അംഗൻവാടിയിൽ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തിൽ


നഗരത്തിലെ അംഗൻവാടിയിൽ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കാശിനാഥ് (20) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ ആലുവയിലെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് എളമക്കര പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത‌ിട്ടുണ്ട്.

അംഗൻവാടി ടീച്ചറുടെ മകനായ പ്രതി സ്ഥിരമായി സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അംഗൻവാടികളിൽ അനുമതിയില്ലാത്ത വ്യക്തികൾക്ക് പ്രവേശനം അനുവദിക്കരുതെന്ന വ്യവസ്ഥ നിലനിൽക്കെയാണ് ഇയാളുടെ സാന്നിധ്യം രേഖപ്പെടുത്തിയതെന്നത് അന്വേഷണത്തിന് നിർണായകമായി.

സംഭവത്തെക്കുറിച്ച് അംഗൻവാടി ടീച്ചറായ അമ്മയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രാഥമിക മൊഴിയിൽ ഇക്കാര്യം അറിയില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിശദമായ ചോദ്യംചെയ്യൽ നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കേസിന്റെ ഭാഗമായി അംഗൻവാടിഹെൽപ്പറുടെ മൊഴിയും രേഖപ്പെടുത്തും.

കൊച്ചി കോർപറേഷൻ പരിധിയിലെ അംഗൻവാടിയിലാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് അംഗൻവാടിക്കുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടന്നതായി മനസ്സിലായത്.തുടർന്ന് പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അംഗൻവാടി ടീച്ചറെ സർവീസിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. വനിതാ-ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും സുരക്ഷാ വീഴ്ചകളടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയും ചെയ്യുകയാണ്. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.