ശമ്പള വരുമാനക്കാര്‍ക്ക് വൻ ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ഉടനെത്തും, ഇനി യുപിഐ വഴിയും എടിഎമ്മില്‍ നിന്നും പിഎഫ് പണം പിൻവലിക്കാം.


രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ് പ്രൊവൈഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്‌ഒ) സേവനങ്ങള്‍ പൂർണ്ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക്.

പുതിയതായി അവതരിപ്പിക്കുന്ന 'ഇപിഎഫ്‌ഒ 3.0' ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് (പിഎഫ്) പണം യുപിഐ ആപ്പുകള്‍ വഴിയും ഇപിഎഫ് ലിങ്ക് ചെയ്‌ത എടിഎമ്മുകള്‍ വഴിയും നേരിട്ട് പിൻവലിക്കാൻ സാധിക്കും. ജൂണ്‍ അവസാനത്തോടെ ഈ പുതിയ സൗകര്യം രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ തന്നെ നടത്തുമെന്നും സൂചനകളുണ്ട്.

നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച്‌ വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന്‍റെ സാങ്കേതിക പരീക്ഷണങ്ങള്‍ ഇതിനകം തന്നെ വിജയകരമായി പൂർത്തിയായിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ പ്രകാരം ജീനക്കാര്‍ക്ക് അവരുടെ ഇപിഎഫ് ബാലൻസിന്‍റെ 75 ശതമാനം വരെ യുപിഐ വഴിയോ യുപിഐ അധിഷ്ഠിത എടിഎമ്മുകള്‍ വഴിയോ ബാങ്ക് അക്കൗണ്ടിലേക്ക് ഉടനടി മാറ്റാൻ സാധിക്കും.

 നിലവില്‍ പിഎഫ് തുക പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ച്‌ ദിവസങ്ങളോളം പ്രോസസിംഗിനായി കാത്തിരിക്കേണ്ടി വരുന്ന സ്ഥാനത്താണ് ഈ അത്യാധുനിക സേവനം ലഭ്യമാക്കുന്നത്. ഇത് കനത്ത പേപ്പർ ജോലികളും അനാവശ്യ കാലതാമസവും ഒഴിവാക്കുമെന്നും പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. എന്നാല്‍ വിരമിക്കല്‍ സമ്പാദ്യത്തിന്‍റെ സുരക്ഷ മുൻനിർത്തി ശക്തമായ തട്ടിപ്പ് വിരുദ്ധ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇതിനായി നടപ്പിലാക്കേണ്ടതുണ്ടെന്ന് നിയമവിദഗ്ധർ ഓർമ്മിപ്പിക്കുന്നുണ്ട്.

ഇപിഎഫ്‌ഒ 3.0

ഇപിഎഫ്‌ഒ 3.0 പരിഷ്കാരങ്ങളുടെ ഭാഗമായി പിഎഫ് ക്ലെയിമുകളുടെ ഓട്ടോ സെറ്റില്‍മെന്‍റ് പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്. കൂടാതെ, വരിക്കാർക്ക് ഒന്നിലധികം രേഖകള്‍ സമർപ്പിക്കുന്നതിന് പകരം ഉമാംഗ് ആപ്പ് വഴി ഫേസ് ഓതന്‍റിക്കേഷൻ ടെക്‌നോളജി ഉപയോഗിച്ച്‌ വ്യക്തിത്വം തെളിയിക്കാനുള്ള സൗകര്യവും ലഭ്യമാക്കും. വേഗത്തിലുള്ള യുഎൻ ആക്റ്റിവേഷൻ, ഓണ്‍ലൈനായി പിഎഫ് പാസ്‌ബുക്ക് പരിശോധിക്കല്‍, ആധാർ ബന്ധിത വിവരങ്ങളിലെ തെറ്റുകള്‍ അതിവേഗം തിരുത്തല്‍ എന്നിവയും പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകളാണ്.

ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടമാകും ഇപിഎഫ്‌ഒ 3.0 എന്ന് സാമ്പത്തിക മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു. ജീവനക്കാരുടെ ഏറ്റവും വലിയ സാമ്പത്തിക സമ്പാദ്യമായ പിഎഫ് തുക, പ്രത്യേകിച്ച്‌ അടിയന്തര ഘട്ടങ്ങളില്‍ വളരെ എളുപ്പത്തില്‍ ലഭ്യമാക്കാൻ സാധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് സ്വന്തം പണത്തിന്മേല്‍ കൂടുതല്‍ നിയന്ത്രണവും സ്വാതന്ത്ര്യവും നല്‍കും. രാജ്യത്തെ ഡിജിറ്റല്‍ പൊതു ഇൻഫ്രാസ്ട്രക്ചർ ശക്തമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക സാമ്പത്തിക സംവിധാനങ്ങളിലുള്ള വിശ്വാസവും പങ്കാളിത്തവും വർദ്ധിക്കാൻ ഈ നവീകരണം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.