25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

 



പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക പിന്മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 25 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ25’ പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കം തല്‍ക്കാലം നീട്ടി വച്ചേക്കുമെന്ന് സൂചന. 2029 ഓടെ ഇ25 പെട്രോള്‍ അവതരിപ്പിച്ച് നടപ്പാക്കാന്‍ ആയിരുന്നു കേന്ദ്രത്തിന്റെ നീക്കം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പെട്രോളിലെ എഥനോള്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 2030ഓടെ ഇ20 അവതരിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഈ വേഗത്തിലുള്ള മാറ്റം വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയാന്‍ കാരണമായെന്നാണ് രാജ്യത്തെ വാഹന ഉടമകളുടെ പരാതി. മാത്രമല്ല, പഴയ വാഹനങ്ങളുടെ എഞ്ചിന്‍ ഭാഗങ്ങള്‍ നശിക്കാനും ഇന്ധനക്ഷമത കുറയാനും ഉയര്‍ന്ന എഥനോള്‍ മിശ്രിതം കാരണമാകുന്നതായി ആക്ഷേപമുണ്ട്. എഥനോളിന് കലോറി മൂല്യം കുറവായതിനാല്‍ മൈലേജ് കുറയുമെന്നതും, തണുപ്പുകാലത്ത് വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

2029 ഓടെ 25 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ25’ പെട്രോള്‍ അവതരിപ്പിക്കാന്‍ നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. ഈ സാഹചര്യത്തില്‍ 25 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനം പെട്ടെന്ന് അടിച്ചേല്‍പ്പിക്കില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായാണ് സൂചന. സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ കൂടുതല്‍ സമയം തേടിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വാഹന ഭാഗങ്ങള്‍ കേടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വാഹനനിര്‍മ്മാണ കമ്പനികള്‍ തള്ളി.