2026 മേയ് 18, തിങ്കള്‍
1201 ഇടവം 4 , രോഹിണി
1447 ദുൽ അദ 30
🏁 കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍. മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറി. ഇന്നു രാവിലെ പത്തിനു മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാര്‍. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, എം. ലിജു, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോണ്‍ഗ്രസില്‍നിന്നുള്ള മന്ത്രിമാര്‍. രണ്ടര വര്‍ഷത്തിനു ശേഷം ഐ.സി. ബാലകൃഷ്ണന്‍മന്ത്രിയാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും.
🏁 വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ ഘടക കക്ഷികളില്‍നിന്ന് ഒമ്പതു മന്ത്രിമാര്‍. അഞ്ചു മന്ത്രിമാരുമായി മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ മാറ്റി പാറക്കല്‍ അബ്ദുള്ള മന്ത്രിയാകും. കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫും ആര്‍എസ്പിയില്‍നിന്ന് ഷിബു ബേബി ജോണും സിഎംപിയില്‍നിന്ന് സി.പി. ജോണും മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിലെ അപു ജോസഫിനാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയുടെ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും. ഓരോ മന്ത്രിമാര്‍ക്കുമുള്ള വകുപ്പുകള്‍ തീരുമാനിച്ചെങ്കിലും അന്തിമ പട്ടിക ഇന്നു പ്രഖ്യാപിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
🏁 ഇന്നു രാവിലെ പത്തിനു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ഒരുങ്ങി. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാകാവൂവെന്ന് ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചു. രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളേയും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരേയും വേദിയില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് ഈ നീക്കം.
🏁 സിപിഎം കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലാ കമ്മിറ്റികളിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനം. പിണറായിയുടെ ശൈലിയാണു തോല്‍വിക്കു കാരണം. ഇങ്ങനെ പോയാല്‍ കേരളം ബംഗാളാകും. പിണറായിക്കു പ്രായപരിധിയില്‍ ഇളവു നല്‍കിയതിനെതിരേയും വിമര്‍ശനമുണ്ടായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഒരോ വാര്‍ത്താസമ്മേളനവും ജനങ്ങളെ വെറുപ്പിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങളെ അകറ്റി. കെ.കെ. ശൈലജയെ തോല്‍പിക്കണമെന്ന് ചിലര്‍ക്കു നിര്‍ബന്ധമുണ്ടായി. തളിപ്പറമ്പില്‍ പികെ ശ്യാമളയെ മത്സരിപ്പിക്കരുതായിരുന്നെന്നും വിമര്‍ശനം ഉയര്‍ന്നു.
🏁 നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും പിണറായി വിജയനെ തെരഞ്ഞെടുത്ത സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പൊളിറ്റ് ബ്യൂറോയലെ ആറ് അംഗങ്ങള്‍ എതിര്‍ത്തു. പോളിറ്റ് ബ്യൂറോയിലെ 11 പേരും അംഗീകരിച്ചതോടെ എതിര്‍പ്പു തള്ളിപ്പോയി. ഓണ്‍ലൈനായാണു പിബി യോഗം ചേര്‍ന്നത്. പ്രായപരിധിയില്‍ ഇളവു നല്‍കിയിരിക്കുന്ന പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് പാര്‍ട്ടിക്കു ഗുണമാകില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിച്ചത്.
🏁 വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ അപ്രമാദിത്വം ഉറപ്പിച്ച് കെ സി വേണുഗോപാല്‍ പക്ഷം. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തെങ്കിലും തനിക്കൊപ്പമുള്ള ഒമ്പതുപേരെ കെ.സി വേണുഗോപാല്‍ മന്ത്രിസഭയില്‍ ഉള്‍പെടുത്തിച്ചു. സതീശനൊപ്പം മുരളീധരനു മാത്രമാണു മന്ത്രി പദവി കിട്ടിയത്. ചെന്നിത്തലയ്ക്കൊപ്പമുള്ള ആര്‍ക്കും മന്ത്രിസഭയില്‍ കയറിപ്പറ്റാനായില്ല. ആദ്യം മന്ത്രിപ്പട്ടികയിലുണ്ടായിരുന്ന മാത്യു കുഴല്‍നാടന്‍, ചാണ്ടി ഉമ്മന്‍, വി.ടി. ബലറാം എന്നിവര്‍ പുറത്തായി.
🏁 സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴ് മുതല്‍ ഗതാഗത നിയന്ത്രണം. സത്യപ്രതിജ്ഞ നടക്കുന്ന സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപികള്‍ക്കു മാത്രമായിരിക്കും പ്രവേശനം. രാവിലെ എട്ടിനകം എത്തണം. ഒമ്പതിന് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങള്‍ക്കു സത്യപ്രതിജ്ഞ തത്സസമയം കാണാന്‍ നഗരത്തില്‍ ആറു കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞക്ക് എത്തില്ല.
🏁 യുഡിഎഫ് മന്ത്രിസഭയില്‍ ജലവിഭവ വകുപ്പിനായി പിടിവലി. ജലവിഭവ വകുപ്പു വേണമെന്നു കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ആര്‍എസ്പിയും. രണ്ടു മന്ത്രി സ്ഥാനമെന്ന ആവശ്യം ഒരു മന്ത്രിയും ചീഫ് വിപ്പുമെന്ന ഒത്തുതീര്‍പ്പിനു വഴങ്ങിയ ജോസഫ് ഗ്രൂപ്പ് വകുപ്പുകാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു പ്രഖ്യാപിച്ചു. ഒടുവില്‍ ജോസഫ് ഗ്രൂപ്പിനുതന്നെ ജലവിഭവ വകുപ്പു നല്‍കി.
🏁 മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാര്‍ സംബന്ധിച്ച് അസംബന്ധം പ്രചരിപ്പിക്കരുതെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഏതു കാര്‍, എന്തു നിറമുള്ള കാര്‍ എന്നീ കാര്യങ്ങളിലൊന്നും നിര്‍ബന്ധമില്ല. അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണിത്. മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ പഴയ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും. വി.എന്‍ വാസവന്‍ ഉപയോഗിച്ച കാറായിരിക്കും മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപയോഗിക്കുക. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയതും ഏറ്റവും കുറവു ദൂരം ഓടിയതുമായ കാറാണിത്.
🏁 കേരളത്തില്‍ ഭാവിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരന്‍. ഇപ്പോള്‍ മൂന്ന് എംഎല്‍എമാരുള്ള ബിജെപിക്ക് കേരളത്തില്‍ വോട്ട് കൂടിയിരിക്കുകയാണ്. മുസ്ലിം ലീഗിനെ വിമര്‍ശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ജി സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
🏁 പോലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല എസ്ഐമാര്‍ക്കുതന്നെ തിരിച്ചു നല്‍കും. പ്രതിവര്‍ഷം 3000 എഫ്ഐആര്‍ ഉള്ള സ്റ്റേഷനില്‍മാത്രം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായി തുടരും. ബി, സി ക്ലാസ് സ്റ്റേഷനുകളില്‍ എസ്ഐമാര്‍ക്കു ചുമതല നല്‍കാനുള്ള നിര്‍ദേശം സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖര്‍ തയ്യാറാക്കി.
🏁 ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട 13.80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പു നടത്തിയ കേസില്‍ മുന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് 45 വര്‍ഷം കഠിന തടവിനും 6,35,000 രൂപ പിഴയ്ക്കും വിജിലന്‍സ് കോടതി ശിക്ഷിച്ചു. തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തിലെ മുന്‍ വില്ലേജ് ഓഫീസറും നെട്ടയം സ്വദേശിയുമായ എസ്.ജി ദിനുവിനെയാണ് (41) ശിക്ഷിച്ചത്.
🏁 നഷ്ടപ്പെട്ടതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ആലപ്പുഴയ്ക്കു മുഖ്യമന്ത്രി പദം നഷ്ടമായല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയില്‍ ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടാകുമെന്നും നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
🏁 ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയായെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാരണവശാലും നടത്താന്‍ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമമെന്ന് കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ ദിവസം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരേ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
🏁 അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടില്‍ യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷ വിമര്‍ശനം.
🏁 ശിവഗിരി മഠവുമായി ബന്ധമുള്ള ആറു പേരെ മന്ത്രിമാരാക്കണമെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🏁 കേരളത്തില്‍ ദുല്‍ഹജ്ജ് ഒന്ന് നാളേയും ബലിപെരുന്നാള്‍ മേയ് 28-നും ആയിരിക്കുമെന്ന് മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ അറിയിച്ചു.
🏁 ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ 'എംഎസ്സി മിക്കോള്‍' വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു. സിംഗപ്പൂരില്‍നിന്ന് പുറപ്പെട്ട കപ്പല്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും.
🏁 മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രസിഡന്റായിരിക്കേ, അഴിമതി ആരോപിച്ച് ഭരണസമിതി അംഗങ്ങള്‍ രാജിവച്ചതോടെ പിരിച്ചുവിട്ട എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍്റെ പൊതുയോഗത്തിന്റെ സദസിലിരുന്ന് ഗണേഷ് കുമാര്‍. ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ക്യാന്‍സര്‍ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് ഗണേഷ് കുമാര്‍ പങ്കെടുത്തത്.
🏁 കൃത്രിമ ഗര്‍ഭധാരണത്തിന് അണ്ഡം സൂക്ഷിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന് ഹൈക്കോടതി അനുമതി നല്‍കി. ജന്മനാ സ്ത്രീയായിരുന്ന 28 കാരന് ഇപ്പോഴും സ്ത്രീയെന്ന നിലയില്‍ പ്രത്യുത്പാദനശേഷിയുണ്ടെന്ന രേഖ പരിഗണിച്ചാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ഉത്തരവിട്ടത്. ദമ്പതികള്‍ക്കും വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും മാത്രമാണ് അണ്ഡം സൂക്ഷിക്കാന്‍ അനുമതിയുള്ളത്. ഹര്‍ജിക്കാരന്‍ ഹോര്‍മോണ്‍ ചികിത്സ നടത്തുകയും ശസ്ത്രക്രിയയിലൂടെ മാറിടം നീക്കുകയും ചെയ്ത്, ട്രാന്‍സ്ജെന്‍ഡര്‍ പുരുഷനെന്ന സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. എന്നാല്‍ ജൈവശാസ്ത്രപരമായി സ്ത്രീ ആയതിനാലാണ് അനുമതി നല്‍കുന്നതെന്നു കോടതി വ്യക്തമാക്കി.
🏁 പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിനു കൈമാറിയ മൃതദേഹം തിരികേ വേണമെന്ന മക്കളില്‍ ചിലരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്‌കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളി. കൊച്ചി സ്വദേശിനിയായ പരേതയുടെ ഏഴു മക്കളില്‍ മൂന്നു പേരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
🏁 കര്‍ണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. കുടജാദ്രി ദര്‍ശനം കഴിഞ്ഞ് ജീപ്പില്‍ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പും എതിരേ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
🏁 അഞ്ഞൂറു രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി. ഗീത അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
🏁 മലപ്പുറം അങ്ങാടിപ്പുറംഏറാന്തോട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.
🏁 മലപ്പുറം പൂക്കുളത്തൂരില്‍ യുവാവിനെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി. രാത്രി പതിനൊന്നരയോടെ മുഹമ്മദ് അല്‍ഫാദ് സഞ്ചരിച്ച കാര്‍ തടഞ്ഞാണു തട്ടിക്കൊണ്ടുപോയത്.
🏁 കോഴിക്കോട് ജില്ലയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയില്‍ ജെയ്സണ്‍ ആണ് മരിച്ചത്. താമരശ്ശേരിയിലും നാലു പേര്‍ക്ക് മിന്നലേറ്റു. പുതുപ്പാടിയില്‍ വീടിനകത്ത് നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്.
🏁 കൊറിയര്‍ സര്‍വീസ് വഴി ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. പട്ടത്താനം സ്വദേശി വിഷ്ണുലാല്‍ (25) ആണ് 101.07 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്.
🏁 കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയും ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് രജിന്‍ലാലും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നെന്നും അതൊരു സാധാരണ അപകടമല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
🏁 കൊല്ലം അഞ്ചലില്‍ പതിന്നാലുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 52 കാരന്‍ പൊലീസിന്റെ പിടിയിലായി. അഞ്ചല്‍ തഴമേല്‍ സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് അറസ്റ്റു ചെയ്തത്. 2022 മുതല്‍ പീഡിപ്പിച്ചെന്നാണു കേസ്.
🏁 വിളക്കില്‍നിന്ന് തീപടര്‍ന്ന് വീട് പൂര്‍ണമായി കത്തിനശിച്ചു. പിരപ്പന്‍കോട് പേരയത്തുംമുകള്‍ സ്വദേശി സുധീറിന്റെ വീടാണ് അഗ്നിക്കിരയായത്.
🏁 ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പുതിയ ജനസംഖ്യാ നയം വിവരക്കേടാണെന്നു സി.പി.ഐ നേതാവ് പി. സന്തോഷ് കുമാര്‍ എംപി. മൂന്നാമത്തെയും നാലാമത്തെയും കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി 'വൃത്തികെട്ട രാഷ്ട്രീയ'മാണെന്ന് അദ്ദേഹം പറഞ്ഞു.
🏁 നീറ്റ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് എന്‍ടിഎക്ക് ഉള്ളില്‍ നിന്നെന്ന് കണ്ടെത്തല്‍. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും സിബിഐ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷവും ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്നും സിബിഐ പരിശോധിക്കുന്നു.
🏁 മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിനാല്‍ ഹൈക്കോടതി ജഡ്ജി പദവി നിഷേധിച്ച അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ച് വിജയ് സര്‍ക്കാര്‍. ആര്‍ ജോണ്‍ സത്യനെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2022 ല്‍ ജസ്റ്റിസ് വിക്ടോറിയ ഗൗരിക്കൊപ്പം ജോണ്‍ സത്യനെയും മദ്രാസ് ഹൈക്കോടതിയിലേക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മോദിയെ വിമര്‍ശിച്ച് ലേഖനം എഴുതി എന്ന ഐബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
🏁 ഡിഎംകെ - എഐഎഡിഎംകെ സഖ്യശ്രമങ്ങളില്‍ താന്‍ ഇടനിലക്കാരനായിട്ടില്ലെന്നു സൂപ്പര്‍താരം രജനികാന്ത്. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല. വിജയിനോട് അസൂയയില്ല. എംജിആറിനേപ്പോലെ മികച്ച നേട്ടമാണു വിജയ് നേടിയത്. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നെങ്കില്‍ 100 ശതമാനം വിജയിക്കുമായിരുന്നു. രജനീകാന്ത് പറഞ്ഞു.
🏁 കര്‍ണാടകയിലെ തുംകൂരുവില്‍ ദുരഭിമാനക്കൊല. ബന്ധുവായ യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടി, പൊലീസില്‍ കള്ളപ്പരാതി നല്‍കിയ പിതാവ് തിമ്മരായപ്പയെ തുംകൂരു പൊലീസ് അറസ്റ്റു ചെയ്തു. 17 കാരിയായ മേഘ്നയാണു കൊല്ലപ്പെട്ടത്.
🏁 പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍, ആശുപത്രിയില്‍ ചികില്‍സതേടി തിരികെ കൊണ്ടുപോകവേ പോലീസ് കോണ്‍സ്റ്റബിളിനെ അക്രമിച്ച പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു. വിചാരണ തടവുകാരനായ നസീബ് സിംഗാണു കൊല്ലപ്പെട്ടത്. ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയ സീനിയര്‍ കോണ്‍സ്റ്റബിള്‍ ജസ്ദീപ് സിംഗിനെ പ്രതി നസീബ് സിംഗ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
🏁 മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലുണ്ടായ അക്രമങ്ങളില്‍ നീതി തേടി നാഗാ, കുക്കി-സോ വിഭാഗങ്ങള്‍ തെരുവിലിറങ്ങി. മൂന്ന് ക്രൈസ്തവ സഭാനേതാക്കള്‍ കൊല്ലപ്പെട്ടതും നോനി ജില്ലയില്‍ ഒരു നാഗാ വംശജന്‍ കൊല്ലപ്പെട്ടതുമാണ് പുതിയ പ്രതിഷേധങ്ങള്‍ക്കു കാരണം. കുക്കി വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള ആറ് നാഗാ വംശജരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നാഗാ സംഘടനകള്‍ റാലി നടത്തി. തങ്ങളുടെ 14 പേരെ വിട്ടയക്കണമെന്ന് കുക്കി-സോ സംഘടനകളും ആവശ്യപ്പെടുന്നു. നേരത്തെ ഇരുവിഭാഗങ്ങളും 28 പേരെ വിട്ടയച്ചിരുന്നു.
🏁 ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയുടെഎല്‍പിജി കപ്പല്‍ഗുജറാത്ത് തീരത്തെത്തി. 20,000 ടണ്‍ പാചകവാതകവുമായാണ്'സിമി' എന്ന എല്‍പിജി കപ്പല്‍ഗുജറാത്തിലെ കാന്‍ഡ്ലയിലുള്ള ദീന്‍ദയാല്‍ തുറമുഖത്ത് എത്തിയത്.
🏁 ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഫീസ് ഈടാക്കാനുള്ള പദ്ധതി ഉടനേ നടപ്പാക്കുമെന്ന് ഇറാന്‍. ലോകം പുതിയൊരു ക്രമത്തിന്റെ പടിവാതിലിലാണെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാവ് പ്രസ്താവിച്ചു.
🏁 അബുദാബിയിലെ ബറാക്ക ആണവനിലയത്തിനു സമീപം ഡ്രോണ്‍ ആക്രമണം. ജനറേറ്ററിനു തീപിടിച്ചെങ്കിലും പ്ലാന്റിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും റേഡിയേഷന്‍ ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
🏁 അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും അതിന്റെ ഉത്തരവാദിത്വം ഇറാന്റെ തലയില്‍ കെട്ടിവക്കുകയും ചെയ്യുന്ന തന്ത്രമാണ് അമേരിക്ക ചെയ്യുന്നതെന്ന് ഇറാന്റെ ഐആര്‍ഐബി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്നലെ ആക്രമണമുണ്ടായി. സൗദിയിലേക്കു വന്ന മൂന്ന് ഡ്രോണുകള്‍ തകര്‍ത്തു. ഇറാഖ് വ്യോമഅതിര്‍ത്തിയില്‍ നിന്നാണ് സൗദിക്കു നേരെയുള്ള ആക്രമണമുണ്ടായത്.
🏁 സൈനിക വിമാനങ്ങളില്‍ ചെലവു കുറഞ്ഞ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ച് യുകെ. ഹോര്‍മൂസ് തുറക്കാന്‍ പടക്കപ്പല്‍ അയക്കാന്‍ തീരുമാനിച്ചതിനു പിറകേയാണിത്. അതിനിടെ ഹോര്‍മൂസിലൂടെ ഇറാന്‍ കൂടുതല്‍ കപ്പലുകള്‍ കടത്തിവിട്ടു തുടങ്ങി. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ സ്വാധീനം വിപുലീകരിക്കാനാണ് ഇറാന്റെ പുതിയ നീക്കം.
🏁 ഓസ്ട്രേലിയയില്‍ ഒമ്പതു മാസത്തിനിടെ 61 സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിച്ച ഇന്ത്യന്‍ മസാജ് തെറാപ്പിസ്റ്റിന് 13 വര്‍ഷം തടവ്. അഡ്‌ലെയ്ഡിലെ മസാജ് പാര്‍ലറില്‍ പീഡിപ്പിച്ചെന്ന കേസില്‍ 39 കാരനായ സുമിത് സതീഷ് റസ്തോഗിക്കാണ് 13 വര്‍ഷവും 10 മാസവും തടവുശിക്ഷ വിധിച്ചിട്ടുള്ളത്.
🏁 കന്യകയായ പെണ്‍കുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. പുതിയ കുടുംബ നിയമപ്രകാരമാണിത്.
🏁 റഷ്യയിലെ മോസ്‌കോയില്‍ ഞായറാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
🏁 ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.
🏁 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം നാലു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി ഡല്‍ഹി മറികടന്നു. 42 പന്തില്‍ 56 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
🏁 എഫ്എ കപ്പില്‍ കരുത്തരായ ചെല്‍സിയെ തോല്‍പിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്കു കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. സിറ്റിയുടെ എട്ടാം എഫ്എ കപ്പ് കിരീട നേട്ടമാണിത്.
🏁 യുഎസ് റീട്ടെയ്ല്‍ വമ്പന്മാരായ വാള്‍മാര്‍ട്ടിന് വലിയ നിക്ഷേപമുള്ള ഫ്‌ളിപ്കാര്‍ട്ട് പ്രാഥമിക ഓഹരി വില്പന വൈകിപ്പിക്കാന്‍ ഒരുങ്ങുന്നു. 2027 സാമ്പത്തികവര്‍ഷം അവസാനിക്കും മുമ്പ് കമ്പനിയെ ലാഭത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പ്രാധാന്യം നല്കാനാണ് വാള്‍മാര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാള്‍മാര്‍ട്ടിന് നിക്ഷേപ പങ്കാളിത്തമുള്ള ഫോണ്‍പേയും അടുത്തിടെ ഐപിഒ നടപടികള്‍ നീട്ടിവച്ചിരുന്നു. ഫോണ്‍പേയില്‍ 71.8 ശതമാനം ഓഹരിപങ്കാളിത്തമാണ് വാള്‍മാര്‍ട്ടിനുള്ളത്. ഫ്‌ളിപ്കാര്‍ട്ടില്‍ 80 ശതമാനവും. ഇന്ത്യയില്‍ നടത്തിയിരിക്കുന്ന നിക്ഷേപങ്ങള്‍ വിറ്റഴിക്കാന്‍ വാള്‍മാര്‍ട്ടിന് കാര്യമായ ധൃതിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ളിപ്കാര്‍ട്ട് 2025 സാമ്പത്തികവര്‍ഷം 1,494.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം 37 ശതമാനം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. 2024 സാമ്പത്തികവര്‍ഷം ആകെ നഷ്ടം 2,358.7 കോടി രൂപയായിരുന്നു.
🏁 നിര്‍മിത ബുദ്ധി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ഥികള്‍ക്കും നിയമസ്ഥാപനങ്ങള്‍ക്കുമായി പുതിയ പ്ലഗിനുകള്‍ അവതരിപ്പിച്ച് എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്. ഇതോടെ എഐ മോഡലായ ക്ലോഡിന് നിയമപരമായ ജോലികള്‍ കൂടുതല്‍ കാര്യക്ഷമമായി ചെയ്യാന്‍ സാധിക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച 'ക്ലോഡ് ഫോര്‍ ലീഗല്‍' എന്ന സേവനത്തിന്റെ തുടര്‍ച്ചയായാണ് ഈ പുതിയ പ്ലഗിനുകള്‍ വരുന്നത്. കൊമേഴ്സ്യല്‍ കൗണ്‍സല്‍, എംപ്ലോയ്മെന്റ് കൗണ്‍സല്‍, ലിറ്റിഗേഷന്‍ അസോസിയേറ്റ്, 'ലോ സ്റ്റുഡന്റ്' തുടങ്ങിയ ടൂളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പണം നല്‍കി ക്ലോഡ് എഐ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ പുതിയ ഫീച്ചറുകള്‍ ലഭ്യമാവുക. കൂടാതെ, ഡെവലപ്പര്‍മാര്‍ക്കായി ഗിറ്റ്ഹബ്ബിലും ഈ പ്ലഗിനുകള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
🏁 മെയ്യഴകന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രേം കുമാര്‍. നേരത്തെ തന്നെ ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലായിരിക്കുമെന്ന് പ്രേം കുമാര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ്യഴകനും 96 ഉം പോലുള്ള ഫീല്‍ ഗുഡ് ചിത്രങ്ങളൊരുക്കിയ പ്രേം കുമാറിന്റെ പുതിയ ചിത്രം ത്രില്ലറാണ്. മലയാളി നടി ശിവദയാണ് ചിത്രത്തിലെ നായിക. മലയാളിയായ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. പ്രേം കുമാറിന്റെ മുന്‍ സിനിമകളിലും ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കിയത്. വെല്‍സ് ഫിലിം ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ നിര്‍മാണം. മണ്‍സൂണ്‍ മൂവീസാണ് സഹനിര്‍മാണം. ഇഷരി കെ ഗണേഷാണ് ചിത്രം അവതരിപ്പിക്കുന്നത്. തമിഴിലെ ഫഹദിന്റെ ആദ്യ സോളോ ലീഡ് ആണ് ചിത്രമെന്നതും ശ്രദ്ധേയമാണ്. ചേതന്‍, ഹരീഷ് ഉത്തമന്‍, കരുണാകരന്‍ എന്നിവരും ചിത്രത്തിലുണ്ട്.
🏁 വിപിന്‍ ദാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് 'സന്തോഷ് ട്രോഫി'. എന്നാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയെന്നാണ് പുതിയ വാര്‍ത്ത. പൃഥ്വിരാജിന് പകരം ജോമോന്‍ ജ്യോതിര്‍ ചിത്രത്തിലെ നായകനാകും. വിപിന്‍ ദാസിന്റെ ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയിട്ടുള്ള താരമാണ് ജോമോന്‍. പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളേയും അണിനിരത്തിയാണ് വിപിന്‍ ദാസ് സന്തോഷ് ട്രോഫി ഒരുക്കാനിരുന്നത്. ഖലീഫയുടെ ഡേറ്റുമായി ക്ലാഷ് വന്നതോടെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു. വിപിന്‍ ദാസിന്റേത് തന്നെയായിരുന്നു തിരക്കഥയും.
🏁 പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സിയറ ഇവി പുറത്തിറക്കും. ഇന്ത്യയ്ക്കായുള്ള ടാറ്റയുടെ ആറാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇത്. ഇതിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഫീച്ചറുകളും കര്‍വ് ഇവിക്ക് സമാനമായിരിക്കാനാണ് സാധ്യത. അതായത്, ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 55 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഇതിലുണ്ടാകും. ഇതിന്റെ മോട്ടോര്‍ 166 ബിഎച്പി കരുത്തും 215 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ലെവല്‍ 2 അഡാസ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വെന്റിലേഷനോട് കൂടിയ പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, എല്‍ഇഡി ലൈറ്റ് പാക്കേജ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട് എന്നിവ ഇതിലെ പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🏁 ഇത് ഒരു കഥയല്ല. മനുഷ്യനിലെ മൃഗത്തിന്റെ ആത്മകഥയാണ്. ഒരു കാലഘട്ടത്തില്‍ സംഭവിച്ച യഥാര്‍ഥ സംഭവത്തിന്റെ ആഖ്യാനമാണ് ഈ നോവല്‍. ഒരു കാലത്ത് ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ ഒരു ക്രൂര ജോലി ഉണ്ടായിരുന്നു - നായകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഒരു കഠിനമായ തീരുമാനം എടുത്തു - അവയെ നിയന്ത്രിക്കാന്‍ ആണ്‍നായകളുടെ വരി ഉടയ്ക്കുക. വരി ഉടയ്ക്കല്‍ തൊഴിലായി എടുത്ത പെരച്ചന്‍ എന്ന മനുഷ്യന്‍. മനുഷ്യരുടെയും മൃഗങ്ങളുടെയും വേദനയില്‍ നിന്ന് ലഹരി കണ്ടെത്തുന്ന വിചിത്ര മനസ്സ്, അയാള്‍ക്ക് രാത്രി എന്നത് ഇരുട്ടല്ല, നിലവിളികളാണ്. പെരച്ചനും മകന്‍ കല്ലനും തമ്മിലുള്ള പകയുടെയും പ്രതികാരത്തിന്റെയും ആഴത്തിലേക്ക് വലിച്ചിഴക്കുന്ന നോവല്‍. 'അപ്പനെ കൊല്ലാന്‍'. അനീഷ് മാത്യു. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 142 രൂപ.
🏁 ഏത് കാലാവസ്ഥയിലും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷ്യവിഷബാധ. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലൂടെയും ഭക്ഷ്യവിഷബാധ സംഭവിക്കാം. ലളിതമായ ചില ശീലങ്ങളിലൂടെ വീട്ടിലെ ഭക്ഷണത്തിലെ ഭക്ഷ്യവിഷബാധ കുറയ്ക്കാന്‍ സാധിക്കും. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് നല്ലതു പോലെ കഴുകണം. കൈ കഴുകാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നത് ബാക്ടീരിയ പകരാനുള്ള പ്രധാന കാരണമാണ്. പാകം ചെയ്യാത്ത മീന്‍, മാംസം, മുട്ട എന്നിവയില്‍ നിന്ന് ബാക്ടീരിയ പടരാം. കട്ടിങ് ബോര്‍ഡ്, കത്തി എന്നിവ ഓരോ ആവശ്യത്തിനും വേറെ പ്രത്യേകം ഉപയോഗിക്കാം. ശരിയായി പാചകം ചെയ്യാത്ത ഭക്ഷണത്തില്‍ ബാക്ടീരിയ അടങ്ങിയിട്ടുണ്ടാവാം. ചിക്കന്‍, മീന്‍, മാംസം, മുട്ട എന്നിവ പൂര്‍ണമായും വേവിച്ചു കഴിക്കുക. ബാക്കി വന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കുക. പാചകം ചെയ്ത ഭക്ഷണം ബാക്കിയായാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം ഒന്ന്-രണ്ട് ദിവസത്തിനുള്ളില്‍ കഴിക്കണം. വൃത്തിയില്ലാത്ത അടുക്കളയില്‍ നിന്ന് രോഗാണുക്കള്‍ വേഗം പടരാം. പാത്രം കഴുകാനെടുക്കുന്ന സ്പോഞ്ച്, വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന തുണി എന്നിവ കൃത്യമായ ഇടവേളയില്‍ മാറ്റുക. സിങ്ക് വൃത്തിയായി സൂക്ഷിക്കുക. പാക്കറ്റ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ കാലാവധി പരിശോധിക്കുക. മലിനജലം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. തിളപ്പിച്ച വെള്ളമോ ഫില്‍റ്റര്‍ ചെയ്ത വെള്ളമോ മാത്രം കുടിക്കുക.
🙏🏼*ശുഭദിനം*🪷
മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരാള്‍ രാത്രിയില്‍ ഒരു വീടിനു പുറത്ത് ജനാലക്കരികില്‍ പതുങ്ങി നില്‍ക്കുകയായിരുന്നു. ജനാലയില്‍ക്കൂടി അയാള്‍ ഒളിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് വൃദ്ധയും അവശയുമായ ഒരു സ്ത്രീ കട്ടിലില്‍ കിടക്കുന്നതാണ്. ശ്വാസം എടുക്കാന്‍ പ്രയാസപ്പെട്ടിരുന്ന അവര്‍ തന്റെ കട്ടിലിനോട് ചേര്‍ന്ന് ഇട്ടിരുന്ന മേശപ്പുറത്തു വെച്ചിരുന്ന ഇന്‍ഹലെര്‍ കൈയ്യെത്തിപ്പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് അത് കൈനീട്ടി എടുക്കാനായില്ല. അലിവ് തോന്നിയ മോഷ്ടാവ് ജനാലയിലൂടെ കൈയ്യിട്ട് ആ ഇന്ഹലെര്‍ അവര്‍ക്ക് എടുത്തു കൊടുത്തു. പുറത്ത് നില്‍ക്കുന്നത് ഒരു മോഷ്ടാവ് ആണെന്ന് മനസ്സിലായെങ്കിലും ആ സ്ത്രീ അയാളെ അകത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു: 'ഞാന്‍ ഒരു കള്ളനെ ആദ്യമായിട്ട് കാണുകയാണ്. നിനക്ക് എന്താണ് വേണ്ടത്?' അത് കേട്ടപ്പോള്‍ അയാള്‍ നിരാശയോടെ പറഞ്ഞു: 'ഞാനൊരു പതിവ് മോഷ്ടാവൊന്നുമല്ല. നാളെ എന്റെ അമ്മക്ക് ഒരു ഓപ്പറേഷന്‍ ആണ്. അതിനുള്ള പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണ്.....' ആ സ്ത്രീ വളരെ പ്രയാസപ്പെട്ട് ഒരു ഊന്നുവടിയുടെ സഹായത്താല്‍ കട്ടിലില്‍ നിന്ന് ഇറങ്ങി നടന്ന് അലമാരയില്‍നിന്ന് രണ്ട് സ്വര്‍ണ വളകള്‍ എടുത്ത് അയാള്‍ക്ക് നല്‍കി. അത് കണ്ടപ്പോള്‍ അയാള്‍ വികാരാധീനനായി അവരെ തൊഴുതുപോയി. അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ച് അവര്‍ പറഞ്ഞു: 'നീ ഇപ്പോള്‍ ഇവിടെ വന്നതുകൊണ്ട് രണ്ട് ജീവനുകളാണ് രക്ഷപ്പെട്ടത്...നിനക്ക് എന്നെ നിന്റെ സ്വന്തം അമ്മയെപ്പോലെ കരുതാം.. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ചിലര്‍ ആരുടെയെങ്കിലും ഒക്കെ വേണ്ടപ്പെട്ടവരായി മാറുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ആരും കാണാതെ കിടക്കുന്ന ചില നന്മകള്‍ എല്ലാവരിലും ഉണ്ടെന്നുതന്നെയാണ്. സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും അപകട വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഒരുനാള്‍ തിരിച്ചറിവിനുള്ള സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാല്‍ അപ്പോള്‍ തന്നെ അവിടെ നിന്നു തിരിച്ചു നടക്കാനുള്ള ഒരു മനസ്സുണ്ടാവണം. അതല്ലെങ്കില്‍ ഒരു കാലത്തും നന്മയിലേക്ക് നടന്നു കയറാന്‍ സാധിച്ചെന്നു വരില്ല - *ശുഭദിനം.*
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ