2026 ജൂണ്‍ 25 , വ്യാഴം
1201 മിഥുനം 11, ചോതി
മുഹറം 09
◾ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ചത് നികുതി ഘടനമാത്രമാണ്. വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള ബക്കാഡി കമ്പനിയുടെ അപേക്ഷ ആദ്യം പരിഗണിച്ചത് പിണറായി സര്‍ക്കാരില്‍ എം വി ഗോവിന്ദന് എക്സൈസ് മന്ത്രിയായിരുന്നപ്പോഴാണ്. വിദേശത്ത് ഉല്പാദിപ്പിക്കുന്ന മദ്യത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചിരുന്നു. അതിനു പിറകില്‍ അഴിമതിയുണ്ടോയെന്നും സതീശന് ചോദിച്ചു.
◾ വിദേശസംഭാവന സ്വീകരിക്കുന്ന സന്നദ്ധസംഘടനകള്ക്ക്നിയന്ത്രണങ്ങള് ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ 2011-ലെ വിദേശസംഭാവന നിയന്ത്രണ ചട്ടത്തില്‍ ഭേദഗതി വരുത്തി. മതപരം, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസപരം, സാമൂഹികം എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളിലായി 105 പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് ഇനി വിദേശ ഫണ്ട് ഉപയോഗിക്കാന്‍ അനുമതി.
◾ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരില്‍ 19 പേരും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദേവിദേവന്മാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചതിനു പിറകേ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
◾ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന ഒരു വാചകംപോലും ബജറ്റില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും. സപ്ലൈ കോയെ ലാഭത്തിലാക്കും. ലാഭത്തിലായിരുന്ന കെഎസ്ഇബിയെ എല്‍ഡിഎഫ് കടത്തിലാക്കി. കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതടക്കം കോടികളാണ് പ്രതിദിന നഷ്ടം. ജനങ്ങള്‍ക്കു ഭീമമായ ബാധ്യതയാണ് എല്‍ഡിഎഫ് സര്‍ക്കാരുണ്ടാക്കിയതെന്നും സതീശന് കുറ്റപ്പെടുത്തി.
◾ കരിമണല്‍ സ്വകാര്യവത്കരിക്കുകയാണെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വ.ിഡി. സതീശന് നിയമസഭയില്‍ പറഞ്ഞു. ബജറ്റില്‍ അങ്ങനൊരു പരാമര്‍ശമില്ല. പ്രതിപക്ഷം ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണ്. കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യമെന്നും സതീശന് പറഞ്ഞു
◾ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നിറവേറ്റുന്ന ബജറ്റാണു താന്‍ അവതരിപ്പിച്ചതെന്നു മന്ത്രി വി.ഡി സതീശന് നിയമസഭയില്‍. ജനസംഖ്യാപരമായ മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. നാടുവിട്ടു പോകാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കു മികച്ച കോഴ്സുകളും പ്രോഗ്രാമുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കണം. കേരളം വയോജന സംസ്ഥാനമായി മാറുകയാണ്. വയോജനങ്ങളെ സംരക്ഷിക്കണം. നന്നായി പഠിച്ചിട്ടാണ് വയോജനങ്ങള്‍ക്കായി വകുപ്പ് രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ എല്ലാ മേഖലയിലും സ്വകാര്യ നിക്ഷേപം വേണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിക്ഷേപ സമാഹരണ കോണ്‍ക്ലേവില്‍ പ്രതിപക്ഷത്തിരുന്ന് സഹകരിച്ച ആളാണ് താന്‍. ഒരു നിക്ഷേപകനും തിരിച്ചു പോകേണ്ടി വരില്ല. പ്രവാസികളുടെ നിക്ഷേപവും കൊണ്ടുവരണം. പ്രൊജക്ട് ഇംപ്ലിമന്റേഷന് പ്രൊട്ടോകോള്‍ ഉണ്ടാക്കുമെന്നും പദ്ധതികള്‍ അനാവശ്യമായി ഇഴയാന്‍ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്നു ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറു മണിക്കാണ് ഗൃഹപ്രവേശം.
◾ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ പരിഗണിക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് മാറ്റിവച്ചു. കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
◾ പിഎം ശ്രീ പദ്ധതിയെച്ചൊല്ലി പി. പ്രസാദ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തള്ളി. മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയത് കരാര്‍ നടപ്പാക്കാനാണെന്ന നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി എന്‍. ഷംസുദ്ദീന് പറഞ്ഞു. കരാറില്‍ ഒപ്പിടാന്‍ തയ്യാറാണെന്ന് കാണിച്ച് മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ 2024-ല്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കരാറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ചശേഷം തിരുത്തല്‍ വേണമെന്നോ പിന്മാറുകയാണെന്നോ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾ നിയമസഭയില്‍ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ വാക്പോര്. പിന്‍വലിക്കാനാണോ പദ്ധതിയില്‍ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആര്‍എസ്എസിന്റെ വിഷ സര്‍പ്പങ്ങള്‍ക്കു മുന്നില്‍ വിളക്കു കൊളുത്തിയത് ഇടത് സര്‍ക്കാരാണെന്നും സതീശന് പറഞ്ഞു. ഇപ്പോള്‍ പിഎം ശ്രീ നടപ്പായിട്ടില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. സാമ്പത്തിക നില സംബന്ധിച്ചു മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടെയും തര്‍ക്കമുണ്ടായി. മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ വിലക്കി. പ്രസംഗം തടസപ്പെടുത്താന്‍ അധികാരമില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. പ്രതിപക്ഷത്തെ നേരിടേണ്ടത് ഇങ്ങനെയല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ക്ഷുഭിതനായി.
◾ കേരളത്തിന്റെ 51 ാം ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
◾ സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉല്പാദനവും വിതരണവും തടയാന്‍ കള്ളുഷാപ്പുകളില്‍ പരിശോധനയുമായി എക്സൈസ് വകുപ്പ്. 'ഓപ്പറേഷന് ശുദ്ധി' എന്നാണ് ഈ പദ്ധതിയ്ക്ക് എക്സൈസ് പേരിട്ടിരിക്കുന്നത്.
◾ ഗവ. പ്ലീഡര്‍മാരെ നിയമിച്ചുകൊണ്ട് പുതിയ പട്ടിക ഇറങ്ങി. 17 സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 24 ഗവ. പ്ലീഡര്‍മാര്‍, നാല് സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാര്‍ എന്നിവരെയാണു നിയമിച്ചത്. ലോയേഴ്സ് കോണ്‍ഗ്രസ് പ്രതിനിധികളെ കൂടി ചേര്‍ത്താണ് പുതിയ പട്ടിക. സര്‍ക്കാര്‍ അഭിഭാഷകരുടെ വിവാദ നിയമനങ്ങളില്‍ ലോയേഴ്സ് കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
◾ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര് നടത്തിയ രക്ഷാപ്രവര്‍ത്തനം മൂലമാണ് താന്‍ എംഎല്‍എ ആയതെന്ന് എഡി തോമസ് നിയമസഭയില്‍. ആയിരക്കണക്കിന് അമ്മമാരുടെ ശാപം എല്‍ഡിഎഫ് നേതാക്കളെ വിടാതെ പിന്തുടരുമെന്നും തോമസ് പറഞ്ഞു.
◾ സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ യുടെ കസ്റ്റഡിയിലുണ്ടായിരുന്ന രേഖകള്‍ എന്‍ഫോഴ്സ്മെന്റിനു കൈമാറി. കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് കോടതി ഉത്തരവനുസരിച്ച് ഇഡിക്ക് ലഭിച്ചത്. ഈ രേഖകള്‍ കൂടി പരിശോധിച്ച് തിങ്കളാഴ്ച വീണയുടെ മൊഴിയെടുക്കും.
◾ വീണാ വിജയന് പ്രതിയായ മാസപ്പടിക്കേസില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്കു കടന്നു. സിപിഎം പ്രവര്‍ത്തകനായ പാളയം സന്തോഷാണ് വിദേശത്തേക്കു കടന്നത്. സന്തോഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി.
◾ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം. ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്.
◾ റവന്യൂ വകുപ്പിലെ 181 തഹസീല്‍ദാര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരുടെ സ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണല്‍ സ്റ്റേ ചെയ്തു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവാണ് ട്രിബൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പര്‍ എന്‍ വാസുദേവന്‍ സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലം മാറ്റ ഉത്തരവെന്ന് ട്രിബൂണലിന്റെ നിരീക്ഷണം.
◾ പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്.
◾ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ഒ.ജി. ബിജുവിനെ മാറ്റി. തുടരാന്‍ താല്പര്യമില്ലെന്ന് ഉദ്യോഗസ്ഥനില്‍നിന്ന് എഴുതി വാങ്ങുകയായിരുന്നു. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം അഴിമതിയില്‍ ബിജുവിനെതിരായ ഹൈക്കോടതി പരാമര്‍ശത്തിന് പിറകേയാണ് ബോര്‍ഡ് തീരുമാനം.
◾ ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കാര്യങ്ങള്‍ പഠിക്കാതെ ഇഷ്ടമുള്ളത് വിളിച്ചു പറയുന്നുവെന്നു വെള്ളാപ്പള്ളി പറഞ്ഞു. തനിക്ക് ലഭിച്ച പത്മ പുരസ്കാരം ഗുരുവിനു സമര്‍പ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
◾ കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
◾ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥി എ എം ആരിഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍മാര്‍ക്കിടയില്‍ തന്നെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തി എന്നായിരുന്നു ആരോപണം. 63,513 വോട്ടിനാണ് കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് വിജയിച്ചത്.
◾ ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. പന്മന വില്ലേജ് ഓഫീസര്‍ രാധാകൃഷ്ണ പിള്ളയെ സ്ഥലം മാറ്റിയ നടപടിയിലാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
◾ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനെതിരെ അതിശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ പ്രക്ഷോഭത്തില്‍ വി എം സുധീരന് അടക്കം യോജിക്കാവുന്ന എല്ലാവരുമായും കൈകോര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശൂര്‍ ജില്ലയിലെ ഇരുന്നൂറോളം ബസുകള്‍ ജൂലൈ ഒന്നോടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ 'ജി ഫോം' സമര്‍പ്പിക്കുന്നു. കനത്ത നഷ്ടം സഹിച്ച് ബസ് സര്‍വീസ് നടത്താനാവില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.പ്രദീപ് പറഞ്ഞു..
◾ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വിദേശരാജ്യങ്ങളില്‍നിന്ന് കൊണ്ടുവരാനിരുന്ന പക്ഷിമൃഗാദികളുടെ ടെന്‍ഡര്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കി. 15 കോടിയോളം രൂപ ചെലവുവരുന്ന ടെന്‍ഡറാണ് റദ്ദായത്. ജിറാഫ്, ഗ്രീന്‍ അനാക്കോണ്ട, സീബ്ര, എലാന്റ, മക്കൗ, കൊക്കാറ്റ് തുടങ്ങിയ ഇനങ്ങളെ കൊണ്ടുവരാനായിരുന്നു പരിപാടി.
◾ എല്‍ഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് റാപ്പര്‍ വേടന്. പരാജയ കാരണങ്ങള്‍ ഒരു ക്യാന്‍വാസ് പോലെയാണ്. പുതിയ സര്‍ക്കാരിന് സമയം നല്‍കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഇത്. ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാനുള്ള പ്ലാറ്റ്ഫോമുകളും ഉണ്ടെന്നും കാത്തിരുന്ന് കാണാമെന്നും വേടന് പറഞ്ഞു.
◾ പാലക്കാട്ടെ കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. വടക്കഞ്ചേരി പന്നിയങ്കര 21-ാം വാര്‍ഡ് മെമ്പറാണ് സുനില്‍. 'ഈശ്വരാനുഗ്രഹത്താല്‍ ഉമ്മന്‍ ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ' എന്നായിരുന്നു സുനില്‍ പ്രതിജ്ഞ ചെയ്തത്. മറ്റൊരു വാര്‍ഡ് മെമ്പറാണ് കോടതിയെ സമീപിച്ചത്.
◾ കാര്‍ തടഞ്ഞുനിര്‍ത്തി 16.25 ലക്ഷം രൂപയും ഐഫോണും കവര്‍ന്ന കേസിലെ മുഖ്യ സൂത്രധാരനായ കട്ടിങ് നബീലിനെ ബാഗ്ലൂരില്നിന്നു പിടികൂടി. കാമുകിയുമൊത്ത് ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. കുറഞ്ഞ നിരക്കില്‍ യു.എസ്. ഡോളര്‍ തരാമെന്നു വിശ്വസിപ്പിച്ച് പാലക്കാടുനിന്ന് നാലുപേരെ വിളിച്ചുവരുത്തി അവരുടെ കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് കാറിലുള്ളവരെ വെട്ടിപ്പരിക്കേല്പ്പിച്ചാണു കവര്‍ച്ച നടത്തിയത്.
◾ തിരുവനന്തപുരം ചാന്നാങ്കരയില്‍ ഐസ് ഫാക്ടറിയില്‍ അമോണിയചോര്ച്ച. ഇതേത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട അസം സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി.
◾ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. അയോധ്യയിലെയും ഉജ്ജയിനിലെയും കൊള്ളയ്ക്കു പിന്നില്‍ ബിജെപിയാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിത്തു പട്വാരി ആരോപിച്ചു. 500 കോടി രൂപ വിലമതിക്കുന്ന ഭൂമി മോഹന്‍ യാദവിന്റെ ഉപദേശകന്റെ ട്രസ്റ്റ് വാങ്ങിയത് വെറും ഒരു രൂപയ്ക്കാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
◾ അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്രയും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.
◾ 2025 ല്‍ രാജ്യത്ത് വിതരണം ചെയ്തത് 1.39 കോടി പാസ്പോര്ട്ടുകള്. ദുരുപയോഗം തടയുന്നതിനുള്ള ചിപ്പ് ഘടിപ്പിച്ച പാസ്പോര്‍ട്ടാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതെന്ന് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◾ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ മുന്നോട്ടുവച്ച നിര്‍ദേശം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിരസിച്ചു. സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസില്‍ വെച്ച് കാണുന്നതാണ് ഉചിതമെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന്, അംബാസഡര്‍ ഓഫീസിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
◾ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, ബിജെപി നേതാവ് സുവേന്ദു അധികാരിയെ പ്രശംസിച്ച് രംഗത്തെത്തി. തൃണമൂലില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച കാലത്തെ സൗഹൃദവും തനിക്ക് നല്കിയ പിന്തുണയും അഭിമുഖത്തില്‍ വെളിപ്പെടുത്തിയ മഹുവയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്.
◾ കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് മരണം. തരതല ബ്രേസ് ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ ഉള്ളില്‍ കുടുങ്ങിയ 7 തൊഴിലാളികളെ രക്ഷപ്പെടുത്തി.
◾ എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്താന് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പോയ വിമാനമാണ് അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ദിശ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
◾ തെക്കന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ ബിനോയ് ജോര്‍ജിനെ നിയമിച്ചു. തിരുവല്ല സ്വദേശിയായ ബിനോയ് ജോര്‍ജ് നിലവില്‍ വിദേശകാര്യമന്ത്രാലയത്തിലെ കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വീസ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറിയാണ്.
◾ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ക്ഷണിച്ചു. സംസ്കാര ചടങ്ങുകള്‍ ജൂലൈ ഒമ്പതിന് ഖമനേയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കും. ഫെബ്രുവരി 28-ന് യുഎസും-ഇസ്രയേലും ഇറാനുനേരെ ആരംഭിച്ച സംയുക്ത ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
◾ പാകിസ്ഥാനിലെ ബലൂചിസ്താനില്‍ ദൂരൂഹ സാഹചര്യത്തിലുള്ള തിരോധാനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ വര്‍ഷങ്ങളായി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. മാഹ്റംഗ് ബലോച്ചിന് ജീവപര്യന്തം തടവ്. 2024-ല്‍ ഒരു പ്രതിഷേധ പ്രകടനത്തിനിടയില്‍ അര്‍ദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട കേസിലാണ് ക്വറ്റയിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്.
◾ യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത ഉഷ്ണതരംഗം. ഫ്രാന്‍സില്‍ റെക്കോര്‍ഡു ചൂടാണ്. ചൊവ്വാഴ്ച ഫ്രാന്‍സില്‍ ശരാശരി താപനില 29.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഫ്രാന്‍സിലെ പകുതിയിലധികം പ്രദേശങ്ങളിലും ബുധനാഴ്ച അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ ഇസ്രയേല്‍ സൈന്യം ഗാസയില്‍ രണ്ട് വര്‍ഷത്തിനിടെ കൊന്നുകളഞ്ഞത് 20,000 കുട്ടികളെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതി.
◾ ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറി തെരഞ്ഞെടുപ്പില്‍ സോഹ്റാന്‍ മാംദാനി എന്ന പുതിയ പവര്‍ ബ്രോക്കറുടെ ഉദയം. മാംദാനിയുടെ പിന്തുണയോടെ മത്സരിച്ച സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതോടെ, പാര്‍ട്ടിയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നേതാക്കള്‍ക്ക് തിരിച്ചടിയേറ്റു.
◾ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് വമ്പന്‍ കുതിപ്പ്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഗില്‍ കരിയറിലെ മികച്ച റാങ്കായ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യന്‍ നായകനെന്ന നിലയില്‍ തന്റെ ആദ്യ ഏകദിന പരമ്പര വിജയം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഗില്ലിന്റെ ഈ നേട്ടം.
◾ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കാനഡയെ തോല്പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് നോക്കൗട്ടിലെത്തി. ഗ്രൂപ്പു ചാമ്പ്യന്മാരായ സ്വിറ്റസര്ലന്ഡിനു പിറകേ, രണ്ടാം സ്ഥാനത്തുള്ള കാനഡയും 32 ടീമുകളടങ്ങുന്ന അടുത്ത ഘട്ടത്തിനു യോഗ്യതനേടി. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റില്‍ സ്വിസ് താരം മന്‍സാംബി നല്കിയ ക്രോസ് എംബോളോ വാര്ഗാസി ഗോളാക്കി. 11 മിനിറ്റിനകം മന്‍സാംബി രണ്ടാമത്തെ ഗോളും നേടി.
◾ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഖത്തറിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബോസ്നിയ പരാജയപ്പെടുത്തി നോക്കൗട്ടിലെത്തി.
◾ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ സ്കോട്ട്ലാന്ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍. വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി രണ്ടു ഗോളുകളും സ്കോര്‍ ചെയ്തത്. മാത്യുസ് കുന്യ ഒരു ഗോള്‍ നേടി. നെയ്മര്‍ 76-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോളുകളൊന്നും നേടാനായില്ല.
◾ ലോകകപ്പിലെ ഗ്രൂപ്പ് സി യില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഹെയ്തിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് മൊറോക്കോ. കളിയുടെ പത്താം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ഹെയ്തി മുന്നിലെത്തിയെങ്കിലും 39-ാം മിനിറ്റില്‍ മൊറോക്കോ സമനിലപിടിച്ചു. എന്നാല്‍ മൊറോക്കോയെ ഞെട്ടിച്ച് 43-ാം മിനിറ്റില്‍ ഹെയ്തി രണ്ടാമത്തെ ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോള്‍ തിരിച്ചടിച്ച് മൊറോക്കോ വീണ്ടും സമനില പിടിച്ചു. രണ്ടാം പകുതിയില്‍ 78, 89 മിറ്റുകളില്‍ ഗോളുകള്‍ നേടി മൊറോക്കോ ആധികാരിക വിജയം നേടി.
◾ ആഗോള തലത്തില്‍ കപ്പല്‍ പൊളിക്കലില്‍ ഇന്ത്യയുടെ ആധിപത്യം വര്‍ധിച്ചതായി കണക്കുകള്‍. ബംഗ്ലാദേശിന്റെയും പാക്കിസ്ഥാന്റെയും ഈ രംഗത്തെ മുന്നേറ്റം അവസാനിപ്പിച്ചാണ് ഇന്ത്യ കപ്പല്‍ പൊളിക്കല്‍ ശക്തിയായി മാറിയത്. 2025ല്‍ ലോകത്ത് നടന്ന കപ്പല്‍ പൊളിക്കലിന്റെ 35.4 ശതമാനം ഇന്ത്യയിലായിരുന്നു. നിലവില്‍ ഇന്ത്യയ്ക്കാണ് ഒന്നാംസ്ഥാനം. 2024ല്‍ ഇന്ത്യയുടെ വിപണി വിഹിതം 30.1 ശതമാനമായിരുന്നു. 2025ല്‍ 2.99 മില്യണ്‍ ഗ്രോസ് ടണ്‍ ആയിരുന്നു ഇന്ത്യയുടെ പൊളിക്കല്‍. 2024ലെ 1.86 മില്യണ്‍ ഗ്രോസ് ടണ്ണില്‍ നിന്ന് 60 ശതമാനം വര്‍ധന. 2030ഓടെ ലോകത്തെ ഏറ്റവും വലിയ ഷിപ്പ് റീസൈക്ലിംഗ് രാജ്യമാകുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഈ ലക്ഷ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 2030ഓടെ ആകെ പൊളിക്കുന്ന കപ്പലുകളുടെ പാതിയും ഇന്ത്യയിലാകുമെന്നാണ് വിലയിരുത്തല്‍. ബംഗ്ലാദേശ് ആയിരുന്നു വര്‍ഷങ്ങളായി ഈ മേഖലയില്‍ മുന്നിലുണ്ടായിരുന്നത്.
◾ ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. രണ്ട് പ്രമുഖ എഐ ഗവേഷകര്‍ കമ്പനി വിട്ടതാണ് തിരിച്ചടിക്ക് പിന്നില്‍. ഇതോടെ ഏകദേശം 270 ബില്യണ്‍ (27,000 കോടി) ഡോളറിന്റെ വിപണി മൂല്യമാണ് കമ്പനിക്ക് നഷ്ടപ്പെട്ടത്. കമ്പനിയുടെ ഓഹരികള്‍ ഏകദേശം 5 ശതമാനമാണ് രണ്ട് എഐ ഗവേഷകരുടെ രാജിയെത്തുടര്‍ന്ന് ഇടിഞ്ഞത്. എഐ രംഗത്തെ കമ്പനിയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക്കിലേക്കും ഓപ്പണ്എഐയിലേക്കുമാണ് ഗൂഗിളില്‍നിന്ന് രാജിവെച്ച എഐ ഗവേഷകര്‍ പോയത് എന്നതും ശ്രദ്ധേയമാണ്. ഗൂഗിളിന്റെ എന്‍ജിനീയറിംഗ് വൈസ് പ്രസിഡന്റും ജെമിനി എഐ മോഡലുകളുടെ സഹ-നേതൃതം വഹിച്ചിരുന്ന വ്യക്തിയുമായ നോം ഷാസിറാണ് ഓപ്പണ്‍എഐയിലേക്ക് പോയത്. നൊബേല്‍ ജേതാവായ ജോണ്‍ ജംപര്‍ ഡീപ്മൈന്‍ഡിലെ ഒന്‍പത് വര്‍ഷത്തെ ജോലി അവസാനിപ്പിച്ച് എതിരാളിയായ ആന്ത്രോപിക്കിലേക്ക് പോയതായിരുന്നു ഗൂഗിളിന് നേരിടേണ്ടിവന്ന രണ്ടാമത്തെ തിരിച്ചടി.
◾ പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് നിര്‍മിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി. ജൂലൈ മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വര്‍മ്മ, അഭിലാഷ് വാര്യര്‍, കിരണ്‍ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണന് സാഗര്‍, എ കെ വിജുബാല്‍, നെബു എബ്രഹാം, വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആന്‍ മരിയ, അഞ്ജന മോഹന്‍, രേഷ്മ, സംഗീത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.
◾ ദിലീപിനെ നായകനാക്കി ജഗന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിര്‍മാതാവ് എ വി അനൂപിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ്. നിര്‍മാണ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹര്‍ജിക്കാരന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. 'നീക്കം' നിര്‍മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹര്‍ജിക്ക് ആധാരം. നിര്‍മാണക്കരാര്‍ ലംഘനവും സന്ദീപ് സേനന് നല്കിയ ചെക്ക് മടങ്ങിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അശോകന്, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിബിന് ബാലചന്ദ്രന് തിരക്കഥയൊരുക്കുന്നു. ജഗന് ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റ ചിത്രവും ദിലീപിന്റെ 152-ാമത്തെ ചിത്രവുമാണിത്.
◾ കിയ കാരന്‍സ് ക്ലാവിസ് ഇവിയുടെ വില കമ്പനി നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. വേരിയന്റിനെ ആശ്രയിച്ച്, 500 മുതല്‍ 1500 രൂപ വരെ വര്‍ദ്ധിപ്പിച്ചു. താഴ്ന്ന വേരിയന്റുകളിലാണ് ഉയര്‍ന്ന വര്‍ധനവ്. ജൂലൈയില്‍ കമ്പനി അതിന്റെ മുഴുവന്‍ നിരയുടെയും വില വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു.നാല് വേരിയന്റുകളില്‍ കിയ കാരന്‍സ് ക്ലാവിസ് ഇവി ലഭ്യമാകും. ഇത് 6 നിറങ്ങളില്‍ ലഭ്യമാണ്. ഇതില്‍ ഐവറി സില്‍വര്‍ മാറ്റ്, അറോറ ബ്ലാക്ക് പേള്‍, പ്യൂറ്റര്‍ ഒലിവ്, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഇംപീരിയല്‍ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നിവ ഉള്‍പ്പെടുന്നു. കാറില്‍ രണ്ട് ബാറ്ററി പായ്ക്കുകളുടെ ഓപ്ഷന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ചെറിയ 42 കിലോവാട്ട്അവര്‍ ബാറ്ററി പാക്കില്‍ നിന്ന് ഒറ്റ ചാര്‍ജില്‍ 404 കിലോമീറ്റര്‍ റേഞ്ച് ഉപഭോക്താക്കള്‍ക്ക് നല്കുമ്പോള് വലിയ 51.4 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് 490 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഈ ഇലക്ട്രിക് കാറിന് വെറും 8.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.
◾ ഈ കവിതകളിലെ പ്രധാന വികാരം പ്രണയമാണെങ്കിലും സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഒതുങ്ങി നില്ക്കുന്ന സാമ്പ്രദായിക പ്രണയമായി ചുരുങ്ങുന്നില്ല അത്. പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ചലനങ്ങളിലുമെല്ലാം പ്രണയത്തിന്റെ മാന്ത്രിക സാമീപ്യം കണ്ടെത്തുന്നുണ്ട് കവി, ഭംഗിയുള്ള രാത്രിയോട് പ്രണയം പറയാനാവും എന്നും പുലരി വരുന്നത്. പ്രഭാതത്തെ ഇതിലും മനോഹരമായി ഒരു കവി ആവിഷ്കരിക്കുവതെങ്ങനെ? വാക്കുകള്‍ കൊണ്ട് കവി കോറിയിടുന്ന ചിത്രങ്ങളെ കാണാതെ പോകാന്‍ വായനക്കാര്‍ക്കാകില്ല. ഒരു മനോഹര രാത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കു നിലാവ് വിരിച്ച് നക്ഷത്രങ്ങളെ ആകാശത്ത് അടുക്കിവെച്ച് രാത്രി സ്വപ്നം കാണുന്നുണ്ടാവും. മഴവില്ലിനെ മറിച്ച് വെച്ചൊരു തോണിയായും നോക്കിക്കാണാമെന്ന് ഈ കവിതകള്‍ വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുന്നു. 'പെയ്ത് തോരാന്‍ മഴയല്ല ഞാന്‍'. സുജിത് ജി കുമാര്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 142 രൂപ.
◾ നാരങ്ങയുടെ നീരിനെക്കാള്‍ പോഷകമൂല്യമുള്ളതാണ് അവയുടെ പുറംതോടിന്. ഇവയ്ക്ക് അല്പം കയ്പ്പ് ആണെങ്കിലും ചായയിലും സാലഡിലും സൂപ്പിലുമൊക്കെ ചേര്‍ക്കുന്നത് ആ വിഭവങ്ങളുടെ പോഷകഗുണം ഇരട്ടിപ്പിക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള കഴിവ് നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിന്‍ സി, ഫ്ലേവനോയ്ഡുകള്‍, ഡി ലിമണേന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുമെന്ന് മാത്രമല്ല, ചര്‍മത്തിലെ അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ദഹനാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷ്യനാരുകള്‍ നാരങ്ങയുടെ തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിന് ആവശ്യമായ അവശ്യപോഷകങ്ങളായ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ സി എന്നിവയും നാരങ്ങാത്തൊലിയിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കുന്നു. മോണരോഗങ്ങള്‍ക്കുള്ള പരിഹാരം നാരങ്ങയുടെ തൊലിയിലുണ്ട്. ഇതിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായ്ക്കുള്ളിലെ ഉപദ്രവകാരികളായ ബാക്ടീരികളെ നശിപ്പിക്കും. ഇതിലൂടെ മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ മികച്ച ഉറവിടം കൂടിയാണ് നാരങ്ങാത്തൊലി. ഇറാന് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് നടത്തിയൊരു പഠനത്തില്‍ അമിതഭാരവും പൊണ്ണത്തടിയുമുള്ള കൗമാരക്കാരില്‍ നാരങ്ങയുടെ തൊലി അടങ്ങിയ സപ്ലിമെന്റുകള്‍ കഴിച്ചവരില്‍ രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോളും കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
*ശുഭദിനം*
*കവിത കണ്ണന്*
അവര്‍ രണ്ടുപേരും ഒരുമിച്ച് വളരുകയും ഒരേ സ്കൂളില്‍ പഠിക്കുകയും ചെയ്തവരാണ്. ഒന്നാമന് നന്നായി പഠിച്ചു. ആദ്യം വക്കീലും പിന്നെ ജഡ്ജിയുമായി. രണ്ടാമന് പഠനം തന്നെ ഉപേക്ഷിച്ചു. ജോലിയൊന്നും തന്നെ ആയില്ലെന്നുമാത്രമല്ല, മോഷണകുറ്റത്തിന് പോലീസ് പിടികൂടുകയും ചെയ്തു. വിചാരണക്കായി എത്തിയത് സഹപാഠിയുടെ മുമ്പിലാണ്. ജഡ്ജിക്ക് കൂട്ടുകാരനെ മനസ്സിലായെങ്കിലും ഒരു ഇളവും നല്‍കാതെ ഒരു ലക്ഷം രൂപ പിഴവിധിച്ചു. കിടപ്പാടം പോലും ഇല്ലാത്ത തനിക്ക് ശിക്ഷ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജഡ്ജി ആ ആവശ്യം നിരാകരിച്ചു. കോടതി അവസാനിച്ചതിന് ശേഷം അയാള്‍ കൂട്ടുകാരന്റെ അടുത്തെത്തി പറഞ്ഞു: ഇപ്പോള്‍ ഞാന്‍ ന്യായാധിപനല്ല. നിന്റെ സുഹൃത്താണ്. 2 ലക്ഷം രൂപയുടെ ചെക്ക് കൊടുത്തിട്ടുപറഞ്ഞു, പിഴയടച്ചതിന് ശേഷമുളള തുകകൊണ്ട് പുതിയൊരു ജീവിതം തുടങ്ങണം. അയാള്‍ സന്തോഷത്തോടെ തലയാട്ടി. ഒരു രണ്ടാം ജന്മത്തിന്റെ സാധ്യത എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. തെറ്റിയും തിരുത്തിയും ജീവിക്കുന്നതിനിടയ്ക്ക് പലതരം നഷ്ടങ്ങളുണ്ടാകും. പരിഹരിക്കാനാകാത്ത മാനക്കേടും പിഴവുകളും സംഭവിക്കുമ്പോള്‍ എല്ലാവരുടേയും ഉള്ളിലും തോന്നും എല്ലാം മായ്ച് കളഞ്ഞ് ഒന്നുകൂടി ജീവിതം ആരംഭിക്കണം എന്ന്. അങ്ങനെ തുടങ്ങുന്നവര്‍ക്കാണ് മനോഹരമായ രണ്ടാം ഇന്നിംഗ്സ് ഉണ്ടാവുക. അവിടെ നാശനഷ്ടങ്ങള്‍ കുറയും, വീണ്ടുവിചാരത്തോടെയുളള പ്രവര്‍ത്തികളുണ്ടാകും, ദീര്‍ഘവീക്ഷണത്തോടെയുളള പരിഹാരങ്ങളുണ്ടാകും, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശ്രമങ്ങളുണ്ടാകും.. സാധ്യമാണ് ഒരു രണ്ടാം ജന്മം - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ