സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; വ്യാഴം വരെ ജാഗ്രത നിർദേശം.



തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദ്ദേശങ്ങള്‍

ഇന്ന് (ജൂണ്‍ 29) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലർട്ടാണ്. ജൂണ്‍ 30-ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 30-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 1-ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരുകയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജൂലൈ 1-ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ 2-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ടാകും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

പൊതുജനങ്ങള്‍ പാലിക്കേണ്ട ജാഗ്രത

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശമനുസരിച്ച്‌ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ മുൻകരുതല്‍ സ്വീകരിച്ച്‌ ആവശ്യമായാല്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയും പകല്‍സമയത്ത് തന്നെ അവിടേക്ക് മാറുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയോ റവന്യൂ അധികൃതരുടെയോ സഹായം തേടാം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍ക്കൂര ഉറപ്പില്ലാത്ത വീടുകളിലും ദുർബലമായ കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകള്‍ തകരാനുമുള്ള സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധ വേണം.