കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ; പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍



സംസ്ഥാനത്തെ കോളജ് വിദ്യാർത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വർഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍.

പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഫലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് 'കീം' പ്രവേശന പരീക്ഷാഫലം വൈകുന്നതിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് മാർക്ക് ലിസ്റ്റുകള്‍ സമർപ്പിക്കാനുള്ള ഈ മാസം 14 വരെ നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകള്‍ നടപ്പിലാക്കിയതില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നാലുവർഷ ബിരുദ കോഴ്സിനെക്കുറിച്ച്‌ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഒരു നീക്കത്തെയും യു.ഡി.എഫ് സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.