മീൻ വറുത്തതിൽ ചത്ത അട്ട; തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കാന്റീൻ കോർപ്പറേഷൻ പൂട്ടിച്ചു.


മീൻ വറുത്തതിൽ ചത്ത അട്ട കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം കൻ്റോൺമെന്റ് പോലീസ് കാന്റീനിനെതിരെ കോർപ്പറേഷൻ നടപടി. പരിശോധനയിൽ ഗുരുതര ശുചിത്വവീഴ്‌ച കണ്ടെത്തിയതിനെ തുടർന്ന് കാന്റീൻ അടച്ചുപൂട്ടാൻ കോർപ്പറേഷൻ ഉത്തരവിട്ടു. ഒരു പോലീസുകാരൻ കാൻ്റീനിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പാഴ്‌സലിലാണ് മീൻ വറുത്തതിനുള്ളിൽ ചത്ത അട്ട കണ്ടെത്തിയത്. വീട്ടിലെത്തി പൊതിയഴിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം കോർപ്പറേഷൻ അധികൃതരെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാൻ്റീൻ അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവർത്തിച്ചിരുന്നതെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ കാന്റീൻ നടത്തിപ്പുകാർക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകുകയും സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും ചെയ്‌തു.

കഴിഞ്ഞ കുറച്ച് നാളുകളായി കാന്റീനിലെ ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നുവെന്നാണ് വിവരം. എന്നാൽ കന്റേ്റോൺമെൻ്റ്, കൺട്രോൾ റൂം എന്നിവിടങ്ങളിലെ പോലീസുകാരുടെ പ്രധാന ആശ്രയമായതിനാൽ പലരും ഔദ്യോഗികമായി പരാതി നൽകാൻ മടിച്ചിരുന്നതായും പറയപ്പെടുന്നു.

ഭക്ഷണസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതും ശുചിത്വക്കുറവും കണ്ടെത്തിയ സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.