ആ വാക്ക് പാലിച്ചു; സയനയുടെ മക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി കെ രാജന്‍.

 


കല്‍പ്പറ്റ: 'ജയിച്ചിട്ട് മക്കളെ കാണാന്‍ വരണം', തെരഞ്ഞെടുപ്പ് സമയത്ത് കെ രാജനെ കാണാന്‍ എത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ സയന കെ രാജനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു. ആ വാക്ക് രാജന്‍ ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജന്‍, സയനയുടെ മക്കളെ കാണാന്‍, അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി.

ഒരുപിടി പൂവുകളും കളിപ്പാട്ടങ്ങളുമായാണ് സയനയുടെ മക്കളെ കാണാന്‍ കെ രാജനെത്തിയത്. കുട്ടികളെ സംസ്‌കരിച്ചിരിക്കുന്ന സ്ഥലത്ത് പൂവുകളും കളിപ്പാട്ടങ്ങളും വെച്ച് അല്‍പസമയം രാജന്‍ നിന്നു. അദ്ദേഹത്തിനരികില്‍ സയനയും ഭര്‍ത്താവുമുണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ കെ രാജന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏപ്രില്‍ ആറിനായിരുന്നു കെ രാജനെ കാണാന്‍ സയന അടക്കം ദുരന്തബാധിതരായ പതിനാല് പേര്‍ ചുരമിറങ്ങി ഒല്ലൂരിൽ എത്തിയത്. മൂര്‍ക്കനിക്കര പ്രദേശത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യയുടെ വീട്ടുകാരടക്കം കുടുംബത്തിലെ പത്ത് പേരെ നഷ്ടപ്പെട്ട ജയേഷ്, വീടും ആശ്രയവും സമ്പാദ്യവും നഷ്ടപ്പെട്ട മുഹമ്മദലിയും ഭാര്യയും അടക്കം സംഘത്തിലുണ്ടായിരുന്നു. കെ രാജനെ കണ്ട സയന ആദ്യം ചോദിച്ചത് 'ഞാനൊന്ന് ഹഗ്ഗ് ചെയ്‌തോട്ടെ' എന്നായിരുന്നു. തൊട്ടുപിന്നാലെ കെ രാജന്റെ സ്‌നോഹാശ്ലേഷണം. ആരുടെയും കണ്ണ് നിറക്കുന്നതായിരുന്നു ആ കാഴ്ച. അതിന് ശേഷമാണ് ജയിച്ചിട്ട് മക്കളെ കാണാന്‍ വരണമെന്ന് സയന പറഞ്ഞത്. വൈകാരികമായ കുറിപ്പോടെ കൂടിക്കാഴ്ചയുടെ വീഡിയോ കെ രാജൻ അന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.