എന്ത് പ്രതിഷേധം ഇരമ്പിവന്നാലും മന്ത്രിമാര്‍ രാജിവയ്ക്കില്ലെന്ന ബിജെപി നിലപാടിനെ കാറ്റില്‍പ്പറത്തിയ പാറ്റകള്‍; 12 വര്‍ഷത്തിനിടയിലെ ആദ്യ രാജി പഠിപ്പിക്കുന്നത്.

 


എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം പ്രതിഷേധ സമരത്തിന് വഴങ്ങി ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രി രാജി വയ്ക്കുന്നത്. എത്ര വലിയ സമരത്തിന് മുന്നിലും മന്ത്രിമാര്‍ രാജി വയ്ക്കില്ലെന്ന ബിജെപിയുടെ കീഴ് വഴക്കമാണ് തെറ്റിയത്. സമരം ഇനിയും ആളിക്കത്തിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാവുമെന്ന തോന്നലിലാണ് രാജി. 

എത്രവലിയ പ്രതിഷേധം ഇരമ്പിയാലും സമരങ്ങള്‍ കണ്ട് മന്ത്രിമാര്‍ രാജി വയ്ക്കില്ലെന്നതായിരുന്നു ബിജെപിയുടെ നിലപാട്. നാളിതുവരെ അതിലുറച്ച് നിന്നു. രാജ്യ തലസ്ഥാനം കണ്ട വലിയ സമരങ്ങിലൊന്നും മന്ത്രിമാരുടെ രാജി കൊണ്ട് ഒരു ഒത്തുതീര്‍പ്പ് ഉണ്ടായില്ല. ആ ചരിത്രമാണ് ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് തിരുത്തിയത്. രാഷ്ട്രീയമായി ബിജെപിക്കുണ്ടായത് വന്‍ തിരിച്ചടി കൂടിയാണ് ഇത്.

സോനം വാങ്ചുകിനെ സമരവേദിയില്‍ നിന്ന് എടുത്ത് കൊണ്ട് പോയതും സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്തു. സമരത്തിന് പിന്തുണയേറി.ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി ആവശ്യമുയര്‍ത്തുമെന്ന് അഭിജീത്ത് ദീപ്‌കെ മുന്നറിയിപ്പ് നല്‍കി. സമരം കടുക്കുമെന്ന റിപ്പോര്‍ട്ടുകളും കേന്ദ്രത്തിന് മുന്നിലെത്തി. സമരവേദിയിലേക്ക് വന്നൊരു അനുനയത്തിന് ശ്രമിക്കാതിരുന്നതും ദോഷം ചെയ്തു. മന്ത്രിയുടെ രാജിയില്ലാതെ തന്നെ സോനം വാങ് ചുകിന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. മന്ത്രിയെ വകുപ്പ് മാറ്റിയൊരു പരിഹാരത്തിനും കേന്ദ്രം ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളും വന്നു. പക്ഷെ സിജെപി രാജി കാര്യത്തില്‍ ഉറച്ച് നിന്നു. ഒടുവില്‍ രാജിയല്ലാതെ മറ്റൊരു വഴിയില്ലാതായി.

കഴിഞ്ഞ പത്ത് ദിവസം നടന്ന സംഭവങ്ങള്‍ വേദനിപ്പിച്ചെന്നും സാഹചര്യം സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിശദീകരിച്ചാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വച്ചത്. കേന്ദ്ര സര്‍ക്കാരും സിജെപിയും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ച തുടങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പ്രഖ്യാപനം. ഇതൊരു തുടക്കം മാത്രമാണെന്നും ഈ ആവേശത്തിന് തുടര്‍ച്ചയുണ്ടാവുമെന്നും അഭിജീത്ത് ദീപ്‌കെ പ്രതികരിച്ചു. സധൈര്യം സമരത്തിനിറങ്ങിയ യുവാക്കളുടെ വിജയമാണിതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഭക്ഷണവും മെട്രോയും ഇന്റെര്‍നെറ്റും തടഞ്ഞ് വരിഞ്ഞ് മുറുക്കാനും ശ്രമിച്ചിട്ടും സമരവീര്യത്തിന് മുന്നില്‍ ഒന്നും വിലപ്പോയില്ല. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി കേന്ദ്ര സര്‍ക്കാരിന്റെ കുറ്റ സമ്മതമായി കൂടി വിലയിരുത്തപ്പെടും.