രാജ്യത്ത് ഇനി 100 ശതമാനം എഥനോൾ ഇന്ധനം; ഉത്തരവിൽ ഒപ്പുവച്ച് നിതിൻ ഗഡ്കരി


രാജ്യത്തിന്റെ വാഹന മേഖലയിലും ഊർജ്ജ രംഗത്തും പുത്തൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. 100 ശതമാനം എഥനോൾ നിയമപരമായ വാഹന ഇന്ധനമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന ഉത്തരവിൽ കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി ഒപ്പുവച്ചു.

ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ചതായും ഇതോടെ രാജ്യത്തെ ഗതാഗത ശൃംഖലയിലുടനീളം ശുദ്ധമായ ജൈവ ഇന്ധനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ല വിതരണത്തിനും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും നിയമപരമായ വഴിതെളിഞ്ഞതായി നിതിൻ ഗഡ്കരി അറിയിച്ചു. 'ഇ100' എന്ന് വാണിജ്യപരമായി അറിയപ്പെടുന്ന എഥനോളിന് അനുമതി നൽകിയ നടപടിവഴി വൻതുക ചിലവഴിച്ചുള്ല വിദേശ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

പൂർണ്ണമായും സസ്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളിൽ ഓടിക്കാനാകുന്ന ഫ്ലെക്സി-ഫ്യൂവൽ വാഹനങ്ങളുടെയും (എഫ്എഫ്‌പിഎസ്) പ്രത്യേക എഞ്ചിനുകളുടെയും ആഭ്യന്തര ഉത്പാദനം വേഗത്തിലാക്കാൻ പ്രമുഖ വാഹന നിർമ്മാതാക്കൾക്ക് ഈ നടപടി പ്രേരണയാകുമെന്നാണ് സർക്കാർ കരുതുന്നത്.

മാത്രമല്ല ഈ നയം ഇന്ത്യയിലെ വൻകിട കാർഷിക മേഖലയ്ക്ക് പ്രത്യേകിച്ച് കരിമ്പ് കർഷകർക്കും ധാന്യ ഉത്പാദകർക്കും വലിയ സാമ്പത്തിക സുരക്ഷിതത്വം നൽകുന്നു. അതായത് അധികമായി ഉത്പാദിപ്പിക്കുന്ന കരിമ്പ്, ചോളം, കേടുവന്ന ഭക്ഷ്യധാന്യങ്ങൾ എന്നിവ രണ്ടാം തലമുറ എഥനോൾ ഉത്പാദിപ്പിക്കുന്നതിനായി ബയോ-റിഫൈനറികളിലേക്ക് മാറ്റാൻ കഴിയും. ഇതുവഴി രാജ്യത്തിൻ്റെ ഇറക്കുമതിച്ചെലവ് പതിനായിരക്കണക്കിന് കോടി രൂപയായി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

നിയമപരമായ തടസങ്ങൾ നീങ്ങിയതോടെ പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും പൊതുമേഖലാ എണ്ണ വിപണന കമ്പനികളും ചേർന്ന് പ്രധാന നഗരങ്ങളിലും കാർഷിക കേന്ദ്രങ്ങളിലും ഇ100 വിതരണ കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി സ്ഥാപിക്കാൻ തുടങ്ങുമെന്നാണ് സൂചന. എന്നാൽ ശുദ്ധമായ എഥനോളിന് ഈർപ്പം വലിച്ചെടുക്കാനുള്ള ഉയർന്ന ശേഷിയും തുരുമ്പെടുക്കാനുള സാധ്യതയുമുള്ലതിനാൽ സംഭരണ ടാങ്കുകളിലും ഭൂഗർഭ പൈപ്പ് ലൈനുകളിലും പ്രത്യേക പുനഃക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.