹരിമരുന്ന് വാങ്ങാനെത്തുന്നവര്‍ നേരിട്ട് പണം കൈമാറുന്നതിന് പകരം അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക അയച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതായി സ്ഥിരീകരിച്ച ശേഷം സംഘത്തിലെ മറ്റ് ആളുകള്‍ വഴി മയക്കുമരുന്ന് ആവശ്യക്കാരിലേക്ക് എത്തുമായിരുന്നു.

നിയമപാലകരുടെയും അന്വേഷണ ഏജന്‍സികളുടെയും കണ്ണുവെട്ടിക്കാന്‍ സംഘം ഉപയോഗിച്ചത് 'മണി മ്യൂള്‍' എന്ന സാമ്പത്തിക കൈമാറ്റ തന്ത്രമാണ്. ഇവരുടെ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകള്‍ നടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൗണ്ടിലേക്ക് പണം അയച്ച ഉപഭോക്താക്കളെയും നിലവില്‍ അന്വേഷണസംഘം കൃത്യമായി നിരീക്ഷിച്ചു വരികയാണ്.

ലേഡി ഡോണും സഫ്വാന്റെ അറസ്റ്റും
കഴിഞ്ഞ മാസം രണ്ട് ഗ്രാം എം.ഡി.എം.എയുമായി വടകര ആവിക്കല്‍ ബീച്ച് സ്വദേശി സഫ്വാനെ വടകര പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ വന്‍ ലഹരി ശൃംഖലയുടെ ചുരുളഴിയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ തീവ്രമായ ചോദ്യം ചെയ്യലില്‍ നിന്നാണ് അക്കൗണ്ട് വിവരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി സംഘങ്ങള്‍ക്കിടയില്‍ 'ലേഡി ഡോണ്‍' എന്നറിയപ്പെട്ടിരുന്ന കീര്‍ത്തന പിടിയിലാകുന്നത്. കായിക-സ്‌കൂബ അധ്യാപികയായ ഇവര്‍ ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ വിദ്യാലയങ്ങളിലെ കുട്ടികളെയോ ചെറുപ്പക്കാരെയോ ലഹരി വലയിലാക്കാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അന്വേഷണം വന്‍ തോക്കുകളിലേക്ക്; ഓപ്പറേഷന്‍ തൂഫാന്‍ മുന്നോട്ട്
നാടിന്റെ ഭാവി തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടവര്‍ തന്നെ ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. വന്‍കിട ലഹരി റാക്കറ്റിന്റെ നിഴലില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കണ്ണികളെ കണ്ടെത്തി പുറത്തുകൊണ്ടുവരാന്‍ കൃത്യമായ ഇടപെടലാണ് പോലീസ് നടത്തുന്നത്.

ലഹരിമാഫിയയുടെ വേരറുക്കാന്‍ ഉദ്ദേശിച്ചുള്ള 'ഓപ്പറേഷന്‍ തൂഫാന്‍' തടസ്സമില്ലാതെ, കൂടുതല്‍ ഊര്‍ജ്ജസ്വലമായി തന്നെ മുന്നോട്ട് പോകണം എന്നാണ് നാടൊട്ടുക്കും ഉയര്‍ന്നുവരുന്ന ആവശ്യം. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.