കാനഡ, യുഎസ്എ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ലോകം കാത്തിരിക്കുമ്പോള്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ജൂണ്‍ 12ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ സംപ്രേഷണാവകാശം ഇതു വരെ വിറ്റുപോകാത്തതാണ് ഫുട്ബോള്‍ പ്രേമികളെ ആശങ്കപ്പെടുത്തുന്നത്. ജപ്പാന്, ഇന്തൊനേഷ്യ സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സംപ്രേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടിരുന്നെങ്കിലും ഈ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആശങ്ക ഉടലെടുത്തത്. ഒരു മാസത്തെ ഇടവേള മാത്രമാണ് ലോക കപ്പ് മത്സരങ്ങള്‍ തുടങ്ങാനുള്ളത്.
ഏകദേശം 574 കോടി രൂപക്കാണ് 2022-ലെ ഖത്തര്‍ ലോകകപ്പിന്റെ സംപ്രേഷ ണാവകാശം ‘വയാകോം 18’ സ്വന്തമാക്കിയിട്ടുണ്ടായിരുന്നത്. രാജ്യത്താകെ 16.7 കോടി ആളുകള്‍ ടെലിവിഷനിലൂടെയും ഹോട്ട്സ്റ്റാര്‍ അടക്കമുള്ള മറ്റു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും ലോകകപ്പ് കണ്ടതായാണ് ഫിഫയുടെ കണക്ക്. അതിനാല്‍ ഈ വര്‍ഷത്തെയും അടുത്ത തവണത്തെയും ലോ കകപ്പുകള് ഉള്‍പ്പെടുത്തി 100 മില്യന്‍ ഡോളര്‍ (ഏകദേശം 920 കോടിരൂപ) ആണ് സംപ്രേഷണ അവകാശത്തിനായി ഫിഫ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ ആരും തന്നെ നിലവില്‍ താല്പര്യം പ്രകടി പ്പിക്കാതെ നില്‍ക്കുകയാണ്. ഇതോടെ 65 മില്യനിലേക്കും (ഏകദേശം 600 കോടിരൂപ) പിന്നാലെ 35 മില്യനിലേക്കും (325 കോടിരൂപ) തുക താഴ്ത്തി ഇന്ത്യന്‍ സംപ്രേക്ഷണ അവകാശം നല്കാന് ഫിഫ തയ്യാറായിരിക്കുകയാണ്. എന്നാല്‍ ഡിസ്കൗണ്ട് പ്ലാന്‍ ഒക്കെ നല്‍കിയിട്ടും പ്രധാന കമ്പനികളൊന്നും തന്നെ അനു കൂലമായി പ്രതികരിച്ചിട്ടില്ല.
വയാകോം 18, സ്റ്റാര്‍ ഇന്ത്യ കമ്പനികള്‍ ലയിച്ച് ‘ജിയോസ്റ്റാര്‍’ ആയതോടെ ക്രിക്കറ്റഅ, ഫുട്ബോള്‍ മാച്ചുകളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കാന്‍ മത്സരം കുറഞ്ഞതും ലോകകപ്പിലെ പ്രധാന മത്സരങ്ങളെല്ലാം അര്‍ധരാത്രി കഴിഞ്ഞും പുലര്‍ച്ചെയും ആയതും പ്രേക്ഷകരുടെ എണ്ണവും പരസ്യവരുമാനവും കുറയുമെന്ന ആശങ്കയിലാണ് അവകാശം വാങ്ങാന്‍ ഒരു കമ്പനികളും മുന്നോട്ട് വരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ