മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.



സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ ഇത്തവണ കൂടുതല്‍ കാലവര്‍ഷമഴ ലഭിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.

തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. നാളെയും മറ്റന്നാളും വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്. ശേഷം സംസ്ഥാനത്തുടനീളം കാലവര്‍ഷ മഴ ദുര്‍ബലമാകാനാണ് സാധ്യത . കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം ഒന്‍പതു വരെ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. 50 കിലോമീറ്റര്‍ വരെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നു.

താഴെപ്പറയുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.