പത്തനംതിട്ട ജില്ലയിലെ അടൂരിൽ 16
വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി വർഷങ്ങളായി നേരിട്ടുവന്ന പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ചൈൽഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
രോഗിയായിരുന്ന പെൺകുട്ടിയുടെ അമ്മ 2020 ൽ വിദേശത്ത് മരിച്ചത്. അമ്മയുടെ മരണശേഷമാണ് പിതാവ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. അന്ന് വിദേശത്തായിരുന്ന കുടുംബം പിന്നീട് നാട്ടിലെത്തിയെങ്കിലും പീഡനം തുടർന്നതായാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.
സ്‌കൂൾ അധികൃതരുടെ ഇടപെടലിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബന്ധപ്പെട്ട അധികാരികൾക്ക് വിവരം കൈമാറുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
സംഭവത്തിൽ ആദ്യം കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. പിന്നീട് കുറ്റകൃത്യം നടന്നത് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് കേസ് അടൂർ പൊലീസിന് കൈമാറി.
പെൺകുട്ടിയുടെ മൊഴി, വൈദ്യപരിശോധന റിപ്പോർട്ട്, മറ്റ് സാഹചര്യ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ