*◾വാങ്കഡെയെ വിറപ്പിച്ച സഞ്ജു; മുംബൈക്കെതിരെ ചെന്നൈക്ക് കൂറ്റൻ ജയം*
മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. 103 റൺസിനാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത മുംബൈയുടെ തീരുമാനത്തെ അപ്രസക്തമാക്കുന്നതായിരുന്നു ചെന്നൈ ബാറ്റർമാരുടെ പ്രകടനം. സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ചെന്നൈ നിശ്ചിത 20 ഓവറിൽ 207 റൺസ് എന്ന മികച്ച സ്കോറിലെത്തി.
സഞ്ജുവിന്റെ ഈ സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ബാറ്റിങ് നിര ചെന്നൈ ബോളർമാർക്ക് മുന്നിൽ പതറിയപ്പോൾ 19 ഓവറിൽ വെറും 104 റൺസിന് അവർ ഓൾ ഔട്ടായി.
നാല് വിക്കറ്റ് വീഴ്ത്തിയ അക്കീൽ ഹൊസൈനും മികച്ച പിന്തുണ നൽകിയ നൂർ അഹമ്മദുമാണ് മുംബൈയുടെ തകർച്ച വേഗത്തിലാക്കിയത്. തിലക് വർമ മാത്രമാണ് മുംബൈ നിരയിൽ അല്പമെങ്കിലും പൊരുതി നോക്കിയത്. രോഹിത് ശർമയും എം.എസ്. ധോണിയും പരിക്ക് കാരണം ടീമിൽ ഇടംപിടിച്ചിരുന്നില്ല.
*🟨"വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത*
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 23, 24, 27 തിയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത- ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
*ജാഗ്രത നിർദേശങ്ങൾ*
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക്
ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക."
*🟨"പൃഥ്വി ഷായെയും സഞ്ജുവിനെയും പിന്നിലാക്കി സൂര്യവംശി; ഐപിഎല്ലിൽ റെക്കോഡ്*
മുംബൈ : ഐപിഎല്ലിൽ ബാറ്റിങ് വെടിക്കെട്ടുമായി റെക്കോഡുകൾ തകർക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ബാറ്റിങിൽ തിളങ്ങാനായില്ലെങ്കിലും രണ്ട് റെക്കോഡുകൾ കൂടി സ്വന്തമാക്കാൻ താരത്തിനായി. ഐപിഎൽ ചരിത്രത്തിൽ 500 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്.
15 വയസ്സും 26 ദിവസവും പ്രായമുള്ളപ്പോഴാണ് സൂര്യവംശി ഈ നേട്ടം കൈവരിച്ചത്.19 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോൾ 500 റൺസ് തികച്ച പൃഥ്വി ഷായുടെ റെക്കോഡാണ് ഇതോടെ തകർന്നത്. മലയാളി താരം സഞ്ജു സാംസൺ (19 വർഷവും 195 ദിവസവും) ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് (227 പന്തുകൾ) 500 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും ഇനി സൂര്യവംശിക്ക് സ്വന്തം. ഗ്ലെൻ മാക്സ്വെല്ലിനെയാണ് ഇക്കാര്യത്തിൽ വൈഭവ് മറികടന്നത്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 213ന് മുകളിൽ സ്ട്രൈക്ക് റേറ്റോടെ 506 റൺസാണ് താരം നേടിയത്. കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയാണ് വൈഭവ് ഐപിഎല്ലിൽ തുടക്കം കുറിച്ചത്."
*🟨"ഇറാൻ മുൻ രാജകുമാരൻ റെസ പഹ്ലവിക്കുനേരെ ബെർലിനിൽ ആക്രമണം; ചുവന്ന ദ്രാവകം ഒഴിച്ചു*
ബെർലിൻ: ജർമ്മനി സന്ദർശിക്കുന്ന ഇറാന്റെ മുൻ രാജകുമാരൻ റെസ പഹ്ലവിക്കുനേരെ ബെർലിനിൽ വെച്ച് ആക്രമണം. വ്യാഴാഴ്ച വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പഹ്ലവിക്കുനേരെ ചുവന്ന ദ്രാവകം ഒഴിച്ചത്. ദ്രാവകം ദേഹത്ത് വീണെങ്കിലും ഉടൻ തന്നെ അനുയായികളെ അഭിവാദ്യം ചെയ്ത് വാഹനത്തിൽ കയറി സംഭവസ്ഥലത്തുനിന്ന് മാറി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ വാർത്താ സമ്മേളനത്തിൽ പഹ്ലവി ശക്തമായി വിമർശിച്ചിരുന്നു. ഇറാന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്ന് കരുതി ഇത്തരം കരാറുകൾ ഉണ്ടാക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം വാദിച്ചു.
ജനാധിപത്യത്തിനായി പോരാടുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
വാര്ത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങവെ ബെർലിനിലെ ഫെഡറൽ പ്രസ് കോൺഫറൻസ് കെട്ടിടത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. ആക്രമിയെ ജർമ്മൻ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
1979-ലെ വിപ്ലവത്തെത്തുടർന്ന് നാടുകടത്തപ്പെട്ട ഇറാനിലെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്ലവിയുടെ മകനാണ് റെസ പഹ്ലവി. ഏതാണ്ട് 50 വർഷത്തോളമായി പ്രവാസത്തിലാണ്. ഇറാനിൽ നിലവിലുള്ള ഭരണകൂടം വീണാൽ അധികാരത്തിലേക്ക് തിരിച്ചുവരാൻ ശ്രമത്തിലായിരുന്നു. ഇറാനിലെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള പിന്തുണ സംശയമാണ്"
*🟨പശ്ചിമബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിംഗ്; കണക്കുകൂട്ടലുകളുമായി മുന്നണികൾ*
കോൽക്കത്ത: പശ്ചിമബംഗാളിലെ ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പിൽ സർവകാല റെക്കോർഡ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 92.03 ശതമാനമാണ് പോളിംഗ്. വടക്കൻ ബംഗാൾ ഉൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് പോളിംഗ് ബൂത്തിലെത്തിയത്.
ഏപ്രിൽ 29ന് ആണ് പശ്ചിമബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 142 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുക. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിംഗ്. പോളിംഗ് സമയം കഴിഞ്ഞെങ്കിലും ആറ് മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു.
അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും. അതേസമയം ഇത്തവണത്തെ അമ്പരപ്പിക്കുന്ന പോളിംഗ് ശതമാനത്തിൽ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു.
അതേസമയം തമിഴ്നാട്ടിലും റെക്കോർഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ നൽകുന്ന വിവരം അനുസരിച്ച് 85.03 ആണ് പോളിംഗ് ശതമാനം. 85.76 സ്ത്രീകളാണ് തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയത്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് 80 ശതമാനം പോളിംഗ് കടക്കുന്നത്. 2021ൽ ഉണ്ടായിരുന്നതിനേക്കാൾ11 ശതമാനത്തോളം വർധനയാണ് പോളിംഗിൽ.
*🟨ചൈനീസ് കടന്നുകയറ്റം: "ഉചിതമായത് ചെയ്യാൻസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു"; വെളിപ്പെടുത്തലുമായി മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ*
ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റ സമയത്ത് സൈന്യത്തെ സർക്കാർ കൈവിട്ടു എന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. അതിർത്തിയിൽ അതിലോലമായ സാഹചര്യം നിലനിന്നിരുന്നപ്പോൾ ചൈനീസ് സൈനികർക്ക് നേരെ വെടിയുതിർക്കാൻ തനിക്ക് പൂർണ അധികാരവും സർക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ സർക്കാരിനെ വിമർശിച്ചിരുന്നു. പാങ്ങോങ് തടാകത്തിന് തെക്ക് റെച്ചിൻ ലാ ചുരത്തിൽ ചൈനീസ് ടാങ്കുകൾ ഇന്ത്യൻ പോസ്റ്റുകൾക്ക് സമീപം എത്തിയപ്പോൾ എന്ത് നിലപാട് സ്വീകരിക്കണം എന്ന സൈന്യത്തിന്റെ ചോദ്യത്തിന്, "ഉചിതമെന്ന് തോന്നുന്നത് ചെയ്യൂ"
(ജോ ഉചിത് സംഝോ വോ കരോ) എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി എന്നായിരുന്നു രാഹുലിന്റെ വാദം. ഇത് സൈന്യത്തെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി കൈവിടുന്നതിന് തുല്യമാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകളെ താൻ വ്യാഖ്യാനിക്കുന്നത് മറ്റൊരു രീതിയിലാണെന്ന് നരവനെ പറഞ്ഞു.
ഗ്രൗണ്ട് റിയാലിറ്റി അറിയാവുന്ന സൈനിക നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാൻ സർക്കാർ നൽകിയ പൂർണ സ്വാതന്ത്ര്യമായാണ് അതിനെ കാണേണ്ടത്. ഇത് സൈന്യത്തിന് മേൽ സർക്കാരിനുള്ള ആത്മവിശ്വാസമാണ് കാട്ടുന്നതെന്നും നരവനെ പറഞ്ഞു. വെടിയുതിർക്കാൻ പ്രത്യേക ഉത്തരവിന്റെ ആവശ്യം സൈന്യത്തിനില്ല. തങ്ങളുടെയും താവളങ്ങളുടെയും സുരക്ഷ അപകടത്തിലാണെന്ന് കണ്ടാൽ വെടിയുതിർക്കാൻ സൈനികർക്ക് എപ്പോഴും അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
*🟨ഖാർഗെയുടെ പരാമർശം കോൺഗ്രസിന്റെ തകർച്ചയുടെ സൂചന; കടുത്ത വിമർശനവുമായി നിതിൻ നബിൻ*
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സമീപകാല പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും തമിഴ്നാടിന്റെ പാർട്ടി ചുമതലയുള്ള നേതാവുമായ നിതിൻ നബിൻ. ഖാർഗെയുടെ വാക്കുകൾ കോൺഗ്രസിന്റെ ഇടുങ്ങിയ ചിന്താഗതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേരിടാൻ പോകുന്ന പരാജയ ഭീതിയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കളുടെ സംസാരമെന്നും ഗുജറാത്തികളേയും മറ്റും ലക്ഷ്യം വെച്ചുള്ള പരാമർശങ്ങൾ രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും നിതിൻ നബിൻ പറഞ്ഞു. ബിജെപിയുടെയും എൻഡിഎ സഖ്യത്തിന്റെയും ജനപ്രീതിയിൽ കോൺഗ്രസ് വിറളി പൂണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി കൈവരിക്കുന്ന മുന്നേറ്റം അവരെ സമ്മർദത്തിലാക്കുന്നു.
ഒരു മുതിർന്ന നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത തരംതാഴ്ന്ന വിമർശനങ്ങളാണ് ഖാർഗെയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് രാജ്യത്തിന്റെ വികസനത്തിന് തടസമാണെന്നും ജനങ്ങൾ അവർക്ക് വോട്ടിലൂടെ മറുപടി നൽകുമെന്നും നിതിൻ നബിൻ കൂട്ടിച്ചേർത്തു.
*🟨വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്; ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റിവച്ചു*
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു. ഡൽഹി ഹൈക്കോടതി സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഹർജികൾ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.
അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും നീട്ടിയത്. ജൂലൈ 7 ന് കേസ് പരിഗണിക്കുമ്പോൾ അന്തിമവാദം തുടങ്ങാനാണ് സാധ്യത. ജനുവരി 12ന് കേസ് ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് കൊണ്ട് പരിഗണിക്കാനായിരുന്നില്ല.
2025 ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്ക്കാരിനുമായി അഭിഭാഷകര് കോടതിയില് ഹാജരായില്ല. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇഡി നടത്തിയത്.
*🟨നേപ്പാളിൽ 15 ദിവസം കൂടുമ്പോൾ ശമ്പളം; പുതിയ ശമ്പള വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ*
കാഠ്മണ്ഡു: നേപ്പാളിൽ സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പള വ്യവസ്ഥ. പ്രതിമാസ ശമ്പളത്തിന് പകരമായി 15 ദിവസം കൂടുമ്പോൾ ശമ്പളം നൽകാനാണ് സർക്കാർ തീരുമാനം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ധനമന്ത്രി സ്വരാണിം വാഗ്ലെ പുറപ്പെടുവിച്ചു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാാപനങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പണം നൽകുന്നതിലൂടെ ഉപഭോഗം വർധിപ്പിക്കുകയും അതിലൂടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയുമാണ് നേപ്പാൾ ലക്ഷ്യം വയ്ക്കുന്നത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഇതോടെ നേപ്പാൾ മാറി.ശമ്പള വ്യവസ്ഥയിലെ പുതിയ പരിഷ്കാരം വിജയിക്കുകയാണെങ്കിൽ ഭാവിയിൽ സ്വകാര്യ മേഖലയിലേക്കും ഈ രീതി വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
*🟨ഹോർമുസിൽ തടസം നിൽക്കുന്നതെല്ലാം വെടിവച്ച് വീഴ്ത്തുക; നിർദേശവുമായി ഡോണൾഡ് ട്രംപ് *
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ ഉപരോധനത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായേക്കുമെന്ന് ആശങ്ക. ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ തകർക്കുന്നതിന് ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസിൽ കഴിഞ്ഞ ദിവസം ഇറാൻ മൂന്നു കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഹോർമുസിൽ തടസം നിൽക്കുന്ന ഏത് ബോട്ടും വെടിവച്ച് വീഴ്ത്താൻ നാവികസേനയോട് ഉത്തരവിട്ടതായാണ് ട്രംപ് അറിയിച്ചത്. ഹോർമുസിലെ ഇറാന്റെ നാവികസേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപിന്റെ നിർദേശം.
കടലിടുക്ക് വൃത്തിയാക്കുന്ന മൈൻ സ്വീപ്പറുകളുടെ വേഗം മൂന്നിരട്ടിയായി വർധിപ്പിക്കാനും ട്രംപ് ഉത്തരവിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹോർമുസിൽ തങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
*🟨കത്തിക്കരിഞ്ഞ ടെസ്ല കാറിൽ നാസ എൻജിനീയറുടെ മൃതദേഹം; അമേരിക്കൻ ശാസ്ത്രജ്ഞരുടെ മരണങ്ങളിൽ എഫ്ബിഐ അന്വേഷണം*
വാഷിംഗ്ടൺ: അമേരിക്കയിലെ തന്ത്രപ്രധാനമായ ആണവ-ബഹിരാകാശ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ദുരൂഹ മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാൻ എഫ്ബിഐ മൾട്ടി-ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു. നാസയിലെ പ്രമുഖ ഇലക്ട്രിക്കൽ എൻജിനീയറായ ജോഷ്വ ലെബ്ലാങ്കിനെ (29) കത്തിക്കരിഞ്ഞ ടെസ്ല കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള ആണവോർജ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ജോഷ്വ. കഴിഞ്ഞ വർഷം ജൂലൈയിൽ കാണാതായ ഇദ്ദേഹത്തെ പിന്നീട് അലബാമയിലെ വിജനമായ പ്രദേശത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിലെ സെൻട്രി മോഡ് ക്യാമറകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, മരണദിവസം രാവിലെ ഹണ്ട്സ്വിൽ വിമാനത്താവളത്തിൽ ഇദ്ദേഹത്തിന്റെ കാർ മണിക്കൂറുകളോളം നിർത്തിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2022-നും 2026-നും ഇടയിൽ സമാനമായ സാഹചര്യത്തിൽ നടന്ന 11 ശാസ്ത്രജ്ഞരുടെ മരണങ്ങളും തിരോധാനങ്ങളുമാണ് എഫ്ബിഐ പരിശോധിക്കുന്നത്. കൊല്ലപ്പെട്ടവരിലധികവും ആണവ ഗവേഷണം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഇത് രാജ്യത്തിനെതിരായ ആസൂത്രിത നീക്കമാണോ എന്ന് എഫ്ബിഐ സംശയിക്കുന്നു.
എഫ്ബിഐക്കൊപ്പം ഊർജ വകുപ്പും പ്രതിരോധ വകുപ്പും പ്രാദേശിക പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. എംഐടിയിലെ ആണവ ശാസ്ത്ര പ്രൊഫസർ നുനോ ലൂറിറോ, എയ്റോസ്പേസ് ഗവേഷക ആമി എസ്ക്രിഡ്ജ് എന്നിവരുടെ മരണങ്ങളും ഈ അന്വേഷണ പരിധിയിൽ വരും. ശാസ്ത്രജ്ഞരുടെ സുരക്ഷയിൽ വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
*🟨ഇന്ത്യയ്ക്ക് ആശ്വാസമായി ഫ്രാൻസ്; ഇനി ട്രാൻസിറ്റ് വീസ വേണ്ട*
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആശ്വാസകരമായ തീരുമാനവുമായി ഫ്രാൻസ്. ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വീസ ഒഴിവാക്കുന്നതാണ് ഫ്രാൻസിന്റെ സുപ്രധാന തീരുമാനം. ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് ആവശ്യമില്ല.
നേരത്തെ ഇന്ത്യ സന്ദർശന വേളയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ ഫ്രാൻസ് നടപ്പാക്കിയിരിക്കുന്നത്. ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യക്കാർക്ക് വീസ രഹിത യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക.
ഫ്രാൻസിന്റെ സുപ്രധാന തീരുമാനത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണമാകുന്നതാണ് തീരുമാനമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.
*🟨അമേരിക്കൻ സ്വപ്നം മങ്ങുന്നുവോ? 40 ശതമാനം ഇന്ത്യൻ വംശജരും രാജ്യം വിടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്*
വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള പ്രവാസികളുടെ സ്വപ്നഭൂമിയായ അമേരിക്കയോടുള്ള താത്പര്യം ഇന്ത്യൻ വംശജർക്കിടയിൽ കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട്. അമേരിക്കയിലുള്ള ഇന്ത്യൻ വംശജരിൽ 40 ശതമാനം പേരും രാജ്യം വിടുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതായാണ് സർവേ വ്യക്തമാക്കുന്നത്.
രാജ്യം വിടാൻ ആഗ്രഹിക്കുന്നവരിൽ 58 ശതമാനം പേരും ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ്. രാജ്യത്ത് വർധിച്ചുവരുന്ന രാഷ്ട്രീയ ധ്രുവീകരണവും അസ്ഥിരതയും പ്രവാസികളെ ആശങ്കയിലാക്കുന്നു. വിദ്വേഷ പ്രസംഗങ്ങളും കുടിയേറ്റ വിരുദ്ധ നിലപാടുകളും ഇന്ത്യൻ സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വർധിച്ചുവരുന്ന ജീവിതച്ചെലവും തൊഴിൽ മേഖലയിലെ അനിശ്ചിതത്വങ്ങളും മറ്റുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ കുടിയേറ്റക്കാർക്കെതിരെയുള്ള പ്രസ്താവനകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.
*🟨നരകക്കുഴി' വിവാദത്തിന് പിന്നാലെ ഇന്ത്യയെ പുകഴ്ത്തി ട്രംപ്; "ഇന്ത്യ മഹത്തായ രാജ്യം, തലപ്പത്ത് എന്റെ ഉറ്റ സുഹൃത്ത്"*
വാഷിംഗ്ടൺ: ഇന്ത്യയെ 'നരകക്കുഴി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പരാമർശങ്ങൾ പങ്കുവെച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ആ രാജ്യത്തിന്റെ തലപ്പത്ത് തന്റെ ഉറ്റ സുഹൃത്താണുള്ളതെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ കമന്റേറ്ററുടെ വിവാദ പരാമർശം ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെയും ഇന്ത്യൻ നേതൃത്വത്തെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള തന്റെ വ്യക്തിപരമായ അടുപ്പത്തെ സൂചിപ്പിച്ചുകൊണ്ടാണ് "എന്റെ നല്ലൊരു സുഹൃത്താണ് അവിടെ തലപ്പത്തുള്ളത്" എന്ന് ട്രംപ് വിശേഷിപ്പിച്ചത്. ഈ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ 'തന്ത്രപരമായ മൗനം' പാലിച്ചിരുന്നു.
റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ