പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  ജൂലൈ 4, ശനി 
1201  മിഥുനം 20, അവിട്ടം
1448  മുഹർറം 18

◾  ജനാധിപത്യ സംരക്ഷണത്തിന് കോടതിയും കണ്ണടച്ചാല്‍ എന്തു ചെയ്യുമെന്നു ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഇന്ത്യ മുന്നണി പ്രതിപക്ഷ കക്ഷികള്‍. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് അയച്ച ആറ് പേജുള്ള കത്തില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും ഒരു സ്വതന്ത്ര എംപിയും ഒപ്പുവച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കത്ത് ചീഫ് ജസ്റ്റിസിന് എഴുതുമായിരുന്നില്ലെന്നും ജനാധിപത്യം അപകടത്തിലാണെന്ന വസ്തുത കണക്കിലെടുത്ത് എഴുതുന്നതാണെന്നും കത്തില്‍ പറയുന്നു.

◾  വിഴിഞ്ഞം ഓഹരി കൈമാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്. സര്‍ക്കാരിനെ അറിയിക്കാതെ വിദേശ നിക്ഷേപത്തിനു ധാരണയുണ്ടാക്കിയതില്‍ അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിറകേയാണ് വിശദമായ അപേക്ഷ നല്‍കിയത്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് ഓഹരി കൈമാറാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പുതിയ അപേക്ഷയില്‍ പറയുന്നു.

◾  കനത്ത മഴ കാരണം തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല.

◾  വയനാട് ജില്ലയിലെ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ഒരു വര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടും.  അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. കോളേജ് മാനന്തവാടിയില്‍ കൊണ്ടുവരാനാണ് പ്രഥമ പരിഗണന. സ്ഥലം ലഭ്യമായില്ലെങ്കില്‍ .മറ്റു സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കുമെന്നും മന്ത്രി പറഞ്ഞു.



◾  പെരുമ്പാവൂര്‍ ലഹരി തലസ്ഥാനമാണെന്ന മേല്‍വിലാസം മാറ്റണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരില്‍ സംഘടിപ്പിച്ച തൂഫാന്‍ ജാഗരണ്‍ റാലിയിലാണ് ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍. അതിഥി തൊഴിലാളികളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും മലയാളികള്‍ക്കും ലഹരി വ്യാപനത്തില്‍ പങ്കുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

◾  അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് എംഎസ്സി കമ്പനിക്കു ഓഹരി വില്‍ക്കാന്‍ കരാറുണ്ടാക്കിയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാരിനെ അറിയിക്കാതെ ഇത്തരമൊരു കാര്യം ചെയ്യാന്‍ ധൈര്യമുള്ള ഒരു കോര്‍പ്പറേറ്റും ഇന്ത്യയിലില്ല. തുറമുഖത്തിന്റെ സുരക്ഷാകാര്യത്തില്‍ ആശങ്ക വേണ്ടെന്നും അതു കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

◾  വിഴിഞ്ഞം തുറമുഖ ഓഹരി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് കൈമാറുന്ന അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരുമായുള്ള കരാര്‍ വ്യവസ്ഥയുടെ ലംഘനമെന്ന് മുന്‍ വ്യവസായ മന്ത്രി പി രാജീവ്. കരാര്‍ ലംഘനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രി  ധൈര്യം കാണിക്കുന്നില്ലെന്നും പി രാജീവ്.

◾  താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം മുന്‍സിഫ് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ശ്വേത മേനോന്റെ ഹര്‍ജിയിലാണ് ഉത്തരവ്. അമ്മയുടെ അഡ്ഹോക്ക് കമ്മറ്റിക്ക് അധികാരമില്ലെന്നും ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കു തുടരാമെന്നും കോടതി ഉത്തരവിട്ടു. ഇതോടെഅഡ്ഹോക് കമ്മിറ്റിയില്‍നിന്ന് രമേഷ് പിഷാരടിഎംഎല്‍എ രാജിവച്ചു.

◾  കൊച്ചിയിലെ കോറോ ഹെല്‍ത്ത് സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ മരവിപ്പിച്ചത്. ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലെ ചര്‍ച്ചക്കുശേഷം തുടര്‍ തീരുമാനമുണ്ടാകും.

◾  കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

◾  തൃശ്ശൂര്‍ നെടുപുഴയില്‍ കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. പാടത്തെ വളര്‍ത്തുമീനിന് തീറ്റ കൊടുക്കാന്‍ അഞ്ചു പേര്‍ ചേര്‍ന്ന് ബോട്ടില്‍ കോള്‍പാടത്തേക്ക് പോയതായിരുന്നു. മൂന്നുപേര്‍ നീന്തിക്കയറി.

◾  മാസപ്പടി കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം പിണറായി വിജയന്റെ വസതിക്കു മുന്നില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

◾  നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം. മഴ കനക്കുന്ന സാഹചര്യത്തില്‍ ചുരം റോഡില്‍ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത.

◾  കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് കത്ത്. കെ.സി വേണുഗോപാല്‍ പക്ഷക്കാരാനായ കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷാണ് കത്ത് നല്‍കിയത്.

◾  യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ അടക്കമുള്ള സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്നതിനെതിരേ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ വി ശിവന്‍കുട്ടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കത്തയച്ചു.

◾  കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ആറു നോമിനികളെ പിന്‍വലിച്ച് പുതുതായി ആറുപേരെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍, ആലപ്പുഴയില്‍ പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജൂവല്‍ കുര്യാക്കോസ് അടക്കം ആറു പേര്‍ക്കാണ് നിയമനം. ഇതോടെ സിന്‍ഡിക്കറ്റില്‍ യുഡിഎഫിനു ഭൂരിപക്ഷമായി.

◾  റാഗിങ് നിരോധന നിയമത്തിന്റെ കരടു രേഖയില്‍ ഉടനേ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി. മതിയായ സമയം നല്‍കിയെന്നും ഇനിയും വൈകിയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി.

◾  ബോഡി ബില്‍ഡര്‍മാരുടെ പൊലീസ് നിയമനത്തിലെ രേഖകള്‍ സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് അന്വേഷണത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും തീരുമാനം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.  നിയമനം ലഭിച്ച ബോഡി ബില്‍ഡര്‍ ഷിനു ചൊവ്വ ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.

◾  കൊല്ലത്ത് പീഡന കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ധ്യാനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പെച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

◾  തൊടുപുഴ തുടങ്ങനാട് സര്‍വീസ് സഹകരണ ബാങ്കില്‍  സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍സെക്രട്ടറിമാരുടെ സ്വത്തുക്കള്‍ ജപ്തിചെയ്തു. മുന്‍ സെക്രട്ടറിമാരായ ബെന്നി മാത്യു, ഭാര്യ മേരി സിബിള്‍ അലക്സ് എന്നിവരില്‍നിന്ന്  ക്രമക്കേട് തുകയായ 37,01,857 രൂപയും പലിശയും ഉള്‍പ്പെടെ 54,73,003 രൂപ ഈടാക്കാനാണു ജപ്തി.

◾  വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വന്‍ ഹാന്‍സ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച  6400 പാക്കറ്റ് ഹാന്‍സ്് സഹിതം ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്.

◾  കൊല്ലം കടയ്ക്കലില്‍ വീടിന് പിന്നിലെ കാടു വെട്ടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വിരമിച്ച ബിഎസ്എഫ് ജവാന്‍ മരിച്ചു. കടയ്ക്കല്‍ പുതുക്കോണം സ്വദേശി വിജയനാണ് മരിച്ചത്.

◾  കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.

◾  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ലോകമെങ്ങുമുള്ള ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്ന് ആര്‍എസ്എസ്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കു കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

◾  ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്.

◾  പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. ജെയ്ഷെ മൊഡ്യൂള്‍ സ്ഥാപിക്കാനും സംസ്ഥാനത്തും രാജ്യത്തെ വിവിധഭാഗങ്ങളിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടവരെയാണ് പിടികൂടിയതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സേന പറഞ്ഞു.

◾  ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനം വിമത പക്ഷം പിടിച്ചെടുത്തു. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് മമത ബാനര്‍ജിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി ആസ്ഥാന മന്ദ്രിരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

◾  പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന എല്ലാ സര്‍വീസുകളും പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.

◾  ബെംഗളൂരു ഐഎസ്ആര്‍ഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. ഗാസിയാബാദില്‍ നിന്നാണ് സഞ്ജയ് നഗര്‍ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളെന്നും ഇയാളുടെ പക്കല്‍ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

◾  ബെംഗളൂരു ഡേ കെയര്‍ സെന്ററില്‍ ആയമാര്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉപദ്രവിച്ച സംഭവത്തില്‍ ഒരു ജീവനക്കാരി അറസ്റ്റില്‍. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായത്. ശേഷിച്ച നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

◾  തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ ഡിഎംകെ എംഎല്‍എ അനിത ആര്‍. രാധാകൃഷ്ണനെ തൂത്തുക്കുടി പോലീസ് അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

◾  മുംബൈ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം വന്നപ്പോള്‍ 29 പേര്‍ക്ക് പൂജ്യം മാര്‍ക്ക്! അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ പരീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പൂജ്യം മാര്‍ക്ക് ലഭിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് സെനറ്റ് അംഗങ്ങള്‍ ഇടപെടുകയും ഫലം പുനഃപ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തു.

◾  ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സീമ ചൗധരിക്കെതിരെ സ്വന്തം അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തന്റെ പേരില്‍ രഹസ്യ ബാങ്ക് അക്കൗണ്ട് തുടങ്ങി കള്ളപ്പണം വെളുപ്പിച്ചെന്നും വ്യാജ ഒപ്പിട്ട് സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചെന്നും അമ്മ പരാതിയില്‍ പറയുന്നു.

◾  പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ നിര്‍ത്തിവക്കാനുള്ള മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് നല്‍കുന്ന പിന്തുണ തുടരുന്ന സാഹചര്യത്തിലാണു കരാര്‍ മരവിപ്പിച്ചത്.

◾  യൗവനം നിലനിര്‍ത്താനുള്ള ഇന്‍ജക്ഷനു വേണ്ടി ആശുപത്രികളില്‍ നിന്ന് മറുപിള്ള മോഷ്ടിച്ചു വില്‍പന നടത്തിയ സംഘം പാകിസ്ഥാനില്‍ പിടിയില്‍. 500 കിലോഗ്രാം മറുപിള്ളയുമായാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സംഘത്തെ പിടികൂടിയത്.

◾  പാക്കിസ്ഥാനില്‍ അമിതമായി ആളുകളെ കുത്തിനിറച്ചെത്തിയ ബസ് കൊക്കയിലേക്ക് വീണ് 32 പേര്‍ മരിച്ചു. പെഷ്വാറില്‍ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

◾  ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 13-ാം മിനിറ്റില്‍ ഇമാം അഷൗറിന്റെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോള്‍ ഈജിപ്ത്തിന് വിനയായി. ഷൂട്ടൗട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഈജിപ്ത് നാല് കിക്കുകളും ഗോളാക്കി.

◾  ലോകകപ്പ് നോക്കൗട്ടില്‍ പരാഗ്വായോട് തോറ്റതിനു പിറകേ, ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു.

◾  ആഗോള ബിയര്‍ ബ്രാന്‍ഡായ കാള്‍സ്‌ബെര്‍ഗിന്റെ ഇന്ത്യന്‍ വിഭാഗം പ്രാഥമിക ഓഹരി വില്പനയ്ക്ക്. ഇതിനായി കോണ്‍ഫിഡന്‍ഷ്യല്‍ രീതിയില്‍ ഐപിഒ രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒ വഴി 6,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള കാള്‍സ്ബര്‍ഗ് ഇന്ത്യയില്‍ 22 ശതമാനം വിപണി വിഹിതമുള്ള ബിയര്‍ കമ്പനിയാണ്. ഈ വര്‍ഷം അവസാനത്തോടെ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മാതൃകമ്പനിയുടെ പക്കലുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലായിരിക്കും ഐപിഒയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാള്‍സ്ബര്‍ഗ് തങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ മൂല്യം വര്‍ധിപ്പിക്കുന്നതിനായി ലിസ്റ്റിംഗ് സാധ്യതകള്‍ തേടിയിരുന്നു. ഇന്ത്യയില്‍ ഐപിഒ വിപണി വന്‍ മുന്നേറ്റം നടത്തുന്ന സമയത്താണ് കാള്‍സ്ബര്‍ഗിന്റെയും വരവ്. കാള്‍സ്ബര്‍ഗ് 2007ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തുടനീളമായി 14 ബ്രൂവറികള്‍ കമ്പനിക്കുണ്ട്. ഇതില്‍ എട്ടെണ്ണം കമ്പനിയുടെ സ്വന്തം പ്ലാന്റുകളും ആറെണ്ണം കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുമാണ്.

◾  രാജ്യത്ത് ഇന്റര്‍നെറ്റ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും സന്ദര്‍ശിക്കാന്‍ ആളുകള്‍ വ്യാപകമായി വിപിഎന്‍ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം വിപിഎന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കുകയും സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ടെലിഗ്രാം നിരോധിച്ചപ്പോള്‍ 'പ്രോട്ടോണ്‍ വിപിഎന്‍' ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഒരൊറ്റ ദിവസം കൊണ്ട് 120 ശതമാനത്തിലധികം വര്‍ധിച്ചിരുന്നു.

◾  കുടുംബപ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷമാക്കാന്‍ വീണ്ടും ഒരു ബിജു മേനോന്‍ ചിത്രം. 'അവറാച്ചന്‍ ആന്റ് സണ്‍സ്' ടീസര്‍ പുറത്തുവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  ഹൊറര്‍ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റല്‍' എന്ന സിനിമയിലെ 'ചൂതാട്ടമോ...' എന്ന ഗാനം പുറത്ത്. അശ്വിന്‍ റാം ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജിഷ്ണു എം നായര്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വൈറല്‍ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുന്‍ അപ്ഡേറ്റുകള്‍ നല്‍കിയിട്ടുള്ള സൂചന. ചിത്ര നായര്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

◾  2026 ജൂലൈ മാസത്തില്‍ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ശ്രേണിയില്‍, രാജ്യത്തെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവി ഫ്രോങ്ക്സിലും കമ്പനി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ, ഈ ഓഫറില്‍ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. ഫ്രോങ്ക്‌സില്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. ആദ്യത്തേത് ദൈനംദിന ഡ്രൈവിംഗിനായി 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്, രണ്ടാമത്തേത് പെര്‍ഫോമന്‍സ് പ്രേമികള്‍ക്കായി 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ്. ഇതിന്റെ പെട്രോള്‍ വേരിയന്റ് ലിറ്ററിന് ഏകദേശം 20 മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. അതേസമയം സിഎന്‍ജി വേരിയന്റില്‍, ഈ മൈലേജ് ലിറ്ററിന് 28.51 കിലോമീറ്ററായി വര്‍ദ്ധിക്കുന്നു. മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ വില 6.85 ലക്ഷം മുതല്‍ ആരംഭിക്കുന്നു. ഉയര്‍ന്ന ടര്‍ബോ വേരിയന്റിന് വില 11.98 ലക്ഷം രൂപ വരെ എത്തുന്നു.

◾  കുട്ടികളെ മനസ്സിലാക്കാന്‍ വഴികാട്ടുന്ന ആഴമുള്ള ഒരു പുസ്തകമാണിത്. പഠനവിജയത്തിനപ്പുറം; വികാരബോധം, ആത്മനിയന്ത്രണം, സഹാനുഭൂതി, ബന്ധങ്ങള്‍ എന്നിവ വളര്‍ത്താനുള്ള സമഗ്രമാര്‍ഗങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. കുടുംബം, കൂട്ടുകാര്‍, അധ്യാപകര്‍  എല്ലാവരുടെയും പങ്ക് മനഃശാസ്ത്രപരമായി വിശകലനം ചെയ്ത്, ഇന്നത്തെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങളും ഈ പുസ്തകം നിര്‍ദേശിക്കുന്നു. ക്ലാസ്മുറികളെ ജീവിതപാഠങ്ങളുടെ കേന്ദ്രമാക്കാനും, കുട്ടികളെ മാര്‍ക്കുകള്‍ക്കപ്പുറം നല്ല മനസ്സുള്ള മനുഷ്യരാക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും ഈ പുസ്തകം ഒരു പ്രചോദനമായിരിക്കും. 'മനസ്സിന്റെ നിറങ്ങള്‍'. ഡോ. അബ്ദുള്‍ സത്താര്‍ എം.കെ. എച്ച്ആന്‍ഡ്സി ബുക്സ്. വില 142 രൂപ.

◾  മഴക്കാലത്ത് വിറ്റാമിന്‍ ഡി കുറവ് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മതിയായ ഉറക്കം ലഭിച്ചിട്ടും ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി കുറവാകാം. കൈ-കാല്‍, നടുവ്, മുട്ട് എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ വേദന അനുഭവപ്പെടുന്നത് ശ്രദ്ധിക്കണം. പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട്, ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും പേശികള്‍ക്ക് ബലക്കുറവ് അനുഭവപ്പെടുക. ജലദോഷം, പനി, വൈറല്‍ അണുബാധകള്‍ എന്നിവ പതിവായി വരുന്നത് പ്രതിരോധശേഷി കുറയുന്നതിന്റെ സൂചനയായിരിക്കാം. കാരണമില്ലാതെ വിഷമം, ഉത്കണ്ഠ, ഉത്സാഹക്കുറവ് എന്നിവ ചിലരില്‍ വിറ്റാമിന്‍ ഡി കുറവുമായി ബന്ധപ്പെട്ടിരിക്കും. മുറിവുകള്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയം എടുത്ത് ഭേദമാകുന്നുണ്ടെങ്കില്‍ പരിശോധന നടത്തുന്നത് നല്ലതാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍, പോഷകക്കുറവ് തുടങ്ങിയവയ്ക്കൊപ്പം വിറ്റാമിന്‍ ഡി കുറവും ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകാം. മഴക്കാലത്ത് സൂര്യപ്രകാശം ലഭിക്കാന്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക. കൊഴുപ്പുള്ള മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞ, കൂണ്‍, പാല്‍, തൈര്, കാല്‍സ്യം അടങ്ങിയ ഭക്ഷണവും കഴിക്കുക, ശരീരഭാരം നിയന്ത്രിക്കുക. അമിതവണ്ണമുള്ളവരില്‍ വിറ്റാമിന്‍ ഡി കുറവ് കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും സഹായിക്കും. സപ്ലിമെന്റുകള്‍ ആവശ്യമായാല്‍ മാത്രം ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
പൗലോ കൊയ്ലോയും ഭാര്യയും വിദേശയാത്രയിലായിരുന്നപ്പോള്‍ അദ്ദേഹത്തെ തേടി സെക്രട്ടറിയുടെ ഒരു സന്ദേശമെത്തി. നാട്ടില്‍ കൊയ്ലോയുടെ വീട്ടിലെ അടുക്കള പുതുക്കിപണിയുകയായിരുന്നു. അതിനുള്ള പ്ലാന്‍ തയ്യാറാക്കികൊടുത്തത് കൊയ്ലോയുടെ ഭാര്യതന്നെയാണ്. പണി ചെയ്തുവന്നപ്പോള്‍ ഒരു ചില്ലിഷ്ടിക കുറവുണ്ടായെന്നും  അതുകൊണ്ട് അടുക്കളയുടെ പ്ലാനില്‍ ഒരു മാറ്റം വരുത്തുകയാണെന്നും കരാറുകാരന്‍ അറിയിച്ചു എന്നതായിരുന്നു കുറിപ്പ്.  വേണ്ടത്രയളവില്‍ വെളിച്ചം കടക്കാന്‍ പാകത്തില്‍ ഭാര്യ തയ്യാറാക്കിയ രൂപരേഖയാണിപ്പോള്‍ മാറ്റാന്‍ പോകുന്നത്. ഭാര്യയുടെ പ്ലാന്‍ ഒന്നും പണി നടത്തുന്ന കരാറുകാരന്റെ തലയിലേക്ക് കയറിയിട്ടില്ലെന്ന് കൊയ്ലോക്ക് മനസ്സിലായി.  അദ്ദേഹം സെക്രട്ടറിക്കായുളള കുറിപ്പില്‍ ഇങ്ങനെ എഴുതി. ഒരു ചില്ലിഷ്ടിക കൂടി വാങ്ങുക.  പ്ലാനിലുളളതുപോലെ തന്നെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.  ഒരൊററ ഇഷ്ടികയുടെ കുറവ് കൊണ്ട് പ്ലാന്‍ തന്നെ മാറ്റി മറിക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്.  ഒരു കല്ലിന്റെ കുറവുകൊണ്ട് ഒരു സ്വപ്നവും പണിതീരാത്ത വീടായി അവശേഷിക്കാതിരിക്കട്ടെ - ശുഭദിനം.