താമരശ്ശേരി ചുരത്തിൽ വികസന ജോലികൾ: ഗതാഗത തടസ്സത്തിന് സാധ്യത, യാത്രക്കാർ ജാഗ്രത പാലിക്കുക


​താമരശ്ശേരി: ചുരത്തിലെ റോഡ് വീതികൂട്ടുന്ന പ്രവൃത്തികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ചുരത്തിൽ നേരിയ രീതിയിലുള്ള ഗതാഗത തടസ്സം നേരിടുന്നതായി റിപ്പോർട്ട്. 6, 7, 8 ഹെയർപിൻ വളവുകളിലാണ് നിലവിൽ നവീകരണ ജോലികൾ നടക്കുന്നത്.

​ആറാം വളവിൽ ഹിറ്റാച്ചി ഉപയോഗിച്ച് സംരക്ഷണ ഭിത്തി വെട്ടിമാറ്റുന്ന ജോലികളും, ഇതിന് സമീപത്തായി കോൺക്രീറ്റ് ഭിത്തികളുടെ നിർമ്മാണവുമാണ് ഇപ്പോൾ നടന്നു വരുന്നത്. നിർമ്മാണ സാമഗ്രികളും യന്ത്രങ്ങളും റോഡരികിൽ ഉള്ളതിനാൽ ഈ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പ്രയാസമുണ്ട്. അതിനാൽ അടിയന്തരമായി ചുരം വഴി യാത്ര ചെയ്യേണ്ടവർ ആവശ്യത്തിന് സമയം കണക്കാക്കി യാത്ര ക്രമീകരിക്കേണ്ടതാണ്.

_​അച്ചടക്കമില്ലാത്ത ഓവർടേക്കിങ് ബ്ലോക്ക് കൂട്ടുന്നു._

​ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ചില വാഹനങ്ങൾ ലൈൻ ട്രാഫിക് പാലിക്കാതെ തെറ്റായ വശങ്ങളിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് കുരുക്ക് കൂടുതൽ സങ്കീർണ്ണമാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒന്നിനു പുറകെ ഒന്നായി പോകേണ്ട വാഹനങ്ങൾ ഒന്നിച്ച് കയറുന്നത് ചുരത്തിലെ ബ്ലോക്ക് പൂർണ്ണമായും നിശ്ചലമാവാൻ കാരണമാകുന്നുണ്ട്. ചുരത്തിൽ യാത്ര ചെയ്യുന്ന എല്ലാ ഡ്രൈവർമാരും കൃത്യമായി ലൈൻ ട്രാഫിക് പാലിക്കണമെന്നും ട്രാഫിക് പോലീസിന്റെയും വളണ്ടിയർമാരുടെയും നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു.