കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം.


കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാർത്ഥി വെടിവെച്ച്‌ മരിച്ചു. പന്തീരാങ്കാവ് മനാല്‍ ഹൗസില്‍ കാർത്തിക് എന്ന 21കാരനാണ് മരിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൊണ്ടയാട് റൈഫിള്‍ ക്ലബിലെ അംഗമാണ് കാർത്തിക്. അതിനാല്‍ ലൈസൻസുള്ള തോക്ക് കാർത്തികിന്റെ കൈവശമുണ്ടായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്നാണ് വീട്ടുകാരെത്തിയത്.

ഉടനെ തന്നെ കാർത്തികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. എന്താണ് സ്വയം വെടിവെക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് ശേഷം കാർത്തികിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തതിന് ശേഷം മാത്രമേ എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമാകൂ. ഇന്നാണ് പോസ്റ്റ്മോർട്ടം നടത്തുക. അതിന് ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.