യൂറോപ്യൻ രാജ്യങ്ങൾ വ്യോമയാന പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. മാസങ്ങൾ നീണ്ട ഇറാന് നേരെയുള്ള അമേരിക്കൻ-ഇസ്രയേൽ ആക്രമണം ഉടൻ അവസാനിച്ചില്ലെങ്കിൽ വ്യോമ ഗതാഗത മേഖലയിൽ കടുത്ത ഇന്ധനക്ഷാമം നേരിടേണ്ടി വരുമെന്നാണ് സൂചന. വേനലവധിക്കാല യാത്രകൾ വർധിക്കുന്ന സാഹചര്യത്തിൽ യൂറോപ്പിന് അടുത്ത ആറ് ആഴ്ചത്തേക്കുള്ള വിമാന ഇന്ധനം മാത്രമേ ഉള്ളുവെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസി മേധാവി ഫാത്തിഹ് ബിറോൾ കഴിഞ്ഞ ദിവസം അറിയിച്ചത്. ഒരു വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ലോകം ഇതുവരെ നേരിടാത്ത സംഘർഷത്തിലേക്ക് എത്തിക്കുമെന്നും ഫാത്തിഹ് ബിറോൾ മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള യുദ്ധത്തിന്റെ ഫലമായി വിമാന ഇന്ധനക്ഷാമം ഉണ്ടാകുമെന്നും വ്യോമയാന ഗതാഗതത്തെ ബാധിക്കുമെന്നും യൂറോപ്യൻ വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം യൂറോപ്പ് മറ്റേതൊരു ഗതാഗത ഇന്ധനത്തേക്കാളും ഇറക്കുമതി ചെയ്യുന്ന വിമാന ഇന്ധനത്തെയാണ് (ഏകദേശം 75 ശതമാനം) ആശ്രയിക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴി കൊണ്ടുപോകുന്ന വിമാന ഇന്ധനത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവ് യൂറോപ്പാണ്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ധനകാര്യ സേവന സ്ഥാപനമായ മക്വാരി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കയറ്റുമതി യൂറോപ്പിന്റെ വിമാന ഇന്ധന ഇറക്കുമതിയുടെ ഏകദേശം 41ശതമാനം വരും. വിമാന ഇന്ധന വിതരണ പ്രതിസന്ധി പരിഹരിക്കുന്നതിനും റിഫൈനറി ഉൽപാദനം പരമാവധിയാക്കുന്നതിനുമുള്ള പദ്ധതികൾ യൂറോപ്യൻ യൂണിയൻ തയ്യാറാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ റോയിട്ടേഴ്സിസിനെ അറിയിച്ചു.
യൂറോപ്പിലെ വിമാനക്കമ്പനികൾക്ക് ഈ സമയം ഏറ്റവും ലാഭകരമായ സീസണാണ്. വരുന്ന ആഴ്ചകളിൽ വിമാന ഇന്ധനത്തിനുള്ള ആവശ്യം ഉയരും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന ഇന്ധനത്തിന്റെ ഇറക്കുമതി തടസപ്പെടുന്നത് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്താലും പ്രതിസന്ധി പൂർണമായി പരിഹരിക്കാൻ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. യൂറോപ്പിലെ മിക്ക വിമാനത്താവളങ്ങളിലും വലിയ അളവിൽ ഇന്ധനം സംഭരിച്ചുവയ്ക്കാനുള്ള സംവിധാനമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കാൻ ഇടയുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ