ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും: എൻ ഷംസുദ്ദീൻ


വിദ്യാർത്ഥികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകുന്നതിൽ സ്ത്രീ സമൂഹത്തിൽ നിന്ന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. 

പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീൻ പറഞ്ഞു. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആർത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നൂറുശതമാനം സ്കൂ‌ളുകളിലും പാഠപുസ്‌തകങ്ങൾ എത്തിച്ചെന്നും വർക്ക് നോട്ടുകൾ ജൂൺ പത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. ചില സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്നില്ല എന്ന പരാതിയിലും അദ്ദേഹം പ്രതികരിച്ചു. സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കുന്നതിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക്കൽ പോലുളള സാങ്കേതികമായ വിഷയത്തിൽ ഇടപെടാൻ കഴിയാത്തതായിരുന്നു പ്രശ്‌നം. അത് പരിഹരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിർത്തേണ്ട ഒന്നല്ലെന്നും തൃക്കാക്കര എംഎൽഎ ഉമാ തോമസ് പറഞ്ഞിരുന്നു. ആർത്തവ അവധി നൽകുമ്പോൾ കൗമാരക്കാർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു. 

വിദ്യാർഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെ ലീഗ് നേതാവ് അഡ്വ. നൂർബിന റഷീദ് രംഗത്തെത്തിയിരുന്നു. ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നാണ് നൂർബിന പറഞ്ഞത്. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ എന്നാണ് നൂർബിന റഷീദ് പറഞ്ഞത്

വിദ്യാർഥിനികൾക്ക് എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖയും രംഗത്തെത്തിയിരുന്നു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതെല്ലാമാണ് സ്ത്രീകളുടെ ശക്തിയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും എപ്പോഴാണ് ആർത്തവം എന്ന് അറിയുമെന്നും ഇതാണോ മെൻസ്ട്രൽ ഡിഗ്നിറ്റിയെന്നും നാണക്കേടല്ലേയെന്നും അവർ ചോദിച്ചു.