പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  ജൂലൈ 2, വ്യാഴം 
1201  മിഥുനം 18, ഉത്രാടം
1448  മുഹർറം 16

◾  യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. 541 പരിപാടികളാണ് 100 ദിന കര്‍മ്മ പദ്ധതിയിലുള്ളത്. നിയമസഭയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉള്‍പ്പെടുത്തിയ ധനബില്‍ പാസാക്കിയതിനുശേഷം സംസാരിക്കവേയാണ് മുഖ്യമന്ത്രി 100 ദിന കര്‍മ്മ പരിപാടി പ്രഖ്യപിച്ചത്. 100 ദിന കര്‍മ്മ പരിപാടിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും ഓരോ 20 ദിവസം കൂടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും സതീശന്‍ വ്യക്തമാക്കി.

◾  വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിന് അദാനി കമ്പനി സര്‍ക്കാരിന്റെ അനുമതി തേടി കത്തു നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസിനും വിസില്‍ എംഡിക്കുമാണ് കത്തു നല്‍കിയത്. വിഴിഞ്ഞം തുറമുഖത്തില്‍ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിയുടെ ടെര്‍മിനല്‍ വിഭാഗമായ ടിഐഎലിനു 13,000 കോടി രൂപയ്ക്കു വില്‍ക്കാന്‍ കരാറുണ്ടാക്കിയശേഷമാണ് അനുമതി തേടിയത്. 27,000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖം 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് വികസിപ്പിക്കുകയാണ് ലക്ഷ്യം.

◾  ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ അറസ്റ്റിലായി മുപ്പതു ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയേയും, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പദവികളില്‍ നിന്ന് മാറ്റണമെന്ന 130-ാം ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരും. കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ അപരാജിത സാരംഗി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരുന്നു.


◾  സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇനി പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരത്തിനായി അയക്കും. പാര്‍ലമെന്റ് പാസാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ പേര് മാറ്റം യാഥാര്‍ത്ഥ്യമാകും.

◾  ബജറ്റിന്റെ മഹത്വം കളയാന്‍ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യുഡിഎഫിലെ വിമര്‍ശകരെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കര്‍ഷകര്‍ക്കായി കൊണ്ടുവന്ന മദ്യനയ ഭേദഗതി വന്‍കിട ഡിസ്റ്റിലറി വ്യവസായികള്‍ക്കായി അട്ടിമറിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബക്കാര്‍ഡിയുമായി ചര്‍ച്ച നടത്തിയത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കുമെന്നു പറഞ്ഞവരാണ് ഇടതുപക്ഷമെന്നും ഇടതു ഭരണകാലത്തെ ഫയല്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

◾  എഐ ചിത്രം ഉപയോഗിച്ച് സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ലീഗ് അംഗം ഫാത്തിമ തെഹ്ലിയ നിയമസഭയില്‍ പരാതിപ്പെട്ടു. പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. നിയമസഭയിലെ ഉദ്യോഗസ്ഥര്‍ അതു പൊലീസിന് കൈമാറുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

◾  നിര്‍മാണ മേഖലയില്‍ ജെസിബി അടക്കമുള്ള യന്ത്രോപകരണങ്ങളുടെ വാടക വര്‍ദ്ധിപ്പിക്കാന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ്‌സ് ഓണേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. ജെസിബി മണിക്കൂറിന് 1300 രൂപയില്‍നിന്ന് 1500 രൂപയാക്കി. മിനി എക്‌സ്‌കവേറ്ററുകള്‍ക്ക് 1200 രൂപയില്‍ നിന്ന് 1300 രൂപയായും വര്‍ധിപ്പിച്ചു.

◾  നാലാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ പാത്തിയുണ്ട്. വടക്കന്‍ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂനമര്‍ദ്ദ പാത്തി കര്‍ണാടക ഗുജറാത്ത് തീരത്തേക്കു മാറി. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ സാധ്യതയുണ്ട്.

◾  എല്‍-നിനോ, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍, മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിയമസഭയില്‍ അറിയിച്ചു.

◾  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. ഒന്നാം ബ്ലോക്കിലെ ഏറ്റുമുട്ടല്‍ തടയാനെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും മര്‍ദനമേറ്റു. 11 പേര്‍ക്കു പരിക്കേറ്റു. ജയില്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

◾  ഇന്റര്‍നെറ്റ് സേവനം നിലച്ചതുമൂലം സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. കെല്‍ട്രോണ്‍ കുടിശിക അടയ്ക്കാത്തതിനാല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതാണു കാരണം. സര്‍ക്കാരില്‍ നിന്ന് 90 കോടിയിലധികം രൂപ കെല്‍ട്രോണിന് ലഭിക്കാനുണ്ട്.

◾  മാത്യു കുഴല്‍നാടനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നില്‍  കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ബോര്‍ഡ് സ്ഥാപിച്ചു.

◾  നടന്‍ ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു. അന്‍സിബയുടെ പരാതിയില്‍ കോടതി ഉത്തരവനുസരിച്ചാണ് പൊലീസ് കേസെടുത്തത്. കേസെടുക്കാനുള്ള തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

◾  സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ നിയമനത്തിന് അംഗീകാരമായി.

◾  കേരളത്തില്‍ വ്യാപകമായ  അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണ റാക്കറ്റുകളെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിനാണ് അന്വേഷണ ചുമതല.

◾  കോട്ടയം നഗരത്തിലെ പ്രധാന പാതയായ കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

◾  കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് മ്യൂള്‍ അക്കൗണ്ടുകള്‍ വഴി നടന്ന വന്‍ സൈബര്‍ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

◾  നിയമസഭയിലെ സന്ദര്‍ശക തിരക്ക് ഒഴിവാക്കാന്‍ അടുത്ത സമ്മേളനം മുതല്‍ പ്രായോഗികമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സഭയിലെ വലിയ തിരക്ക് കാരണം വോട്ടിങ്ങിന് കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പരാതിയെത്തുടര്‍ന്നാണ് അടിയന്തിര നടപടിക്ക് സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയത്.

◾  ഇ നിയമസഭ പദ്ധതി ഊരാളുങ്കലിന് കരാര്‍ നല്‍കിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഴകുളം മധു എംഎല്‍എ. ഈ വിഷയത്തില്‍ അദ്ദേഹം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്തു നല്‍കി.

◾  ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ദുല്‍ഖര്‍ സല്‍മാന്റെ നാലു കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കാര്‍ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുല്‍ഖര്‍ മൊഴി നല്‍കി.

◾  കശുവണ്ടി അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി രതീഷ് എന്നിവര്‍ക്കെതിരേ പ്രോസിക്യൂഷന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ 2020 മുതല്‍ അനുമതി തടഞ്ഞുവച്ചിരിക്കുകയായിരുന്നു.

◾  കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മധ്യപ്രദേശ് കോടതി തള്ളി. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

◾  സ്വകാര്യ ബസുകള്‍ ടിക്കറ്റിതര വരുമാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്ന ഗതാഗത മന്ത്രി സി പി ജോണിന്റെ ആഹ്വാനത്തെ പരിഹസിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ ബസുകളില്‍ പലഹാര കച്ചവടം തുടങ്ങി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

◾  വധശ്രമക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദിനെ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. പൊലീസുകാരെ ബോംബറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് നിഷാദ്.

◾  ദേശീയപാത 66 ല്‍ ചേര്‍ത്തല പതിനൊന്നാം മൈലില്‍ നിര്‍മ്മാണം പൂര്‍ത്തിയായ റോഡില്‍ ഗര്‍ത്തമുണ്ടായത് കുടിവെള്ള പൈപ്പ് പൊട്ടി മണ്ണില്‍ ഉണ്ടായ സമ്മര്‍ദ്ദംമൂലമെന്ന് ദേശീയപാത അതോറിറ്റി. ഗര്‍ത്തം മണ്ണിട്ട് അടച്ചു. ദേശീയപാത അതോറിറ്റിയും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തി.

◾  മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവരവേ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പോലീസ് പിടികൂടി. പുനെ സ്വദേശി സഞ്ജുരാജ് മല്‍ഹോത്രയാണ് മഹാബലേശ്വറില്‍ പിടിയിലായത്. കണ്ണൂരില്‍ ലോഡ്ജില്‍  പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

◾  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് ഡോളറും പിടിച്ചെടുത്തു. കാണിക്കയില്‍ വീണ ആയിരത്തിലധികം ഡോളറാണ് പ്രതികളുടെ വീടുകളിലും മറ്റും നടത്തിയ റെയ്ഡില്‍ പിടിച്ചത്. പതിനൊന്ന് ഗ്രാം സ്വര്‍ണ്ണവും കണ്ടെടുത്തു. മുഖ്യപ്രതികളിലൊരാളായ അവിനാശ് ശുക്ളയുടെ യോഗ സെന്ററില്‍ നിന്നാണ് കൂടുതല്‍ പണം കണ്ടെത്തിയത്. താമസിച്ചിരുന്ന മുറിയില്‍ നിന്ന് പണം സൂക്ഷിക്കുന്നെന്ന് കരുതുന്ന പെട്ടികള്‍ കണ്ടെടുത്തു. ക്ഷേത്രത്തിലേക്ക് സംഭാവന സ്വീകരിക്കുന്ന ക്യൂ ആര്‍ കോഡ് പെട്ടിയില്‍ ഒട്ടിച്ചിരുന്നു.

◾  കഴിഞ്ഞ വര്‍ഷത്തെ കുംഭമേള കാലത്താണ് അയോധ്യ രാമക്ഷേത്രത്തില്‍നിന്ന് പ്രതികള്‍ ലക്ഷക്കണക്കിനു രൂപ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ എട്ടുപ്രതികളില്‍ പലരും 2025-ലെ കുംഭമേളയ്ക്ക് മുന്‍പ് തന്നെ ചെറിയരീതിയില്‍ മോഷണം നടത്തിയിരുന്നു.

◾  തമിഴ്നാട്ടില്‍ തന്റെ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. മതേതരത്വത്തിലും അഴിമതിക്കെതിരായ പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അതേസമയം, അമിത് ഷായുമായി തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കൂടിക്കാഴ്ച നടത്തി.

◾  വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 35 കോടി രൂപ വരെ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അട്ടിമറി നീക്കം രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തെന്ന് ടിവികെ. വിജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെയും രംഗത്ത്.

◾  മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ 17 പേഴ്സണല്‍ അസിസ്റ്റന്റുമാരുടെ നിയമനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. 2023-ല്‍ നടന്ന ഈ നിയമന പ്രക്രിയയില്‍ യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി സര്‍വീസ് ചട്ടങ്ങളില്‍ വഴിവിട്ട ഇളവുകള്‍ നല്‍കിയതായും മെറിറ്റ് പൂര്‍ണ്ണമായി അട്ടിമറിച്ചതായും കോടതി കണ്ടെത്തി.

◾  എംഎല്‍എ സ്ഥാനം രാജിവെച്ച എഐഎഡിഎംകെ മുന്‍നേതാവ് സി വിജയഭാസ്‌കര്‍ ടിവികെയിലേക്ക്. ഇന്നു രാവിലെ ടിവികെയില്‍ അംഗത്വമെടുക്കും.

◾  ബംഗാളിലെ കൃഷ്ണനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയും പച്ചക്കറികളും എറിഞ്ഞ് ആള്‍ക്കൂട്ടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എംപി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബിജെപി നടത്തിയ ആക്രമങ്ങള്‍ക്ക് പോലീസിന്റെ കാഴ്ചക്കാരായെന്നും മഹുവ ആരോപിച്ചു.

◾  ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്നു ഡല്‍ഹിയില്‍. ഊര്‍ജ്ജ സുരക്ഷ, സെമികണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ സംയുക്ത സഹകരണ കരാറുകളില്‍ ഒപ്പുവയ്ക്കും. ഡല്‍ഹിയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി സനയ് തക്കയിച്ചി ഇന്നു രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഇലക്ട്രിക് സൈക്കിള്‍ നല്‍കുന്നുവെന്ന പ്രചരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോയില്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

◾  ആഗോള പ്രതിരോധ വിപണിയില്‍ വന്‍ ശക്തിയായി ഇന്ത്യയുടെ കുതിപ്പ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയില്‍ 56 മടങ്ങിന്റെ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'മെയ്ഡ് ഇന്‍ ഇന്ത്യ' പ്രതിരോധ സാമഗ്രികള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള എണ്‍പതിലധികം രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്.

◾  കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ക്ഷണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സല്‍മാന്‍ ഖുര്‍ഷിദ്, പവന്‍ ഖേര എന്നിവരെ ഇറാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ മാസം അഞ്ചു മുതല്‍ 9 വരെ ടെഹ്റാന്‍, ഖോം, മശ്ഹദ് എന്നിവിടങ്ങളിലായാണ് ചടങ്ങുകള്‍ നടക്കുന്നത്.

◾  ഇന്ധനക്ഷാമം പരിഹരിക്കാന്‍ റഷ്യ ഇന്ത്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ആരംഭിച്ചു. യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യയിലെ പ്രതിസന്ധിക്കു കാരണം. റഷ്യയില്‍ കടുത്ത ഇന്ധനക്ഷാമമാണ്.

◾  റഷ്യന്‍ സൈന്യത്തിന് ചൈനയിലെ സൈനിക കേന്ദ്രങ്ങളില്‍ രഹസ്യമായി തന്ത്രപ്രധാന പരിശീലനം നല്‍കിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രേ ബെലൂസോവ് അനുമതി നല്‍കിയ ഈ രഹസ്യ ദൗത്യത്തില്‍ ഇരുരാജ്യങ്ങളിലെയും നാലു മുതിര്‍ന്ന ജനറല്‍മാര്‍ നേരിട്ട് പങ്കാളികളായെന്നാണ് റിപ്പോര്‍ട്ട്.

◾  അമേരിക്ക-ഇറാന്‍ സമാധാന ധാരണകള്‍ക്കിടെ, ഹോര്‍മൂസ് കടലിടുക്കില്‍ ഒരു വിദേശ കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറി അപകടത്തില്‍പ്പെട്ടു. ഇറാന്‍ നല്‍കിയ റൂട്ട് അവഗണിച്ചതാണ് അപകടകാരണമെന്ന് സൂചന.

◾  രാജ്യത്ത് വലിയ നാശംവിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലെ ആകാശം ചൊവ്വാഴ്ച വൈകുന്നേരം കടും ചുവപ്പ് നിറത്തിലായി. ഇത് ഭൂകമ്പവുമായി ബന്ധമില്ലാത്ത 'കാന്‍ഡിലാസോ' എന്ന സ്വാഭാവിക അന്തരീക്ഷ പ്രതിഭാസമാണെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

◾  യുഎഇ ജൂലൈ മാസത്തെ ഇന്ധനവിലയില്‍ ഇളവു പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു, ഇത് വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു.

◾  കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണു വേണ്ടിയുള്ള താരലേലം 11 ന്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂര്‍ ടൈറ്റന്‍സും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ട്രിവാണ്‍ഡ്രം റോയല്‍സും മൂന്ന് താരങ്ങളെ വീതവും നിലനിര്‍ത്തി. കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് പേരെയും ആലപ്പി റിപ്പിള്‍സ് ഒരു താരത്തെയുമാണ് നിലനിര്‍ത്തിയത്.

◾  ഇന്ത്യ - ഇംഗ്ലണ്ട് ആദ്യ ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞതിനു ശേഷമാണ് മഴ ശക്തമായത്.  ചെസ്റ്റര്‍ ലേ സ്ട്രീറ്റ്, റിവര്‍സൈഡ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. സഞ്ജു സാംസണ്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായ മത്സരത്തില്‍ 68 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 59 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 42 റണ്‍സെടുത്ത് ശിവം ദുബെയുടേയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

◾  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്സറുകള്‍ പറത്തി റിക്കാര്‍ഡിട്ട് ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സറുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് 25-കാരനായ ഈ ഇടംകൈയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് താരം എവിന്‍ ലൂയിസ് 789 പന്തുകളില്‍ നിന്ന് 100 സിക്‌സറുകള്‍ നേടിയ റെക്കോര്‍ഡാണ് 785 പന്തുകളില്‍ നിന്ന് അഭിഷേക് സ്വന്തമാക്കിയത്.

◾  ഐസിസി ടി20 റാങ്കിംഗിലും ടെസ്റ്റ് റാങ്കിംഗിലും വന്‍ മാറ്റം. അഭിഷേക് ശര്‍മക്ക് ഒന്നാം സ്ഥാനം നഷ്ടമായപ്പോള്‍ മലയാളി താരം സഞ്ജു സാംസണും റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

◾  എക്സാട്രാ ടൈമിലെ പെനാല്‍റ്റിയിലൂടെ രണ്ടിനെതിരേ മൂന്നു ഗോളിന് സെനഗലിനെ  പരാജയപ്പെടുത്തി ബെല്‍ജിയം പ്രീക്വാര്‍ട്ടറിലെത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകള്‍ വീതമടിച്ചാണ് പിരിഞ്ഞത്. 24, 51 മിനിറ്റുകളില്‍ ഗോളുകള്‍ നേടി സെനഗല്‍ ലീഡെടുത്തപ്പോള്‍ തിരിച്ചടിച്ച ബെല്‍ജിയം മൂന്നുമിനിറ്റിനിടെ 86, 89 മിനിറ്റുകളിലായാണ് രണ്ടുതവണ വലകുലുക്കിയത്. അതോടെ മത്സരം എക്സ്ട്രാടൈമിലേക്ക്. എക്സ്ട്രാടൈമിന്റെ അവസാനം ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് യൂറി ടീലിസ്മാന്‍ ബെല്‍ജിയത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.

◾  ഫിഫ ലോകകപ്പിന്റെ ആവേശകരമായ മല്‍സരത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍. രണ്ടാം പകുതിയില്‍ നായകന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയം കെട്ടിപ്പടുത്തത്. ഇംഗ്ലീഷ് പടയെ ഞെട്ടിച്ചുകൊണ്ട് ഏഴാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് കോംഗോ വിങ്ങര്‍ ബ്രയാന്‍ സിപെംഗ ഉഗ്രനൊരു ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ 75, 86 മിനിറ്റുകളില്‍ കെയ്ന്‍ വലകുലുക്കി വിജയം ഉറപ്പിച്ചു.  

◾  ഫിഫ ലോകകപ്പില്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ഇതിഹാസ താരം പെലെയുടെ ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് മറികടന്നു. ലോകകപ്പ് ചരിത്രത്തില്‍ 12 ഗോളുകള്‍ നേടിയിരുന്ന പെലെയുടെ റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്. ലോകകപ്പിലെ കെയ്നിന്റെ ആകെ ഗോളുകള്‍ 13 ആയി. 117 മത്സരങ്ങളില്‍ നിന്ന് 84 അന്താരാഷ്ട്ര ഗോളുകള്‍ എന്ന അപൂര്‍വ്വ നേട്ടവും കെയ്ന്‍ സമ്പാദിച്ചു.

◾  പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയിലും ജൂണിലെ ജിഎസ്ടി വരുമാനത്തില്‍ 13.9 ശതമാനം വളര്‍ച്ച നേടി രാജ്യം. 1,94,812 കോടി രൂപയാണ് ജൂണിലെ ജിഎസ്ടി കളക്ഷന്‍. കഴിഞ്ഞ വര്‍ഷം ഇത് 1,71,105 കോടി രൂപയായിരുന്നു. 2025 ജൂണില്‍ ജിഎസ്ടി റീഫണ്ടിന് ശേഷമുള്ള വരുമാനം 1,45,984 കോടി രൂപയായിരുന്നു. ഇത്തവണയിത് 1,62,377 കോടി രൂപയായി. ആഭ്യന്തര ഇടപാടുകളിലൂടെയുള്ള ജിഎസ്ടി ഇത്തവണ 6.5 ശതമാനം വര്‍ധിച്ച് 1,34,774 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1,26,506 കോടി രൂപയായിരുന്നു. ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 34.6 ശതമാനം വര്‍ധിച്ച് 60,038 കോടിയായി. മുന്‍ വര്‍ഷമിത് 44,600 കോടി രൂപയായിരുന്നു. ഒന്‍പത് ശതമാനം വര്‍ധനയോടെ മഹാരാഷ്ട്രയുടെ ജിഎസ്ടി കളക്ഷന്‍ 30,714 കോടി രൂപയായി. കര്‍ണാടക, ഗുജറാത്ത് യഥാക്രമം 12,937 കോടി, 11,743 കോടി രൂപ കളക്ഷന്‍ നേടി. ഉത്തര്‍പ്രദേശിന്റെ ജിഎസ്ടി കളക്ഷന്‍ 19 ശതമാനം വര്‍ധിച്ച് 9,165 കോടി രൂപയായി. 2026 ജൂണില്‍ കേരളത്തിന്റെ ജിഎസ്ടി കളക്ഷന്‍ 3,357 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷമിത് 2,939 കോടിയായിരുന്നു. 14.2 ശതമാനം വര്‍ധനയാണ് 2026 ജൂണില്‍ രേഖപ്പെടുത്തിയത്.

◾  നിര്‍മിത ബുദ്ധിയുടെ വരവോടെ പ്രധാനപ്പെട്ട ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരിവില 50 ശതമാനത്തിലേറെ ഇടിഞ്ഞു. 10 ഇന്ത്യന്‍ ഐടി കമ്പനികളുടെ വിപണി മൂലധനത്തില്‍ 19 ലക്ഷം കോടി രൂപയിലധികമാണ് ചോര്‍ന്നു പോയത്. ടിസിഎസും ഇന്‍ഫോസിസും 2020നു ശേഷമുള്ള താഴ്ന്ന നിലയിലാണ്. 2024 ഓഗസ്റ്റ് 30ന് സര്‍വകാല റെക്കോഡായ 4,592.25 രൂപയിലെത്തിയ ടിസിഎസ് ഓഹരിവില ഇപ്പോള്‍ 56 ശതമാനമാണ് ഇടിഞ്ഞത്. 2021 ഒക്ടോബര്‍ 14ലെ 369.93 എന്ന സര്‍വകാല ഓഹരിവിലയില്‍ നിന്ന് 170 രൂപയിലേക്കാണ് വിപ്രോ കൂപ്പുകുത്തിയത്. 50 ശതമാനത്തിനടുത്താണ് ഇന്‍ഫോസിസിന്റെ ഓഹരിവില ഇടിഞ്ഞത്. എച്ച്‌സിഎല്‍ ടെക് 2025 ജനുവരിയില്‍ നിന്ന് 47 ശതമാനത്തിനു മുകളില്‍ താഴേക്ക് പോയപ്പോള്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് 36 ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്രയുടെ വീഴ്ച്ച 25 ശതമാനത്തിന് മുകളിലാണ്. കോഡിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ബാക്ക്-ഓഫീസ് ജോലികള്‍ എന്നിവ എ.ഐ വേഗത്തില്‍ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ഐടി മോഡലിന് ഭീഷണിയാണ്.

◾  പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'സിദ്ധു' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ കോര്‍ത്തിണക്കി, ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തില്‍ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശന്‍ ജഡ്ജിയുടെ വേഷത്തില്‍ തന്നെ അഭിനയിക്കുന്നു. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാന്‍, ഷൈന്‍ അനിരുദ്ധന്‍, നഗരൂര്‍ ഷാ, തമ്പാനൂര്‍ ഷെരീഫ്, ഡോക്ടര്‍ രജിത്കുമാര്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

◾  ഇമ്രാന്‍ ഹാഷ്മിയുെട ആക്ഷന്‍ റൊമാന്റിക് ചിത്രം 'ആവാരപന്‍' രണ്ടാം ഭാഗം ടീസര്‍ എത്തി. 2007-ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയായാണ് 'ആവാരപന്‍ 2' എത്തുന്നത്. മോഹിത് സൂരിയാണ് ആദ്യ ഭാഗമൊരുക്കിയതെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിഥിന്‍ കക്കര്‍ ആണ്. നിര്‍മാണം വിശേഷ് ഭട്ട്. ദിഷ പതാനി, ഷബാന ആസ്മി എന്നിവര്‍ക്കൊപ്പം ഇമ്രാന്‍ ഹാഷ്മിയും തിരിച്ചെത്തുന്നു, സുരേന്ദര്‍ വിക്കി, വിജയന്ത് കോലി, അതുല്‍ കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.

◾  പുതിയ ജിടിഎക്സ് (ഒ), എക്സ്-ലൈന്‍ (ഒ) വകഭേദങ്ങള്‍ പുറത്തിറക്കിക്കൊണ്ട് കിയ ഇന്ത്യ തങ്ങളുടെ സെല്‍റ്റോസ് എസ്യുവി നിര വിപുലീകരിച്ചു. ഈ പുതിയ വകഭേദങ്ങളുടെ എക്സ്-ഷോറൂം വില 21.56 ലക്ഷം മുതല്‍ ആരംഭിക്കുന്നു. കിയ സെല്‍റ്റോസ് എസ്യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 10.99 ലക്ഷം രൂപ ആയി തുടരുന്നു. സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം രണ്ട് വകഭേദങ്ങളിലും തിരഞ്ഞെടുത്ത പ്രാദേശിക ഭാഷകളിലെ വോയ്‌സ് കമാന്‍ഡുകളെ പിന്തുണയ്ക്കുന്ന കണക്റ്റഡ് കാര്‍ നാവിഗേഷന്‍ കോക്ക്പിറ്റ് ഉണ്ട്. ഇന്ത്യയില്‍, കിയ സെല്‍റ്റോസ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്: 115 കുതിരശക്തി ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 116 കുതിരശക്തി ഡീസല്‍ എഞ്ചിന്‍, 160 കുതിരശക്തി ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ പെട്രോള്‍ എഞ്ചിന് 6-സ്പീഡ് മാനുവല്‍, സിവിടി, ഡീസല്‍ എഞ്ചിന് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, ടര്‍ബോ-പെട്രോള്‍ എഞ്ചിന് 6-സ്പീഡ് ഐഎംടി, 7-സ്പീഡ് ഡിസിടി എന്നിവ ഉള്‍പ്പെടുന്നു.

◾  മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒട്ടനവധി ചലച്ചിത്രഗാനങ്ങള്‍ സമ്മാനിച്ച ബി കെ ഹരിനാരായണന്‍, തന്റെ കാവ്യാത്മകമായ ഭാഷയെ നോവലിന്റെ വിശാലമായ ക്യാന്‍വാസിലേക്ക് പടര്‍ത്തിക്കൊണ്ട് തന്റെ സാഹിത്യസപര്യയില്‍ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ലോകമൊട്ടാകെയുള്ള പ്രണയികള്‍ക്ക് 'താജ്മഹല്‍ ' എന്നത് വെറുമൊരു വെണ്ണക്കല്‍ നിര്‍മ്മിതിയല്ല. അത് അനശ്വരമായ പ്രണയത്തിന്റെ ആഗോളചിഹ്നമാണ്. ആഗോളമായ ആ പ്രണയസങ്കല്‍പ്പത്തെ പ്രാദേശികമായ മണ്ണിലേക്ക് പറിച്ചുനടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ആത്മാര്‍ത്ഥത 'കുന്നംകുളം താജ്മഹല്‍' എന്ന പേര് വായനക്കാരന് മുന്‍കൂട്ടി നല്‍കുന്നുണ്ട്. അത് പ്രണയത്തിന്റെ സാര്‍വ്വലൗകികതയെ നമ്മുടെ സ്വന്തം നാട്ടുവഴികളിലേക്ക് മനോഹരമായി ആനയിക്കുന്നു. 'കുന്നംകുളം താജ്മഹല്‍'. ബി കെ ഹരിനാരായണന്‍. ഡിസി ബുക്സ്. വില 216 രൂപ.

◾  പ്രായം കൂടുന്തോറും കാഴ്ച മങ്ങുന്നത് സ്വാഭാവികമാണെന്ന് കരുതി പലരും അവഗണിക്കുന്ന ഒന്നാണ് തിമിരം. വേദനയില്ലാതെ, വളരെ പതുക്കെ കാഴ്ച കുറയുന്ന ഈ അവസ്ഥ സാധാരണയായി പ്രായമായവരിലാണ് കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് വരാം. തിമിരത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ വാര്‍ദ്ധക്യസഹജമായ കാഴ്ചക്കുറവായി തെറ്റിദ്ധരിക്കാറുള്ളതിനാല്‍ പലരും ചികിത്സ തേടാന്‍ വൈകാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്. കണ്ണടയിലെ ഗ്ലാസില്‍ മൂടല്‍മഞ്ഞ് പടര്‍ന്നതുപോലെ വസ്തുക്കള്‍ വ്യക്തതയില്ലാതെ കാണപ്പെടുക എന്നതാണ് തിമിരത്തിന്റെ പ്രധാന ലക്ഷണം. തിമിര ബാധിതര്‍ക്ക് രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്നത് കഠിനമായിരിക്കും. സ്ട്രീറ്റ് ലൈറ്റുകളുടെയും മറ്റ് വാഹനങ്ങളുടെയും ഹെഡ്‌ലൈറ്റുകളുടെയും വെളിച്ചം കണ്ണിലേക്ക് അമിതമായി അടിക്കുന്നതായും റോഡ് വ്യക്തമല്ലാത്തതായും തോന്നും. കൂടാതെ ദൂരം കൃത്യമായി കണക്കാക്കാനും ബുദ്ധിമുട്ട് നേരിടും. കണ്ണിലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടുന്നതോടെ ചുറ്റുമുള്ള നിറങ്ങളുടെ ഭംഗി കുറഞ്ഞതായി തോന്നും. വെള്ള നിറത്തിന് നേരിയ മഞ്ഞനിറം കലര്‍ന്നതായും, മറ്റ് തിളക്കമുള്ള നിറങ്ങള്‍ക്ക് മങ്ങലേറ്റതായും അനുഭവപ്പെടാം. കൂടുതല്‍ വെളിച്ചമുള്ള സ്ഥലങ്ങളിലേക്ക് നോക്കുമ്പോള്‍ കണ്ണിന് അസ്വസ്ഥത തോന്നുകയും കണ്ണ് ചിമ്മുകയും ചെയ്യും. അമിതമായ പ്രകാശം പലപ്പോഴും തലവേദനയ്ക്കും കാരണമാകാറുണ്ട്. തിമിരത്തിന്റെ ഏറ്റവും പൊതുവായ ലക്ഷണങ്ങളില്‍ ഒന്നാണിത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കണ്ണടയുടെ പവര്‍ ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നത് തിമിരത്തിന്റെ ലക്ഷണമാകാം. ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമല്ലെങ്കില്‍ പോലും 40 വയസ്സ് കഴിഞ്ഞവര്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും കൃത്യമായ നേത്രപരിശോധന നടത്തേണ്ടത് ആവശ്യമാണ്. തിമിരം നേരത്തെ തിരിച്ചറിയുന്നത് കാഴ്ച പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജകൊട്ടാരത്തില്‍ വിദൂഷകന്‍ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കിടെ അദ്ദേഹം നല്ല തമാശകളും പറയുന്നുണ്ട്. പക്ഷേ രാജാവിന് കഥ ശരിക്ക് മനസ്സിലായില്ല. വിദൂഷകന്‍ തന്നെ കളിയാക്കുകയാണെന്ന് തെറ്റിദ്ധരിച്ച രാജാവ്, ദേഷ്യത്തോടെ വിദൂഷകന് ഒരു അടി കൊടുത്തു.  വിദൂഷകന്‍ വേദനകൊണ്ട് പുളഞ്ഞു. ദേഷ്യം കൊണ്ട് പല്ലിറുമ്മി. എന്നാല്‍ തന്നെ അടിച്ചത് രാജാവാണ്, മറുത്തൊരക്ഷരം പോലും പറയുവാന്‍ കഴിയില്ല. ഒരു കാരണവും കൂടാതെ അടി കിട്ടിയതിലുള്ള ദേഷ്യം, എത്ര ശ്രമിച്ചിട്ടും വിദൂഷകന് നിയന്ത്രിക്കാനായില്ല. വിദൂഷകന്‍ തന്റെ തൊട്ടടുത്ത് നിന്നയാള്‍ക്ക് ഒരടി കൊടുത്തു. അയാള്‍ വിദൂഷകനോട് ചോദിച്ചു:  'അങ്ങെന്താണ് ഈ ചെയ്തത്? ഞാന്‍ അങ്ങയെ ഒന്നും ചെയ്തില്ലല്ലോ?'  വിദൂഷകന്റെ മറുപടി:  'അതിനെന്താ? നീ നിന്റെ അടുത്ത് നില്‍ക്കുന്നയാള്‍ക്ക് ഒരടി കൊടുക്കൂ... ജീവിതം ഒരു വലിയ ചക്രം പോലെയാണ്. അത് കറങ്ങിവരുമ്പോള്‍ ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നത് കിട്ടും... ഒട്ടും മടിക്കേണ്ട... അടുത്തിരിക്കുന്നയാള്‍ക്ക് അടി കൊടുത്തുകൊള്ളൂ...'  ഇന്ന് നമുക്ക്ചുറ്റും കണ്ടുവരുന്നതും ഇതുതന്നെയാണ്. തന്റെ പകയും ദേഷ്യവും അടുത്തുനില്‍ക്കുന്നവരോടാണ് തീര്‍ക്കുന്നത്. വാസ്തവത്തില്‍, അവര്‍ ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല.  ഇന്നല്ലെങ്കില്‍ നാളെ, നമ്മള്‍ കൊടുത്തത് തിരികെ നമ്മളിലേക്ക് തന്നെ മടങ്ങിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളെല്ലാം നമ്മുടെതന്നെ സൃഷ്ടിയാണ്. നല്ലതായാലും ചീത്തയായാലും നമ്മുടെ വിധിയെ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ്. ഇന്ന് നമ്മള്‍ ചെയ്യുന്ന കര്‍മ്മം നാളെ വിധിയുടെ രൂപത്തില്‍ നമ്മളെ തേടി വരുന്നു. നല്ല കര്‍മങ്ങളാണ് നല്ല ഭാവിയെ സൃഷ്ടിക്കുന്നത്. - ശുഭദിനം.