പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  ജൂണ്‍ 8 , തിങ്കള്‍ 
1201  ഇടവം 25 , ചതയം
1447  ദുൽഹിജ്ജ 21

◾  ഇസ്രായേലില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. വടക്കന്‍ മേഖലയില്‍ പലയിടത്തും സ്ഫോടനങ്ങളുണ്ടായി. സൈറണ്‍ മുഴങ്ങി. ആക്രമണത്തിന്റേയും നാശനഷ്ടങ്ങളുടേയും വ്യാപ്തി വ്യക്തമല്ല. ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇറാന്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയത്.

◾  നടന്‍ സലിംകുമാര്‍ ഓര്‍മയായി. പറവൂര്‍ ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍, സിനിമാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ അതികായര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ടൗണ്‍ഹാളിലെത്തി സലിം കുമാറിന്റെ മക്കളെ ആശ്ലേഷിച്ച് ആശ്വസിപ്പിച്ചു.



◾  പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവില്‍ രാജി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് അളിയനും കോണ്‍ഗ്രസ് നേതാവുമായ ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. ബന്ധു നിയമനച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുകയും കെപിസിസി യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

◾  സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കോഴിക്കോട് മൂന്നു കുട്ടികള്‍ക്ക് രോഗബാധയുണ്ടായിരുന്നു. ഇതില്‍ രണ്ടു കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു.

◾  പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഇന്ന്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ഇന്നുണ്ടാകും. 15 നാണ് ഒന്നാം അലോട്ട്മെന്റ്, ജൂലൈ രണ്ടിനു ക്ലാസ് തുടങ്ങും. 4,39,184 സീറ്റുകളിലേക്ക് 4,44,124 അപേക്ഷകരുണ്ട്.

◾  മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണ വിജയനെതിരെ എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത തെളിവുകള്‍ ലഭിക്കാന്‍ ഇഡി എറണാകുളം പിഎംഎല്‍എ കോടതിയെ സമീപിച്ചു. 134 രേഖകള്‍ വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

◾  കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ മൂന്നു പേരെകൂടി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി. റിബേഷ് രാമകൃഷ്ണന്‍, മനേഷ്, അതുല്‍ എന്നിവര്‍ക്കാണു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. സ്‌ക്രീന്‍ഷോട്ടിന്റെ യഥാര്‍ത്ഥ ഉറവിടവും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്താന്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് അന്വേഷണ സംഘം വീണ്ടും കത്തയക്കും.

◾  കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിനോട് ആഭിമുഖ്യമുള്ള സഖാക്കളാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍ഖിഫില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കു പരാതി നല്‍കി.

◾  ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെത്തുടര്‍ന്ന് നിരവധി മലയാളി നഴ്സുമാര്‍ തൊഴില്‍രഹിതരായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഇടപെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തൊഴില്‍ നഷ്ടപ്പെട്ട നഴ്സുമാര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ യു.എ.ഇ ഭരണകൂടവുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

◾  2018 ല്‍ കോഴിക്കോട്ട് നടന്ന അഖിലേന്ത്യാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കമുള്ളവര്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് എഫ്.ഐ.ആര്‍. മുസ്ലിംലീഗ് നേതാവും പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കൗണ്‍സിലറുമായ നാലകത്ത് ബഷീറാണ് ഒന്നാംപ്രതി. സി. സത്യന്‍, അഹമ്മദ് കുട്ടി, മൊയ്തീന്‍ കോയ തുടങ്ങിയവരാണ് മറ്റു പ്രതികള്‍. വിജിലന്‍സ് 2025-ല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 1.24 കോടിയോളം രൂപ ശേഖരിച്ച് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

◾  ഇടുക്കി ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മലയോര മേഖലയില്‍ വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറു വരെയാണ് യാത്രാ നിരോധനം.

◾  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ഐ.എച്ച്.ആര്‍.ഡി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സി.പി.എം. സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ മാറ്റി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ലത പണിക്കരാണ് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍.

◾  എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 14 വരെ നീട്ടി. കീം എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു

◾  മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച ധവളപത്രം എഐ നിര്‍മ്മിതമാണെന്ന തോമസ് ഐസക്കിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദഗ്ധസമിതി അധ്യക്ഷന്‍ ഡോ. ചന്ദ്രശേഖര്‍. ധവളപത്രം കേരളത്തിന്റെ യഥാര്‍ത്ഥ ധനസ്ഥിതിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

◾  തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സ്വയം വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതു വോട്ടു നഷ്ടപ്പെടുത്തിയെന്നു യോഗം വിലയിരുത്തി. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വം പിഴച്ചുവെന്നും സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും പ്രായോഗിക തിരുത്തല്‍ നടപടികള്‍ പിന്നീട് നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

◾  നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രസംഗിക്കുമ്പോള്‍ മറുപടി പറയാന്‍ പ്രതിപക്ഷത്തെ ഒരാള്‍ക്കും കഴിയുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.  പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴിയാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഇടത്തോട്ടു മുണ്ടുടുത്താല്‍ ഇടതുപക്ഷമാകില്ലെന്നും രാജ്യത്ത് കോണ്‍ഗ്രസിന്റെ ഊന്നുവടിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു.

◾  പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു ബസ് മോഷ്ടിച്ചു. ടൗണില്‍ കറങ്ങിയ ശേഷം പ്രതി ബസ് ഉപേക്ഷിച്ച് മുങ്ങി. ബസ് പലയിടത്തും ഇടിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ഇയാള്‍ ബസ് ഉപേക്ഷിച്ച് മുങ്ങി.

◾  ശക്തമായ കാറ്റിലും മഴയിലും സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി.ഹൈസ്‌കൂളിന്റെ രണ്ടാംനില കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് പറന്നുപോയത്.

◾  കനത്ത മഴയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കനത്ത മഴമൂലം പൊന്മുടിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.

◾  ആലപ്പുഴയില്‍ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി വകുപ്പ് കരാര്‍ തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാര്‍ഡ് നളന്ദ ജങ്ഷനു സമീപം കൊച്ചുതയ്യില്‍ പരേതനായ മണിയുടെ മകന്‍ എം രഞ്ജിത്ത് (42) ആണ് മരിച്ചത്.

◾  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് മരണപ്പെട്ടത്. ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ചാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.

◾  സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും അനുശോചിച്ചു. സിനിമക്കകത്തും പുറത്തും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന പ്രിയ സുഹൃത്താണ് സലിം കുമാറെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ ആഘാതം വളരെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

◾  ലോകം അതിവേഗം എഐ യുഗത്തിലേക്ക് മുന്നേറുകയും പുതിയ നിക്ഷേപ-തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ കാലഹരണപ്പെട്ട വിഷയങ്ങളിലാണ് ജീവിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. സാമ്പത്തിക ധവളപത്രത്തെ എതിര്‍ക്കുന്ന സിപിഎം നേതാക്കള്‍ സര്‍ക്കാര്‍ രേഖകള്‍ രഹസ്യമാണെന്നു വാദിച്ചതു വിചത്രമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

◾  സിപിഎം സംസ്ഥാന ഓഫീസായ എകെജി സെന്ററില്‍ ജസ്റ്റിസ് ഫോര്‍ സിപിഎം എന്നു മുദ്രാവാക്യം എഴുതിയ ബോര്‍ഡുമായി ഒറ്റയാള്‍ സമരം. പത്തനംതിട്ട ലോക്കല്‍ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ട ഇയാള്‍ ഏറെനേരം മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ ഇപി ജയരാജന്‍ എത്തി അനുനയിപ്പിച്ച് ഇയാളെ തിരിച്ചയക്കുകയായിരുന്നു.

◾  തൃശ്ശൂര്‍ മണ്ണുത്തിയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് 40 പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ഒല്ലൂക്കര ഡോണ്‍ ബോസ്‌കോ സ്‌കൂളിനു സമീപത്ത് താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേര്‍ വീടിന് പിറകിലെ ഗ്രില്ല് കുത്തിത്തുറന്നാണ് വീടിനകത്തു കയറിയത്.

◾  പോക്സോ കേസില്‍ കുട്ടിയുടെ പ്രായം നിര്‍ണയിക്കുന്നതിന് എസ്എസ്എല്‍സി ബുക്കും സ്‌കൂള്‍ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

◾  സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയില്‍ കൈ നഷ്ടപ്പെട്ട പാലക്കാട് സ്വദേശിനി വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കുട്ടിയുടെ തുടര്‍പഠനവും ചികിത്സാ ചെലവും സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മാധ്യമവാര്‍ത്തയെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

◾  ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഇന്ന് ഉച്ചയ്ക്ക് പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ യോഗം. ഡിഎംകെ  യോഗത്തില്‍ പങ്കെടുക്കില്ല. സിപിഎമ്മും പിണക്കത്തിലാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സജീവമായേക്കും.

◾  പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സ്പോര്‍ട്സ് വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ പഞ്ചായത്ത് യുവക്രീഡ ഓര്‍ ഖേല്‍ അഭിയാന്‍ പദ്ധതിക്കായി അനുവദിച്ചതില്‍ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.

◾  അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ന്യായീകരണം. ഉപഭോക്താക്കള്‍ക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവില്‍ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം.

◾  പാര്‍ട്ടി ഫണ്ടിലേക്ക് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനില്‍ നിന്നും (ടാസ്മാക്) അനധികൃതമായി പിരിവ് നടത്തരുതെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിജയ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

◾  അംഗന്‍വാടിയില്‍ നിന്ന് ലഭിച്ച പോഷകാഹാരപ്പൊതിയില്‍ ചത്ത പാമ്പിന്‍കുഞ്ഞ്. മധ്യപ്രദേശിലെ പാണ്ഡുര്‍ണയില്‍ ഗര്‍ഭിണിക്കാണ് ഈ അനുഭവം. സംഭവത്തില്‍ ഗ്രാമവാസികള്‍ പ്രതിഷേധിച്ചതോടെ, അധികൃതര്‍ അന്വേഷണ സമിതിയെ നിയോഗിച്ചു.

◾  തമിഴക വെട്രി കഴകം എംഎല്‍എ എംആര്‍. പല്ലവി തന്റെ നവജാത പുത്രന് പാര്‍ട്ടിയുടെ പേരിനു സമാനമായി പേരിട്ടു. കഴിഞ്ഞ ആഴ്ച പ്രസവിച്ച തന്റെ ആണ്‍കുഞ്ഞിന് ടിവികെ - തമിഴ് വെട്രി കൊണ്ടാന്‍' എന്നാണ് പേരിട്ടത്.

◾  ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

◾  ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രായേല്‍ സൈന്യം വന്‍ വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗര്‍ഭ കമാന്‍ഡ് സെന്ററാണ് ലക്ഷ്യമിട്ടതെന്നും അത് തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്.

◾  ഇറാന്റെ ആണവശേഖരം നശിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ നേരിട്ട് അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലുമൊന്നിച്ച് ഈ ദൗത്യം നിര്‍വ്വഹിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  പശ്ചിമേഷ്യയിലെ യുഎസ് സൈനിക തന്ത്രങ്ങളുടെ സിരാകേന്ദ്രമായിരുന്ന ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി യുഎസ് സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങി ആദ്യ ആഴ്ചകളില്‍ തന്നെ ആക്രമണം നടന്നെങ്കിലും നാല് മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഈ വലിയ നഷ്ടം സമ്മതിക്കുന്നത്.

◾  ഇറാനുമായുള്ള ചര്‍ച്ച നടത്തുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ഇസ്രയേല്‍ ശ്രമിച്ചതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.

◾  ഉത്തര കൊറിയയെ ആണവവിമുക്തമാക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ കാലഹരണപ്പെട്ട വ്യാമോഹമാണെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. യുഎസ് നേതൃത്വത്തിലുള്ള സുരക്ഷാ ഭീഷണികള്‍ക്കെതിരെ രാജ്യത്തിന്റെ ആണവായുധ ശേഖരം ഇനിയും വ്യാപിപ്പിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

◾  ജര്‍മ്മന്‍ വിമാനത്താവളങ്ങള്‍ വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസയുടെ ആവശ്യമില്ല.

◾  പസഫിക് സമുദ്രത്തില്‍ രൂപംകൊള്ളുന്ന 'എല്‍ നിനോ' പ്രതിഭാസം സെപ്റ്റംബര്‍ മാസത്തോടെ ചരിത്രത്തിലെ ഏറ്റവും ശക്തിപ്രാപിച്ച് 'ഗോഡ്സില്ല എല്‍ നിനോ' ആകുമെന്നു റിപ്പോര്‍ട്ട്. അമിതമായി ചൂടുതരംഗമുണ്ടാകുകയും കടുത്ത വരള്‍ച്ചയുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്.  

◾  അഫ്ഗാനിസ്താനെതിരായ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. 564 ന് 8 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത മത്സരത്തിന്റെ രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഫ്ഗാനിസ്താന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും കെ.എല്‍.രാഹുലിന്റേയും അര്‍ദ്ധസെഞ്ച്വറി നേടിയ സായ് സുദര്‍ശന്റേയും റിഷഭ് പന്തിന്റേയും വാഷിംഗ്ടണ്‍ സുന്ദറിന്റേയും ഇന്നിംഗ്‌സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

◾  ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്ന ഇറാന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് കര്‍ശന നിബന്ധനകളോടെ അമേരിക്ക വിസ അനുവദിച്ചു. മത്സരം നടക്കുന്ന ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാനും, മത്സരം കഴിഞ്ഞ ഉടന്‍ തന്നെ രാത്രിയില്‍ രാജ്യം വിടാനുമാണ് അമേരിക്ക ഇറാന്‍ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും അനുമതി നല്‍കിയത്.

◾  ലോക കപ്പ് ഫുട്ബോളിനായി ആവേശാരവങ്ങളോടെ കാത്തിരിപ്പ്. 48 ടീമുകളാണു മല്‍സരിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്നു രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായി 104 മല്‍സരങ്ങള്‍. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് മെക്സിക്കോ സിറ്റ് സ്റ്റേഡിയത്തില്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ജൂലൈ 19 ന് അമേരിക്കയിലെ ന്യൂജേഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണു ഫൈനല്‍.

◾  ലോക കപ്പ് ഫുട്ബോള്‍ മല്‍സരത്തിനുള്ള പന്തിനു പേര് ട്രിയോന്‍ഡ. മൂന്നു തിരമാലകള്‍ എന്നാണര്‍ത്ഥം. മല്‍സരങ്ങള്‍ക്ക് മൂന്നു രാജ്യങ്ങള്‍ ആതിഥേയരാകുന്ന ആദ്യ ലോകകപ്പ് എന്ന സവിശേഷതയുമുണ്ട്. സീ നെറ്റ് വര്‍ക്കിന്റെ യുണൈറ്റഡ് 8 സ്പോര്‍ട്സ് ചാനലില്‍ കളി തല്‍സമയം കാണാം.

◾  ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ കന്നി ഗ്രാന്‍ഡ് സ്ലാമില്‍ മുത്തമിട്ട് ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവ്. ഫൈനലില്‍ ഇറ്റലിയുടെ ഫ്ളാവിയോ കൊബോളിയെ അഞ്ച് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക മൂന്നാം നമ്പര്‍ താരം ചരിത്രനേട്ടം കൈവരിച്ചത്.

◾  ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.25 ലക്ഷം കോടിയുടെ ഇടിവാണ് നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 532 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 0.76 ശതമാനമാണ് ഇടിഞ്ഞത്. റിലയന്‍സിന് മാത്രം 39,718 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 17,47,321 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. ടിസിഎസ് 20,134 കോടി, ഭാരതി എയര്‍ടെല്‍ 18,736 കോടി, എല്‍ആന്റ്ടി 16,880 കോടി, എല്‍ഐസി 14,610 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 12,692 കോടിയുടെ വര്‍ധന രേഖപ്പെടുത്തി. 9,02,523 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്. വിപണി മൂല്യത്തില്‍ ഇത്തവണയും റിലയന്‍സ് തന്നെയാണ് മുന്നില്‍.

◾  ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ക്കായി പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ (ഇന്‍സ്റ്റഗ്രാം പ്ലസ്) പുറത്തിറക്കി മെറ്റ. പ്രതിമാസം 299 രൂപയാണ് വില, കൂടാതെ മൂന്ന് മേഖലകളിലായി ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സ്റ്റോറികള്‍ സുഹൃത്തുക്കള്‍ എത്ര തവണ 'റിവാച്ച്' ചെയ്തു, ഒരു പ്രത്യേക വ്യക്തി അത് കണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള 'സെര്‍ച്ച് വ്യൂവര്‍ ലിസ്റ്റ്', സ്റ്റോറികള്‍ സുഹൃത്തുക്കളുടെ ഫീഡില്‍ ആദ്യം തന്നെ കാണിക്കുന്ന 'സ്റ്റോറി സ്‌പോട്ട്ലൈറ്റ്', സ്‌ക്രീനിലുടനീളം തെറിക്കുന്ന 'സൂപ്പര്‍ ഹാര്‍ട്ട്‌സ്', ഓഡിയന്‍സ് ലിസ്റ്റുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന 'മള്‍ട്ടിപ്പിള്‍ സ്റ്റോറി ഓഡിയന്‍സ്', സ്റ്റോറികള്‍ 48 മണിക്കൂര്‍ വരെ നീട്ടി നല്‍കാന്‍ സഹായിക്കുന്ന 'സ്റ്റോറി എക്‌സ്റ്റെന്‍ഡ്', നിങ്ങളുടെ പ്രൊഫൈലിലേക്ക് മാത്രമായി നേരിട്ട് പോസ്റ്റുകള്‍ പങ്കുവെക്കാനുള്ള 'പോസ്റ്റ് ഡയറക്ട്ലി ടു പ്രൊഫൈല്‍', 'കസ്റ്റം ആപ്പ് ഐക്കണ്‍', 'കസ്റ്റം ബയോ ഫോണ്ട്', 'മോര്‍ പ്രൊഫൈല്‍ പിന്‍സ്' ഫീച്ചറും ഇതിലൂടെ ലഭിക്കും.

◾  ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് കെ.ടി.ആര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാലന്റെ തങ്കക്കുടം' എന്ന ചിത്രത്തില്‍ നീതുകൃഷ്ണ. നിവിന്‍ പോളി നായകനായ പ്രതിഛായയില്‍ നായികയായ താരം ആണ് നീതുകൃഷ്ണ. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അല്‍ത്താഫ് സലിമും ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെ 100 -ാമത്തെ ചിത്രം ഫാന്റസി കോമഡി ഗണത്തില്‍പ്പെടുന്നു. ചിത്രത്തില്‍ കാലന്റെ വേഷം ആണ് ഇന്ദ്രജിത്തിന്. ഇന്ദ്രന്‍സ്, പ്രശാന്ത് മുരളി, വിജയ് ബാബു, ജോമോന്‍ ജ്യോതിര്‍, പ്രമോദ് വെളിയനാട്, നയന എത്സ, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍, അഖില്‍ കവലയൂര്‍, ഷൈജു ശ്രീധര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കള്ളനും ഭഗവതിയിലൂടെ ശ്രദ്ധ നേടിയ ബംഗാളി താരം മോക്ഷ അതിഥി വേഷത്തില്‍ എത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, വിജയ് സുബ്രഹ്‌മണ്യം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

◾  ജോജു ജോര്‍ജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന 'പരിപാടി' എന്ന ചിത്രത്തില്‍ ചിത്ര പ്രദീപ് നായിക. ഫെനി എന്ന വെബ് സീരിസിലും അറ്റ് വാര്‍ വിത്ത് ദ വേള്‍ഡ് തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിലും തിളങ്ങിയ താരം ആണ് ചിത്ര പ്രദീപ്. ചാലക്കുടിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ രചനയും ജോജു ജോര്‍ജ് ആണ്. ജോജു ജോര്‍ജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. സൈജു കുറുപ്പ് അതിഥി വേഷത്തില്‍ എത്തുന്നു. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി ആണ് നിര്‍മ്മാണം. തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

◾  2026 മെയ് മാസത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ മോഡല്‍ തിരിച്ചുള്ള വില്‍പ്പനയില്‍ ടാറ്റ പഞ്ച് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ മാസം ടാറ്റ പഞ്ച് ആകെ 20,208 യൂണിറ്റ് എസ്യുവികള്‍ വിറ്റു. ഈ വില്‍പ്പന പട്ടികയില്‍ ടാറ്റ നെക്‌സോണ്‍ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവില്‍ ടാറ്റ നെക്‌സോണ്‍ ആകെ 19,100 യൂണിറ്റ് എസ്യുവികള്‍ വിറ്റു, 46% വാര്‍ഷിക വളര്‍ച്ച. ടാറ്റ സിയറ മൂന്നാം സ്ഥാനത്താണ്. ആകെ 6,606 യൂണിറ്റ് എസ്യുവികള്‍ വിറ്റു. ടാറ്റ ടിയാഗോ നാലാം സ്ഥാനത്താണ്. ആകെ 4,178 യൂണിറ്റ് കാറുകള്‍ വിറ്റു, വാര്‍ഷിക 35% ഇടിവ്. ടാറ്റ ആള്‍ട്രോസ് അഞ്ചാം സ്ഥാനത്താണ്. ആകെ 2,915 യൂണിറ്റ് കാറുകള്‍ വിറ്റു, 5 ശതമാനം വാര്‍ഷിക വളര്‍ച്ച. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ടാറ്റ ഹാരിയര്‍, ടാറ്റ കര്‍വ്, ടാറ്റ സഫാരി, ടാറ്റ ടിഗോര്‍ എന്നിവയാണ്.

◾  കുട്ടനും ഭഗവതിയും ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് പുറത്തുവന്നു. ഭഗവതിയെ ആരും തിരിച്ചറിയില്ല. അവര്‍ മദാമ്മയുടെ വേഷത്തില്‍ത്തന്നെയാണ്. മദാമ ഭഗവതി! മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന്‍ കുട്ടികള്‍ക്കുവേണ്ടിയെഴുതിയ 'കുട്ടന്‍ അമേരിക്കയില്‍' അടക്കം നാലു കഥകള്‍. ഇനി കുട്ടനെന്താ കാണേണ്ടത്? എനിക്ക് ഡ്രൈവറില്ലാത്ത കാറില്‍ കയറണം.? ഓ, ഞാനത് മറന്നു. വാ, നമ്മക്ക് ഡ്രൈവറില്ലാത്ത കാറില്‍ കയറാം.അവര്‍ മാന്‍ഹാട്ടനിലൂടെ നടന്നു. ലളിതവും ഹൃദ്യവുമായ രചനാരീതി. 'കുട്ടന്‍ അമേരിക്കയില്‍'. എം.മുകുന്ദന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 138 രൂപ.

◾  പ്രായമായവരിലെ രക്തസമ്മര്‍ദ്ദം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതുവഴി കുറയ്ക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റര്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് തുടര്‍ച്ചയായി കുടിച്ച പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞതായാണ് പഠനത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവാക്കളില്‍ അതായത് 30 വയസിന് താഴെയുള്ളവരില്‍ ഇത് കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ നൈട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനുള്ളില്‍ എത്തുമ്പോള്‍ 'നൈട്രിക് ഓക്സൈഡ്' ആയി മാറുകയും രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുകയും ചെയ്യുന്നു. പ്രായമായവരുടെ ശരീരത്തില്‍ സ്വാഭാവികമായി നൈട്രിക് ഓക്സൈഡ് ഉല്‍പ്പാദനം കുറയുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വായയ്ക്കുള്ളിലുള്ള ചില നല്ല ബാക്ടീരിയകളാണ് നൈട്രേറ്റുകളെ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നത്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴി വായയിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും നൈട്രിക് ഓക്സൈഡ് ഉണ്ടാക്കാന്‍ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനത്തില്‍ കണ്ടെത്തി.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ കോഴികളെല്ലാം ഒരിടത്താണ് താമസിച്ചിരുന്നത്.  അപ്പോഴാണ് ഒരു കോഴിക്ക് അസുഖം പിടിപെട്ടത്.  ദിവസങ്ങള്‍ കഴിയും തോറും ക്ഷീണം കൂടിവന്നു.  തങ്ങള്‍ക്കും അസുഖം പകരുമോ എന്ന് പേടിച്ച് മറ്റുളളവര്‍ ആ കോഴിയെ തനിച്ചാക്കി മറ്റൊരിടത്തേക്ക് താമസം മാറി.  അനങ്ങാന്‍ വയ്യാതെ കിടക്കുന്ന കോഴിയെ കുരുവി കണ്ടു.  കുരുവി മറ്റ് കോഴികളെ വിവരം അറിയിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി.  അന്നുരാത്രി ആ കോഴി ചത്തു.  കുരുവി വീണ്ടും മറ്റുകോഴികളുടെ അടുത്ത് ചെന്ന് വിവരം അറിയിച്ചു.  ഒരാള്‍ പറഞ്ഞു:  അവളുടെ അടുത്ത് പോകേണ്ടതായിരുന്നു.  മറ്റാരാള്‍ പറഞ്ഞു:  കൂടെ നില്‍ക്കേണ്ടതായിരുന്നു.  അല്‍പസമയം കഴിഞ്ഞു.  അവരെല്ലാം കൂടി അവളുടെ സംസ്‌കാരം ആഘോഷമായി നടത്തി.  ശവമഞ്ചത്തില്‍ കിടക്കുമ്പോള്‍ ആളുകള്‍ നിങ്ങളെ ബഹുമാനം കൊണ്ട് മൂടും, നിങ്ങള്‍ മഹാനായിരുന്നു, അതുല്യനായിരുന്നു എന്നൊക്കെ പ്രസംഗിക്കും.  നിങ്ങളുടെ ജീവിതം ഏതൊക്കെ രീതിയില്‍ മാതൃകാപരമായിരുന്നു എന്ന് വിവരിക്കും.  പക്ഷേ, ജീവിച്ചിരിക്കുമ്പോള്‍ ഇവരെല്ലാം നിശബ്ദരായിരിക്കും.  ആവശ്യമായിരുന്ന അവസരങ്ങളില്‍ ഒഴിവുകഴിവുകള്‍ കണ്ടെത്തി അപ്രത്യക്ഷരാകും.  ഒരാളെ മരണശേഷം ബഹുമാനിക്കുന്നതിലും പുകഴ്ത്തുന്നതിലും എന്താണ് അര്‍ത്ഥം.  അന്തിമോപചാരം അര്‍പ്പിക്കാന്‍ കണ്ടെത്തുന്ന സമയവും സന്മനസ്സും ജീവിച്ചിരുന്നപ്പോള്‍ അഭിനന്ദനത്തിനോ ചേര്‍ത്തുപിടിക്കുന്നതിനോ കണ്ടെത്തിയിരുന്നെങ്കില്‍ അതാ ജീവിതത്തിന് കുറച്ചുകൂടി ദൈര്‍ഘ്യവും തിളക്കവും നല്‍കിയേനെ..ഒരാളുടെയെങ്കിലും പ്രതീക്ഷയാകുക എന്നതാണ് ഏറ്റവും വലിയ പുണ്യം.  അവസാനയാത്രയ്ക്ക് ഒപ്പമുണ്ടാകണമെന്ന് നിര്‍ബന്ധമൊന്നുമില്ല.  അവസാനം വരെ കൂടെ നിന്നാല്‍ മതി.  കണ്ണടഞ്ഞതിന് ശേഷം കണ്‍മുന്നില്‍ പോയി നിന്നിട്ട് ഒരു കാര്യവുമില്ല.  കണ്ണടയുന്നതുവരെ കൂടെയുണ്ടാവുക - ശുഭദിനം.