കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14ലക്ഷം രൂപ ധനസഹായം നല്‍കും; 5 ലക്ഷം ഇന്ന് കൈമാറും.



മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും.

അതില്‍ അടിയന്തര സഹായം എന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നല്‍കുമെന്നും മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ പറഞ്ഞു. ആശ്രിതര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഫെന്‍സിംഗ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും ഉഷ വിജയന്‍ പറഞ്ഞു.

ജില്ലയില്‍ ഉണ്ടായിട്ടും എംഎല്‍എ സംഭവസ്ഥലത്ത് എത്താത്തതില്‍ ശക്തമായ ജനരോക്ഷം ഉയര്‍ന്നിരുന്നു. ശേഷം മന്ത്രിയെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ധനസഹായത്തില്‍ ഉള്‍പ്പെടെ തീരുമാനം ആയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

'ഭരണത്തിന്റെ മുഖം നോക്കി സംസാരിക്കുന്ന ആളുകളല്ലേ ഇവിടെയുള്ളത്. ആരും എന്താ മിണ്ടാത്തത്. പ്രതികരിക്കാന്‍ ആളില്ലല്ലോ. ഇടതുപക്ഷം ആയിരുന്നെങ്കില്‍ ഇവിടെ എന്തായിരുന്നേനെ. ഇത് പരിഹരിക്കാന്‍ ബഹുമാനപ്പെട്ട അദ്ദേഹം ഇവിടെ വരുമോ? ബന്ധപ്പെട്ട എംഎല്‍എ എവിടെ? ചര്‍ച്ചയ്ക്ക് തയ്യാറാണ്' എന്നാണ് പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞത്.