സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ജയിലിൽ നിന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി അവിടെ വെച്ച് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തി നാട് കടത്തുകയാണ് ചെയ്യുക.

അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്.