അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു;നെന്മേനി പഞ്ചായത്തില്‍ ഒരാഴ്ച ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം.


ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡിഷണല്‍ ഡയറക്ടര്‍ ഡോ. കെ പി റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദര്‍ശിച്ചു. രോഗവ്യാപനം തടയാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സംഘം നല്‍കി.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് ഊര്‍ജ്ജിതമായി നടന്നു വരികയാണ്. കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷന്‍ ഡ്രൈവ് നടക്കുന്നു. 

ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.

അതേസമയം നെന്മേനി പഞ്ചായത്തില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടു.

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് താത്കാലിക ചന്തകള്‍, റാലികള്‍ എന്നിവ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും പരമാവധി ഒഴിവാക്കണം. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയില്‍ കഴിവതും ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവൂ. 

രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന ആരും സ്വയ ചികിത്സയ്ക്ക് മുതിരരുത്. നിര്‍ബന്ധമായും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ തേടണം. നിലവില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സമ്പര്‍ക്ക പട്ടിക താലൂക്ക് ആരോഗ്യ കേന്ദ്രത്തില്‍ തയ്യാറാക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ കര്‍ശന പരിശോധന നടത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കാനും കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നതികളിലെ പരിസര ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങില്‍ ട്രൈബല്‍ വകുപ്പ് നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് 2023 സെക്ഷന്‍ 65, ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം നടപടിയുണ്ടാകുമെന്നും അറിയിക്കുന്നു.

ജാഗ്രത പാലിക്കുക.