സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കണ്‍സെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോള്‍ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
പ്രായപരിധി ഉയർത്തിയതിനൊപ്പം വിദ്യാർത്ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളില്‍ കണ്‍സെഷനെച്ചൊല്ലി വിദ്യാർത്ഥികളും ജീവനക്കാരും തമ്മില്‍ തർക്കങ്ങള്‍ പതിവായ പശ്ചാത്തലത്തിലാണ് ഇടപെടല്‍.
ഇനി മുതല്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികള്‍ക്ക് കണ്‍സെഷൻ നിരക്കില്‍ യാത്ര ചെയ്യാം. എന്നാല്‍ മുഴുവൻ സമയ വിദ്യാർത്ഥികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് മാത്രമായിരിക്കും ഇതിന് അർഹത. ക്രാഷ് കോഴ്സുകള്‍ ചെയ്യുന്നവർക്കും പാർട്ട് ടൈം വിദ്യാർത്ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
കണ്‍സെഷൻ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ ഇനി മുതല്‍ നടപടികള്‍ പൂർണ്ണമായും ഓണ്‍ലൈൻ വഴിയാക്കും. 'MVD leads' എന്ന മൊബൈല്‍ ആപ്പ് വഴിയാണ് വിദ്യാർത്ഥികള്‍ കണ്‍സെഷനായി അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 'MVD leads' ആപ്പില്‍ രജിസ്റ്റർ ചെയ്യണം. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി ഇതിന് അപ്രൂവല്‍ നല്‍കും. വിദ്യാർത്ഥികള്‍ക്ക് ആപ്പ് വഴി കണ്‍സെഷനായി അപേക്ഷിക്കാം. വിദ്യാർത്ഥി അപേക്ഷിക്കുന്ന സ്ഥാപനത്തിന് ആപ്പ് വഴി തന്നെ ഇതിന്റെ അറിയിപ്പ് ലഭിക്കും. അപേക്ഷകൻ അവിടെ പഠിക്കുന്ന വിദ്യാർത്ഥി തന്നെയെന്ന് മോട്ടോർ വാഹന വകുപ്പ് പൂർണ്ണമായി ഉറപ്പുവരുത്തിയ ശേഷമായിരിക്കും കണ്‍സെഷൻ അനുവദിക്കുക.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ