ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി.


തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു.

വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമര്‍ശനമുള്ളതായി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

മുന്‍വര്‍ഷങ്ങളിലെ ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവര്‍ഷത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവില്‍ കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രമാണ് വെള്ളം ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജലസംഭരണികളില്‍ 58.58 ശതമാനം വെള്ളം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ്. ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച അളവില്‍ മഴ ലഭിക്കാതിരുന്നതാണ് നിലവിലെ ഈ സാഹചര്യം രൂപപ്പെടാന്‍ പ്രധാന കാരണം.