ദേഹത്ത് ചാടിക്കയറി ആക്രമിച്ചു, ചോരയിൽ കുളിച്ച് വയോധിക; മുറിവ് ശരിയാക്കാൻ 12 തുന്നൽ, പ്രതി പൂവൻകോഴി...!





പൂയപ്പള്ളി (കൊല്ലം) ∙ വയോധികയെ ആക്രമിച്ച കേസിലെ പ്രതിയുടെ വിവരങ്ങൾ കേട്ട് ഒരു നിമിഷം പൊലീസ് അമ്പരന്നു. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നതു സാക്ഷാൽ പൂവൻ കോഴി! ഒരു കോഴിക്ക് ഇങ്ങനെയൊക്കെ ആക്രമിക്കാൻ പറ്റുമോ എന്നതായിരുന്നു അടുത്ത ചിന്ത. കോഴിയുടെ ആക്രമണത്തിൽ പരുക്കേറ്റ വയോധികയുടെ മുഖം ശരിയാക്കാൻ 12 തുന്നലുകൾ വേണ്ടി വന്നു. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് സാരമായി പരുക്കേറ്റു ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ കടയിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങി വരുന്നതിനിടെയാണു കോഴിയുടെ ആക്രമണം. ദേഹത്തു ചാടിക്കയറിയ ശേഷം തലയിൽ കയറി നിന്നു തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി മുറിവേൽപ്പിച്ചു. ജോയ്സിന്റെ നിലവിളി കേട്ട് സമീപവാസിയായ സ്ത്രീ ഓടി എത്തിയപ്പോൾ ചോരയിൽ കുളിച്ചു നിൽക്കുന്ന ജോയ്സിനെയാണ് കണ്ടത്. തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തുന്നതും കണ്ടു. ഓടി എത്തി കോഴിയെ ഓടിച്ച ശേഷം ജോയ്സിനെ ഓട്ടോറിക്ഷയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മുറിവ് ശരിയാക്കാൻ 12 തുന്നൽ വേണ്ടി വന്നത്.

കണ്ണിനും പരുക്കേറ്റു. മുൻപു വഴിയിലൂടെ നടന്നു പോയപ്പോൾ കോഴി കൊത്താനായി എത്തിയെന്നും അന്നു ഓടി രക്ഷപ്പെടുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീടു ജോയ്സിന്റെ അഭ്യർഥന പ്രകാരം കേസെടുക്കാതെ തന്നെ കോഴിയോടു ‘ക്ഷമിച്ചു’.