പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കും അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലേക്കും വലിയൊരു ചുവടുവെപ്പുമായി ഇന്ത്യ. ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ, എഥനോളിന്റെ അളവ് കൂടിയ 'ഇ85' (185) ഇന്ധനം രാജ്യത്ത് അവതരിപ്പിച്ചു.
ലോക പരിസ്ഥിതി ദിനത്തിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ധന സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഇ85 ഇന്ധനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ പൊതുമേഖലാ കമ്പനികളുടെ 48 ഇന്ധന സ്റ്റേഷനുകളിലാണ് ഇ85 സൗകര്യം ലഭ്യമാക്കുക. പിന്നീട് ഘട്ടങ്ങളായി ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും.
എന്താണ് ഇ85 ഇന്ധനം?
80 മുതൽ 85 ശതമാനം വരെ എഥനോളും 14 മുതൽ 19 ശതമാനം വരെ പെട്രോളും അടങ്ങിയ ഒരു മിശ്രിത ഇന്ധനമാണ് ഇ85. സാധാരണ പെട്രോളിൽ നിന്ന് വ്യത്യസ്‌തമായി, E20 മുതൽ E100 വരെയുള്ള വിവിധ എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള, പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളിലാണ് ഈ ഇന്ധനം ഉപയോഗിക്കുന്നത്.
കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്നാണ് പ്രധാനമായും പുനരുപയോഗ ഊർജ്ജ സ്രോതസ്സായ എഥനോൾ ഉത്പാദിപ്പിക്കുന്നത്. ഇത് പെട്രോളിനേക്കാൾ ശുദ്ധമായി കത്തുന്നതിനാൽ വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം കുറയ്ക്കാനും ഇന്ത്യയുടെ ഹരിത ഊർജ്ജ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും എഥനോളിന്റെ ഉയർന്ന ഉപയോഗം സഹായിക്കും.
ഇ85 പെട്രോളിനേക്കാൾ വിലക്കുറവാകാൻ കാരണം
ഇ85 ഇന്ധനത്തിൻ്റെ ഏറ്റവും വലിയ ആകർഷണം അതിൻ്റെ കുറഞ്ഞ വിലയാണ്. സാധാരണ പെട്രോളിനേക്കാൾ ലിറ്ററിന് ഏകദേശം 20 രൂപയോളം കുറവാണ് ഇ85 ഇന്ധനത്തിന് . ഇത് അനുയോജ്യമായ വാഹനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് വലിയ രീതിയിൽ പണം ലാഭിക്കാൻ സഹായിക്കും.
കൂടാതെ, എഥനോളിൻ്റെ വ്യാപകമായ ഉപയോഗത്തിലൂടെ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും അതുവഴി വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് തടയാനും സർക്കാരിന് സാധിക്കും.
എന്താണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾ?
വ്യത്യസ്ത അളവിലുള്ള എഥനോൾ-പെട്രോൾ മിശ്രിതങ്ങളിൽ ഓടിക്കാൻ കഴിയുന്ന എഞ്ചിനുകളും ഇന്ധന സംവിധാനങ്ങളുമുള്ള വാഹനങ്ങളാണ് ഫ്ലെക്‌സ്-ഫ്യുവൽ വാഹനങ്ങൾ (FFV). ഇവയുടെ രൂപകൽപ്പന അനുസരിച്ച് E20 മുതൽ E100 വരെയുള്ള ഇന്ധന മിശ്രിതങ്ങൾ ഉപയോഗിക്കാൻ ഇവയ്ക്ക് കഴിയും.
ഈ ആഴ്ച മാരുതി സുസുക്കി തങ്ങളുടെ 'വാഗൺആർ ഫ്ലെക്‌സ് ഫ്യുവൽ' പ്രോട്ടോടൈപ്പ് പുറത്തിറക്കിയതോടെ ഇന്ത്യയിലെ ഫ്ലെക്സ്-ഫ്യുവൽ വാഹന മേഖലയ്ക്ക് വലിയൊരു ഉണർവ് ലഭിച്ചിരിക്കുകയാണ്. 100 ശതമാനം എഥനോളിൽ (E100) പ്രവർത്തിക്കാൻ ശേഷിയുള്ള രാജ്യത്തെ ആദ്യത്തെ പാസഞ്ചർ വാഹനമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ വാഹനം പുറത്തിറക്കിയത്.
E20 പരിധിക്ക് അപ്പുറത്തേക്ക് ഇന്ത്യ
നിലവിലുള്ള E20 ബ്ലെൻഡിംഗ് പ്രോഗ്രാമിന് അപ്പുറത്തേക്ക് എഥനോൾ ഉപയോഗം വ്യാപിപ്പിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇ85 അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യയ്ക്ക് ഏകദേശം 19 ബില്യൺ ലിറ്റർ എഥനോൾ ഉൽപ്പാദന ശേഷിയുണ്ടെന്നും എന്നാൽ നിലവിലെ മിശ്രിത പദ്ധതിക്ക് ഏകദേശം 11.5 ബില്യൺ ലിറ്റർ മാത്രമേ ആവശ്യമുള്ളൂ എന്നും മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തിൽ E22, E25, E27, E30 എന്നിവയുൾപ്പെടെയുള്ള ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കായുള്ള ഇന്ധന മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഫ്ലെക്സ‌്-ഫ്യുവൽ സാങ്കേതികവിദ്യ കൂടുതൽ ജനകീയമാക്കുന്നതിനുള്ള അടിത്തറയായിരുന്നു അത്.
2014 മുതലുള്ള എഥനോൾ മിശ്രണത്തിലെ വളർച്ച
പെട്രോളിലെ എഥനോൾ മിശ്രണം 2014-ലെ 1.53 ശതമാനത്തിൽ നിന്ന് ഇപ്പോൾ 20 ശതമാനമായി ഉയർത്താൻ സാധിച്ചതായി സർക്കാർ വ്യക്തമാക്കുന്നു. ഇതിലൂടെ നിശ്ചയിച്ച സമയ പരിധിക്ക് അഞ്ച് വർഷം മുൻപ് തന്നെ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ഈ പദ്ധതി വഴി രാജ്യത്തിന് 1.84 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞതായും അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര ജൈവ ഇന്ധന ഉൽപ്പാദനത്തെ പിന്തുണയ്ക്കാനും ഇത് സഹായിച്ചതായും പെട്രോളിയം മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ