മൈസൂരു വിമാനത്താവള റൺവേ വികസനത്തിനുള്ള സ്‌ഥലമേറ്റെടുപ്പു നടപടികൾ ഊർജിതമാക്കി വിമാനത്താവള അതോറിറ്റി. റൺവേ വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമ അനുമതിക്കു നൽകിയതായി വിമാനത്താവള ഡയറക്ടർ ഉഷാകുമാരി പറഞ്ഞു.
മന്ദാകാലിയിലെ വിമാനത്താവളത്തിൻ്റെ സമീപപ്രദേശങ്ങളിൽ നിന്ന് 240 ഏക്കറാണ് ഏറ്റെടുക്കുന്നത്. കർണാടക വ്യവസായ വികസന കോർപറേഷനാണ് ഭൂമി ഏറ്റെടുക്കൽ ചുമതല.
റൺവേ വികസനം പൂർത്തിയായാൽ എയർബസ്, ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് ഇവിടെ നിന്നു സർവീസ് ആരംഭിക്കാനാകും. നിലവിൽ 72 സീറ്റുകളുള്ള എടിആർ വിമാനങ്ങൾക്ക് മാത്രമാണു മൈസൂരുവിൽ നിന്ന് യാത്രാനുമതിയുള്ളത്.
റൺവേ വികസിപ്പിക്കുന്നതിനൊപ്പം രാത്രി സർവീസ് സൗകര്യങ്ങളും ഒരുക്കും. 1,740 മീറ്റർ നീളമുള്ള റൺവേ 2,750 മീറ്ററായി വികസിപ്പിക്കും.
ഇൻഡിഗോയുടെ ഹൈദരാബാദ്, ചെന്നൈ സർവീസുകൾ മാത്രമാണു മൈസൂരുവിൽ നിന്നുള്ളത്.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ കൊച്ചി, ഗോവ, ബെംഗളൂരു, മംഗളൂരു, തിരുപ്പതി, ബെളഗാവി എന്നിവിടങ്ങളിലേക്കു സർവീസുകൾ തുടങ്ങിയെങ്കിലും പിന്നീടു നിലച്ചു.
ഇതോടൊപ്പം കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയുടെ (എൻഎച്ച്-766) വിമാനത്താവള റൺവേയോടു ചേർന്നുള്ള 3 കിലോമീറ്റർ ദൂരം തുരങ്ക പാതയായി മാറ്റാനുള്ള വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) ദേശീയപാത വികസന അതോറിറ്റി എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കൈമാറി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ