2026 മേയ് 7, വ്യാഴം
1201 മേടം 24, പൂരാടം
1447 ദുൽഖഅ്ദ 19
◾ തോല്‍വിയെക്കുറിച്ച് സഖാക്കള്‍ക്കു നിര്‍ഭയമായി അഭിപ്രായം പറയാന്‍ അവസരം ഒരുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി ഘടകങ്ങളേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടര്‍ നടപടിയെടുക്കും. പാര്‍ട്ടി അണികളിലെ വോട്ടുചോര്‍ച്ച തിരിച്ചറിയാനായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ച, കണ്ണൂര്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍, സംഘടനാ വീഴ്ച എന്നിവയാണു പരാജയകാരണമെന്നാണു വിലയിരുത്തല്‍. സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇറങ്ങിപ്പോയി. രാവിലെ പത്തിന് ആരംഭിച്ച് 13 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ച രാത്രി 11 നാണ് അവസാനിച്ചത്.
◾ കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് ഇന്നു രാവിലെ പത്തരയ്ക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും പങ്കെടുക്കും. നിയമസഭാ കക്ഷിയില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്ന് അജയ് മാക്കന്‍.
◾ ദേശീയഗാനമായ 'ജനഗണമന'യ്ക്കു തുല്യമായ പദവി ദേശീയഗീതമായ 'വന്ദേമാതര'ത്തിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
◾ പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുഖ്യമന്ത്രിയാകാനിരിക്കുന്ന സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്ര നാഥ് രഥ് മധ്യംഗ്രാമില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദുവിന്റെ പിഎയായ ചന്ദ്രനാഥ് കാറില്‍ ഡ്രൈവര്‍ക്കു സമീപം മുന്‍ സീറ്റില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
◾ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു പിണറായി വിജയന്‍ വേണ്ടെന്നു സിപിഐ. സിപിഐ നേതൃയോഗത്തിലാണ് നേതാക്കള്‍ അഭിപ്രായം അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആള്‍ വരണമെന്നും പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നുമാണ് സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം.
◾ ഫസല്‍ വധക്കേസിലെ വിചാരണയ്ക്കു ഹാജരാകുന്നതില്‍ നിന്ന് തലശ്ശേരിയിലെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജന് സിബിഐ കോടതി അവധി നല്‍കി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ കാരായി രാജന്‍ അപേക്ഷ നല്‍കിയിരുന്നു. ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ കാരായി രാജന്‍ നേരിടേണ്ടി വരും. 2006 ല്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ട കേസില്‍ കൊടി സുനിയാണ് ഒന്നാംപ്രതി.
◾ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ കയറരുതെന്നും ഓടുന്ന വണ്ടിയില്‍ സമാധാനമായി ഇരിക്കുകയാണു വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. വണ്ടി നിര്‍ത്തുമ്പോള്‍ ഇറങ്ങുക. മുഖ്യമന്ത്രി ചര്‍ച്ചയോടുള്ള ചോദ്യത്തിനാണ് വിഡി സതീശന്റെ പ്രതികരണം.
◾ ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രിയാവും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു.
◾ സിപിഎമ്മുകാര്‍ ബിജെപിക്ക് വോട്ടു ചെയ്തെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സിപിഎം സ്ഥാനാര്‍ഥിയായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍. ഈ പോക്കാണെങ്കില്‍ സംസ്ഥാനത്ത് ബിജെപി കൂടുതല്‍ മുന്നേറ്റം നടത്തും. കഴിഞ്ഞ തവണത്തേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ ബിജെപി അധികമായി നേടിയെന്നും അദ്ദഹം പറഞ്ഞു.
◾ യുഡിഎഫില്‍ മല്‍സരിച്ചു ജയിച്ച ടി.കെ ഗോവിന്ദനെ വര്‍ഗവഞ്ചകനെന്ന് വിളിക്കില്ലെന്നും, താന്‍ ആര്‍ക്കും അടിമയല്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയോട് ഇഷ്ടമുളളവര്‍ വീട്ടില്‍ വരുമ്പോള്‍ സ്വീകരിക്കുമെന്നും അതില്‍ ഒരു പേടിയുമില്ലെന്നും വിനോദിനി.
◾ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ജി സുധാകരന്‍ കുടുംബസമേതം സഹോദരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം.
◾ രാഷ്ട്രീയത്തിന്റെ പേരില്‍ തന്നെ വെറുക്കരുതെന്നും ചീത്ത പറയരുതെന്നും തൃശൂരില്‍ തോറ്റ ബിജെപി സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. താന്‍ ഒരു സാധാരണ മനസ്സുള്ള, എല്ലാവരോടും സ്നേഹവും ദയയുമുള്ള സ്ത്രീയാണ്. തന്നെ സ്നേഹിക്കുന്ന കുറെ പേര്‍ ഇപ്പോഴും തൃശൂരില്‍ ഉണ്ട്. അതുകൊണ്ട് താന്‍ തൃശൂരില്‍നിന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പത്മജ പറഞ്ഞു.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും എസ് പിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.
◾ സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാവുന്ന സാഹചര്യത്തില്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത് പുതിയ മുഖ്യമന്ത്രിയുടെ യാത്രയെന്ന അഭ്യര്‍ത്ഥനയുമായി തുറന്ന കത്ത്. ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവാണ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി പോകുന്ന വഴികളില്‍ ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കുന്ന പതിവ് അവസാനിപ്പിക്കണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിച്ചു കൊണ്ടാകരുത് മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
◾ കേരളത്തിലെ മുന്നണികള്‍ പിന്തുടരുന്ന സാമുദായിക ഒത്തുതീര്‍പ്പുകളെ വോട്ടര്‍മാര്‍ തള്ളിയെന്ന് റിപ്പോര്‍ട്ടുകള്‍. 6000 ക്രിസ്ത്യന്‍ വോട്ട് മാത്രമുള്ള തവനൂരില്‍ കോണ്‍ഗ്രസിന്റെ വി.എസ് ജോയിയും ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയില്‍ കോണ്‍ഗ്രസിന്റെതന്നെ മുഹമ്മദ് ഷിയാസും ജയിച്ചു. സാമുദായിക സംഘടനാ നേതാക്കളായ വെള്ളാപ്പള്ളി നടേശന്‍, സുകുമാരന്‍ നായര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഉമ്മര്‍ ഫൈസിര്‍, മെത്രാന്മാര്‍ തുടങ്ങിയവരെ കൂട്ടുപിടിച്ചതുകൊണ്ടു വോട്ടാവില്ലെന്നു ജനം വിധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.
◾ സിപിഎം പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ജില്ലാ സെക്രട്ടി ഇഎന്‍ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തില്‍ തര്‍ക്കമുണ്ടായതിനു പിറകേയാണ് രാജി.
◾ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ജയിലില്‍ വിഐപി പദവി ലഭിച്ചിരുന്നതും ജയില്‍ ഡിഐജിയും മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുമുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയ യുവതി കൊല്ലപ്പെട്ടു. ബംഗളൂരുവില്‍ മര്‍ദ്ദനത്തിന് ഇരയായി തൃശൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വാടാനപ്പിള്ളി സ്വദേശിനി സുനിത എന്ന നാല്‍പത്തേഴുകാരിയാണു മരിച്ചത്. മര്‍ദിച്ച മലയാളി ദീപക് കൃഷ്ണയെ പോലീസ് തെരയുന്നു.
◾ റാന്നിയിലെ കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസില്‍ പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുല്‍ സത്യന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2023 ജൂണ്‍ 24 നായിരുന്നു കൊലപാതകം നടന്നത്. രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
◾ ചെറുതുരുത്തിയില്‍ പേ വിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ചു. വെട്ടിക്കാട്ടിരി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സന്‍ഹ മെഹ്റിന്‍ആണ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചത്.
◾ ചേര്‍ത്തല മുന്‍സിഫ് മജിസ്‌ട്രേറ്റ് റോബിന്‍ റോഡ്രിഗ്സിനു പാമ്പുകടിയേറ്റു. കോടതിക്ക് സമീപമുള്ള ക്വാര്‍ട്ടേഴ്‌സിലാണു കടിയേറ്റത്.
◾ മൂന്നര കിലോ കഞ്ചാവുമായി മലപ്പുറം എടവണ്ണയില്‍ അരീക്കോട് തെരട്ടമ്മല്‍ സ്വദേശി റഹീസ് എടവണ്ണ പൊലീസിന്റെ പിടിയിലായി. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളില്‍ ബേക്കറി കച്ചവടം നടത്തിവരുന്ന ആളാണ് പ്രതി
◾ ഇടുക്കി ശാന്തന്‍പാറക്ക് സമീപം ശങ്കരപാണ്ഡ്യമെട്ടില്‍ ജഗന്‍ മോഹന്റെ ഭാര്യ ശാന്തി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്റെ ബന്ധു ആനയിറങ്കല്‍ സ്വദേശിയുമായ രാമകൃഷ്ണന്‍ അറസ്റ്റിലായി. ആണി ചോദിച്ചു വീട്ടിലെത്തിയ പ്രതി ബലാത്സംഗത്തിനു ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ്.
◾ തമിഴ്നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വിജയ് കേവല ഭൂരിപക്ഷമായ 118 പേരുടെ പിന്തുണ ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കോണ്‍ഗ്രസ് പിന്തുണയോടെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയ് നല്‍കിയത്. ഇനി അഞ്ചുപേരുടെ പിന്തുണകൂടി വേണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.
◾ ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ഡിഎംകെയും എഐഎഡിഎംകെയും സഖ്യമുണ്ടാക്കുന്നു. ഇതിനായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ഇതിനിടെ എഐഎഡിഎംകെ എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാര്‍ ആരുമായും ബന്ധപ്പെടാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് റിസോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
◾ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിട്ട് ടിവികെയ്ക്കു പിന്തുണ പ്രഖ്യാപിച്ചതിനു പിറകേ, മുന്നണി വിട്ട് ആര്‍ക്കും പോകാമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. ടിവികെയെ പിന്തുണയ്ക്കണമെന്നാണ് സിപിഐയുടെ പൊതുവികാരം. കുറച്ചുകൂടി ആലോചിക്കണമെന്നാണ് സിപിഎം നിലപാട്. ഭാവി തെരഞ്ഞെടുപ്പുകളിലും ടിവികെയുമായി സഖ്യം നിലനിര്‍ത്താനാണു കോണ്‍ഗ്രസ് തീരുമാനം.
◾ തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതിനിടെ വിജയ്യുടെ ടിവികെയെ പിന്തുണയ്ക്കില്ലെന്ന് എഐഎഡിഎംകെ. ഒരു സാഹചര്യത്തിലും ടിവികെയ്ക്ക് പിന്തുണ നല്‍കില്ലെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസാമി അറിയിച്ചു.
◾ ടിവികെ നേതാവും നടനുമായ വിജയ്ക്ക് നല്‍കിയ പൊലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിന്‍വലിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കോണ്‍വോയ് മതിയെന്ന് വിജയ് പറഞ്ഞെന്നു പൊലീസ്.
◾ പഞ്ചാബിലെ ഇരട്ട സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഫോടന സ്ഥലം സന്ദര്‍ശിച്ചു. സ്ഫോടനം നടന്ന അമൃത്സറില്‍ ഫോറന്‍സിക് തെളിവുകളടക്കം എന്‍ഐഎ സംഘം ശേഖരിച്ചു. ജലന്ധറിലെ സ്ഫോടനത്തില്‍ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യും.
◾ ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി ചമഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ചയാളെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്തു. അമൃത്സര്‍ സ്വദേശിയായ ഗൗരവ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് ടിക്കറ്റുകളും പാര്‍ട്ടിയില്‍ പദവികളും വാഗ്ദാനം ചെയ്ത് രാജ്യത്തുടനീളമുള്ള നിരവധി നേതാക്കളെ ഇയാള്‍ വഞ്ചിച്ചു. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് ഭാവന പാണ്ഡെയില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്.
◾ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയ്ക്കു രാജിക്കത്തു സമര്‍പ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ ബിജെപി സഖ്യം വന്‍ വിജയം നേടിയിരുന്നു.
◾ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്‍ പ്രതിമ തകര്‍ത്തു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു.
◾ ബിസിനസ് തകര്‍ന്നു ജീവിതം പ്രതിസന്ധിയിലായപ്പോള്‍ അഭയം നല്‍കിയ ഉറ്റ ബന്ധുവായ മന്ത്രിയുടെ വീട്ടില്‍ മോഷണം. 2003 മുതല്‍ മന്ത്രിയുടെ വീട്ടില്‍നിന്ന് ഒരു കോടിയിലേറെ രൂപ വില വരുന്ന 1.3 കിലോഗ്രാം സ്വര്‍ണം അപഹരിച്ചെന്ന കേസില്‍ മന്ത്രിയുടെ അമ്മയുടെ അടുത്ത ബന്ധുവായ സയ്യിദ് അമീറും കൂട്ടാളിയുമായ അമിര്‍ അഹമ്മദും അറസ്റ്റിലായി. കര്‍ണാടകയിലെ ഭവന ന്യൂനപക്ഷ വികസന മന്ത്രിയായ സമീര്‍ അഹമ്മദ് ഖാന്റെ ബന്ധുവാണ് സയ്യിദ് അമീര്‍.
◾ വീണ്ടും യുദ്ധ ഭീഷണിയുമായി ട്രംപ്. ഇറാന്‍ അണ്വായുധ നിരോധന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ബോംബുകളുടെ അടുത്ത തരംഗം ഉണ്ടാകുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധം അവസാനിച്ചെന്നു പ്രഖ്യാപിച്ചെന്നു പറഞ്ഞതിനു പിറകേയാണു ട്രംപ് പരസ്പര വിരുദ്ധമായ പ്രസ്താവനയുമായി രംഗത്തു വന്നത്. അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിലേക്കു നീങ്ങിയതായിരുന്നു. ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സന്ധിയായത്. ഉപരോധങ്ങളും ഹോര്‍മുസ് അടച്ചതും പിന്‍വലിക്കുമെന്നും അണ്വായുധ പദ്ധതി ഇറാന്‍ പരിമിതപ്പെടുത്തുമെന്നുമായിരുന്നു ധാരണ.
◾ ഇറാന്‍ തീരത്തേക്കു പോയ കപ്പല്‍ അമേരിക്കന്‍ സേന ആക്രമിച്ചു. ഇറാന്‍ പതാക വഹിക്കുന്ന എംടി ഹസ്ന എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പല്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചതിനാലാണ് ആക്രമണമെന്ന് അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡിന്റെ നിലപാട്.
◾ സി എന്‍ എന്‍ വാര്‍ത്താ മാധ്യമ സ്ഥാപകന്‍ ടെഡ് ടെര്‍ണര്‍ അന്തരിച്ചു. 87 -ാം വയസായിരുന്നു. ലോകത്താദ്യമായി 24 മണിക്കൂര്‍ വാര്‍ത്താ സംപ്രേഷണം എന്ന ആശയം നടപ്പിലാക്കിയത് ഇദ്ദേഹമാണ്.
◾ യുഎസില്‍ 231 യാത്രക്കാരുമായി ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം വൈദ്യുത പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു. വിമാനത്താവളത്തിലെ ഒരു ട്രക്കിലിടിച്ചും തകരാറുണ്ടാക്കി. വിമാനം അപകടത്തില്‍പ്പെട്ടെങ്കിലും യാത്രക്കാര്‍ക്കാര്‍ക്കു പരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
◾ സിറിയയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കുടുംബാംഗങ്ങള്‍ മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്കു മടങ്ങുന്നു. സിറിയയിലെ ഐഎസ് ക്യാമ്പില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണു മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതായി ഓസ്ട്രേലിയന്‍ ഭരണകൂടം വെളിപെടുത്തിയത്.
◾ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 33 റണ്‍സിന്റെ വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 236 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയരെ 63 റണ്‍സടിച്ച ഹെന്‍ട്രിച്ച് ക്ലാസനും 55 റണ്‍സടിച്ച ഇഷാന്‍ കിഷനും ചേര്‍ന്ന് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിംഗില്‍ കൂപ്പര്‍ കൊണോലി 59 പന്തില്‍ 107 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക് നയിക്കാന്‍ സാധിച്ചില്ല. ഈ ജയത്തോടെ 11 മത്സരങ്ങല്‍ 14 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതെത്തി. പഞ്ചാബിന് 10 മത്സരങ്ങളില്‍ 13 പോയിന്റാണുള്ളത്.
◾ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ രണ്ട് ശതമാനത്തോളം ഓഹരികള്‍ വിറ്റഴിച്ച് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനം. 'വേള്‍ഡ് വൈഡ് എമര്‍ജിംഗ് മാര്‍ക്കറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡ്' ആണ് 7,486.20 കോടി രൂപയുടെ (1.99 ശതമാനം) ഓഹരി വില്‍പ്പന നടത്തിയത്. ഈ സ്ഥാപനത്തിന്റെ കമ്പനിയിലെ പങ്കാളിത്തം 3.74 ശതമാനത്തില്‍ നിന്ന് 1.75 ശതമാനമായി കുറഞ്ഞു. ഇതോടെ അദാനി പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ആകെ ഓഹരി പങ്കാളിത്തം 68.02 ശതമാനത്തില്‍ നിന്ന് 66.03 ശതമാനമായി താഴ്ന്നു. ഏപ്രില്‍ മാസത്തില്‍ അദാനി പോര്‍ട്ട്‌സ് കാര്‍ഗോ വോളിയത്തില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. ആകെ 43.1 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. മൊത്തം വിപണി മൂല്യം 4,00,094 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അദാനി പോര്‍ട്ട്‌സ് ഓഹരി 32.22 ശതമാനം മുതല്‍ 34.72 ശതമാനം വരെ നേട്ടം നല്‍കി. കഴിഞ്ഞ 52 ആഴ്ചയിലെ കണക്കനുസരിച്ച് ഓഹരിയുടെ ഏറ്റവും കുറഞ്ഞ വില 1,285.70 രൂപയും ഏറ്റവും ഉയര്‍ന്ന വില 1,757.40 രൂപയുമാണ്.
◾ പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ച് ആന്ത്രോപിക്. ബ്ലാക്ക്‌സ്റ്റോണ്‍, ഹെല്‍മാന്‍ ആന്‍ഡ് ഫ്രീഡ്മാന്‍, ഗോള്‍ഡ്മാന്‍ സാക്സ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പുതിയ സംയുക്ത സംരംഭം. പുതിയൊരു എഐ സര്‍വീസ് കമ്പനി ആരംഭിക്കാനാണ് നീക്കം. ഇടത്തരം കമ്പനികളുമായി സഹകരിക്കുന്ന ഈ സ്ഥാപനം, അവരുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ക്ലോഡ് എഐ മോഡലുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കും. ഇത് ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് പോലുള്ള സേവനാധിഷ്ഠിത കമ്പനികള്‍ക്ക് കനത്ത പ്രഹരമായിരിക്കും. ആന്ത്രോപിക്കിന്റെ ക്ലോഡ് കോവര്‍ക്ക് സംവിധാനം ഇതിനുമുമ്പ് ഇന്ത്യന്‍ ഐടി ഓഹരികളെ പിടിച്ചുലച്ചിരുന്നു. ആന്ത്രോപിക്കിന്റെ മുഖ്യ എതിരാളിയായ ഓപ്പണ്‍ എഐയും സമാനമായ സ്ഥാപനം തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. ദി ഡെവലപ്‌മെന്റ് കമ്പനി എന്ന പേരിലുള്ള ഒരു സംരംഭത്തിനായി നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിവര്‍.
◾ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം 'അതിരടി'യിലെ പുതിയ ഗാനം പുറത്ത്. വിഷ്ണു വിജയ് സംഗീതം നല്‍കിയ ഗാനം രചിച്ചത് സുഹൈല്‍ കോയ, അറിവ് എന്നിവര്‍ ചേര്‍ന്നാണ്. 'പട്ടി ഷോ' എന്ന വരികളോടെ ശ്രദ്ധ നേടുന്ന ഗാനം ആലപിച്ചത് ഡബ്സി, അറിവ്, സുഹൈല്‍ കോയ എന്നിവര്‍ ചേര്‍ന്നാണ്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രം മേയ് 14-നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. സാംകുട്ടി എന്ന കഥാപാത്രമായാണ് ബേസില്‍ ജോസഫ് ചിത്രത്തിലെത്തുന്നത്. റിയ ഷിബു, സരിന്‍ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, സമീര്‍ താഹിര്‍, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
◾ സൂര്യ നായകനായി ഇനി വരാനിരിക്കുന്ന 'കറുപ്പ്' ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തിറക്കി. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്നര് ആയിരിക്കും. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. മൂന്ന് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്.
◾ ഫുള്‍-ഇലക്ട്രിക് ഹാച്ച്ബാക്കായ ഐഡി.പോളോ ആഗോളതലത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്‌സ്വാഗണ്‍. ജര്‍മനിയില്‍ 24,995 യൂറോ (27.70 ലക്ഷം രൂപ) പ്രാരംഭ വിലയ്ക്കാണ് ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് എത്തുന്നത്. ഫുള്‍ ചാര്‍ജില്‍ 454 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. മൂന്ന് പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനുകള്‍ ലഭിക്കുന്നു. 114 ബിഎച്പി, 133 ബിഎച്പി, 208 ബിഎച്പി എന്നിവയാണ് ഇതിലെ പവര്‍ ഔട്ട്പുട്ടുകള്‍. ആദ്യ രണ്ട് മോഡലുകളും 37 കിലോവാട്ട്അവര്‍ എല്‍ഇപി ബാറ്ററിയുമായി വരുന്നു. 208 ബിഎച്പി പതിപ്പ് 52 കിലോവാട്ട്അവര്‍ എന്‍എംസി ബാറ്ററിയുമായി വരുന്നു, ഫുള്‍ ചാര്‍ജില്‍ 454 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി ഇതില്‍ അവകാശപ്പെടുന്നത്. ഇതിന് 24 മിനിറ്റിനുള്ളില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാനാവും എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലേക്ക് ഈ ഇവി മോഡല്‍ ഉടന്‍ ഫോക്‌സ്വാഗണ്‍ അവതരിപ്പിക്കാന്‍ സാധ്യത കുറവാണ്, എന്നാല്‍ ഒരു സിബിയു ഇംപോര്‍ട്ട് യൂണിറ്റായി എത്തിച്ചേക്കാം.
◾ ഭൂമിക്ക് പകരമൊരു സമാന്തര ലോകം അതാണ് വേള്‍ഡ് ടു വേള്‍ഡ് ടുവില്‍ എത്തിച്ചേരുന്ന ഉണ്ണിമോളുടെയും ആരവിന്റെയും കഥ. വേള്‍ഡ് ടുവിലെ വിശേഷങ്ങള്‍. കംപ്യുട്ടറും ഇന്റര്‍നെറ്റും ജീവിതം എളുപ്പമാക്കുന്നതോടൊപ്പം, ജീവിതത്തോട്' ചെയ്യുന്നത് പലതുമുണ്ട്. അതോടൊപ്പം ഗെയിം കളിയുടെ ലോകത്തെ വിശേഷങ്ങളും. ഒരൊറ്റ പാസ്വേഡ് കൊണ്ട് ജീവിതം മാറി മറിയുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്ന പുസ്തകം. 'പാസ്വേഡ്'. ഡോ.ശബ്ന എസ്. ജിവി ബുക്സ്. വില 85 രൂപ.
◾ ചൂട് കഠിനമായതോടെ ഹീറ്റ് സ്ട്രോക്ക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിച്ചുവെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രി പോലും ശരീരം തണുക്കാത്ത അവസ്ഥയിലേക്ക് ഇത് എത്തിക്കും. ഇതോടെ ശരീരത്തിന്റെ കോര്‍ ടെമ്പറേച്ചര്‍ ഉയര്‍ന്ന നിലയില്‍ തുടരുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുകയും ചെയ്യുന്നു. ഇത് കഠിനമായ ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകുന്നു. ശരീരതാപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുന്ന അടിയന്തിര ആരോഗ്യസ്ഥിതിയാണ് ഹീറ്റ് സ്ട്രോക്ക്. ഇത് തലച്ചോറ്, വൃക്ക, പേശികള്‍ എന്നിവയ്ക്ക് സ്ഥിരമായ തകരാറോ മരണമോ ഉണ്ടാക്കാം. താപനില ഉയരുന്നത് ഭ്രമം, കോമ തുടങ്ങിയ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ ഇന്‍ഫ്ലമേറ്ററി പ്രതികരണമായി മാറിയേക്കാം. ഹീറ്റ് സ്ട്രോക്കില്‍ നിന്ന് രക്ഷനേടാനുള്ള എളുപ്പമാര്‍ഗം ശരീര് എപ്പോഴും തണുപ്പിക്കുകയെന്നതാണ്. 10 മിനിറ്റില്‍ 1 ഡിഗ്രി സെല്‍ഷ്യസ് വീതം ശരീര താപനില കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഇത് വൈകിയാല്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. മതിയായ വെള്ളം കുടിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക, തണുപ്പുള്ള ഇടങ്ങളില്‍ വിശ്രമിക്കുക, നല്ല വായുസഞ്ചാരം ഉറപ്പാക്കുക, ഇടയ്ക്കിടെ വിശ്രമം എടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. തലവേദന, ക്ഷീണം, അമിത വിയര്‍പ്പ്, തലചുറ്റല്‍ ഇവയെല്ലാം ഹീറ്റ് സ്‌ട്രോക്കിന്റെ തുടക്ക സൂചനകളാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
മരുഭൂമിയില്‍ ഒരു ചെറിയ പക്ഷിയുണ്ടായിരുന്നു. അതിന് ചിറകുകള്‍ ഉണ്ടായിരുന്നില്ല. ഭക്ഷണമില്ല, താമസിക്കാന്‍ ഇടമില്ല. അതു ദൈവത്തോട് പലതവണ പരാതിപ്പെട്ടു. ഒരു ദിവസം അതുവഴി വന്ന മാലാഖയോടും പക്ഷി പരാതി പറഞ്ഞു. മാലാഖ ഈ പരാതി ദൈവത്തെയറിയിച്ചു. അപ്പോള്‍ ദൈവം പറഞ്ഞു: അവന്റെ കഷ്ടപ്പാട് ഒരിക്കലും മാറില്ല. അങ്ങനെ പറഞ്ഞാല്‍ പക്ഷിക്ക് സങ്കടമാകുമെന്ന് മാലാഖ പറഞ്ഞപ്പോള്‍ ദൈവം ഒരു പോംവഴി പറഞ്ഞുകൊടുത്തു. ദൈവമേ എല്ലാറ്റിനും നന്ദി എന്ന വാചകം എന്നും പറയണം. മാലാഖ ഇത് പക്ഷിയോട് പറഞ്ഞു. എന്തിനെന്ന് അറിയില്ലെങ്കിലും പക്ഷി അതനുസരിച്ചു. ചൂടിലും വിശപ്പിലും അതാവര്‍ത്തിച്ചു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെ വലിയ മാറ്റങ്ങള്‍ വന്നു. പക്ഷിക്കു ചിറക് മുളച്ചു. ചുറ്റും പൂക്കള്‍ വിരിഞ്ഞു. ജലമുണ്ടായി. ഇതെല്ലാം കണ്ട് മാലാഖ ദൈവത്തോട് ചോദിച്ചു: അവന്റെ കഷ്ടപ്പാട് മാറില്ലെന്നല്ലേ അങ്ങ് പറഞ്ഞത്. ഇപ്പോഴെന്താ ഇങ്ങനെ? ദൈവം പറഞ്ഞു: ഇപ്പോള്‍ അവന്‍ മാറി, അവന്റെ മനോഭാവം മാറി, ജീവിതവും മാറി.. മാറ്റാന്‍ കഴിയാത്തവയ്ക്കുളള പരിഹാരം അവയോടുളള മനോഭാവം മാററുക എന്നതാണ്. എല്ലാം എന്നെങ്കിലും മാറുമെന്ന് കരുതിയുളള കാത്തിരിപ്പാണ് പലരുടേയും നാശത്തിന് കാരണം. അനുകൂലമല്ലാത്തവയോട് നമുക്ക് രണ്ട് രീതിയില്‍ പ്രതികരിക്കാം. ഒന്നുകില്‍ സ്വയംപ്രയത്നം കൊണ്ട് അവയെ മാറ്റിയെടുക്കുക അല്ലെങ്കില്‍ അവയോട് പൊരുത്തപ്പെടുകയോ സഹകരിക്കുകയോ ചെയ്യുക. മാറ്റാനാവാത്തവയോടു മത്സരിച്ചുകൊണ്ടിരുന്നാല്‍ നാശനഷ്ടങ്ങള്‍മാത്രമേ ഉണ്ടാകൂ.. അത് ആത്മവിശ്വാസം തകര്‍ക്കും. പ്രതിരോധ ശക്തി നശിപ്പിക്കും. ഒന്നിനുമാകാതെ സ്വയം നശിക്കും. മാറ്റാനാകാത്തവയോടുളള പ്രതികരണം മാററിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. പ്രതീക്ഷ പൊട്ടിമുളക്കും. മറ്റുവഴികളെ കുറിച്ചുളള അന്വേഷണം തുടങ്ങും. അവിടെ ജീവിതം മാറുക തന്നെ ചെയ്യും - ശുഭദിനം.
➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ